തീമുട്ട: കവിത, വിഷ്ണു പകൽക്കുറി

 തീമുട്ട: കവിത, വിഷ്ണു പകൽക്കുറി

 

 

തീ 

തുപ്പുന്നൊരുപക്ഷി

മരത്തണലിൽ

മുട്ടയിട്ട്

ഇരക്കായ്

ചികയവെ

കരതേടുംകാറ്റിൽ

മരഭൂതങ്ങൾ

 

പഴുത്തിലകൾതെറിപ്പിച്ചതും

മുഖത്തടിച്ചിലകൾ

വീഴവെ തീപ്പക്ഷി

ചിലച്ചൊരാലയത്തിൽ

പറന്നിറങ്ങി പിന്നെയും

മുട്ടയിട്ടു

പകൽസൂര്യനെത്തേടി

അസ്തമയത്തിന്

നേരമായെന്നുചിലച്ചു

 

കനം തൂങ്ങിയരാത്രി

തീപ്പക്ഷിയുടെമുട്ടപൊട്ടി

തീപ്പൊരി പടർന്നതും

ചിതറിത്തെറിച്ചൊരുകൂട്ടം

ഉറുമ്പുകൾ

 

കാലത്തിന്റെ നെറുകയിൽ

കറുത്തകയ്യൊപ്പ്

ചാർത്തുവാൻ

നേരമായെന്നോതിയതും

 

തണൽപക്ഷികൾ

വിരുന്നെത്തി

വട്ടം പറന്നാക്കാറ്റിൽ

കൂടുതേടുമ്പോൾ

 

ആകാശം നിറയെ 

വർണ്ണരാജികൾ

വിടർത്തിയൊരു ചെമ്പരത്തി 

തഴച്ചുവളർന്നാചെമ്പരത്തിക്കാട്ടിൽ

പിന്നെയും 

പൊട്ടാത്തൊരുതീമുട്ട

അപ്പോഴും

അനാഥമായിക്കിടന്നിരുന്നു.