നെഞ്ചിലെ തീയിൽ ചാലിച്ചു മുഖപ്രസാദമണിഞ്ഞൊരു യുവകവി: അഭിമുഖം, പ്രസാദ് കുറ്റിക്കോട്

നെഞ്ചിലെ തീയിൽ ചാലിച്ചു മുഖപ്രസാദമണിഞ്ഞൊരു യുവകവി: അഭിമുഖം,  പ്രസാദ് കുറ്റിക്കോട്

.

അഭിമുഖം തയ്യാറാക്കിയത് : ഡോ. അജയ് നാരായണൻ, LESOTHO

 

 

പ്രസാദ് കുറ്റിക്കോട് പാലക്കാടിന്റെ കവിയാണ്. ഉൾഗ്രാമത്തിന്റെ നിഷ്കളങ്കതയും ബന്ധങ്ങളുടെ തീവ്രതയും ഒരേപോലെ എഴുത്തിൽ പ്രതിഫലിപ്പിക്കുന്ന കവി.
അസ്വസ്ഥമായ മനസ്സുള്ള ഒരന്വേഷകനാണ് പ്രസാദ് എന്ന് ഞാൻ വായിച്ചറിയുന്നു. നോക്കിലും വാക്കിലും തീയാണ്. ആ തീ അനുവാചകരിലേക്കും പടർത്താൻ പ്രസാദിന്റെ എഴുത്തിന് കഴിയുന്നു.
നമുക്ക് പ്രസാദിനെ അറിയാം.

പ്രസാദ് കുറ്റിക്കോട്
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തിന്നടുത്ത്
കുറ്റിക്കോടാണ് കവിയുടെ സ്വദേശം
മുഖപുസ്തകത്തിലും കവിയരങ്ങുകളിലും സജീവമായിരുന്നു. ഓൺലൈൻ മാസികകളിലും പത്രങ്ങളിലും ആനുകാലികങ്ങളിലും കവിതകൾ പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്. ചില സാഹിത്യ കൂട്ടായ്മകളുടെ പുസ്തകങ്ങളിലും രചനകൾ വന്നിട്ടുണ്ട്.

ഓൺലൈൻ ഗ്രൂപ്പുകളിൽ നിന്ന് സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. 2021 ൽ “ഷഹബാസ് ഖാൻ വേൾഡ് ഓഫ് മാജിക്” ന്റെ യുവപ്രതിഭാ പുരസ്കാരം ലഭിച്ചു.
ആദ്യ പുസ്തകം “ഗൗരി” കഴിഞ്ഞ ആഗസ്റ്റിൽ പ്രകാശനം ചെയ്തു.

 

അജയ് നാരായണൻ –

ചെറുപ്രായത്തിൽ തന്നെ എഴുത്തുജീവിതത്തിലേക്കു കടന്നുവന്നു. ഒരു കവിതാസമാഹാരവും (ഗൗരി) പ്രസിദ്ധീകരിച്ചു. പുരസ്‌കാരങ്ങളും തേടി വന്നു. ഈ നേട്ടങ്ങളിൽ നിന്നുമാവട്ടെ എന്റെ ആദ്യത്തെ ചോദ്യം.
മുന്നോട്ടുള്ള എഴുത്തുവഴിയിൽ അംഗീകാരങ്ങളെ എങ്ങനെ കാണുന്നു?

പ്രസാദ് - കവിത എഴുതിയതിന് ആദ്യമായി ഒരു സമ്മാനം കിട്ടിയത്, ഒരു കൊച്ചു ഗ്രൂപ്പായ അക്ഷരക്കൂട്ടിൽ നിന്നാണ്. അംഗീകാരങ്ങൾക്ക് വേണ്ടി ഒന്നും എഴുതിയിട്ടില്ല. അവ എന്നെ ഭ്രമിപ്പിക്കുന്നുമില്ല. എങ്കിലും, ഒരു തുടക്കക്കാരനായിട്ടും അംഗീകാരങ്ങൾ തരാൻ മനസ്സ് കാണിച്ചവരെ എന്നും സ്നേഹത്തോടെ സ്മരിക്കുന്നു. എനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരമായി കരുതുന്നത് ഞാൻ പഠിച്ച കെ.എം.എസ്.വി.എൽ. പി സ്ക്കൂളിൽ നിന്ന് കിട്ടിയ അംഗീകാരം തന്നെയാണ്. ഞാൻ ആദ്യാക്ഷരം കുറിച്ച മുറ്റത്ത് കവിത വായിക്കാൻ കഴിഞ്ഞു. ജീവിതത്തിലെ ഏറ്റവും അഭിമാനം തോന്നിയ നിമിഷമായിരുന്നു അത്...


അജയ് നാരായണൻ

ഒരെഴുത്തുകാരൻ എന്ന നിലയിൽ ‘ഗൗരി’യിൽ നിന്നും പ്രസാദ് പഠിച്ചതെന്ത്? ഒരു പുസ്തകം ഇറങ്ങിയപ്പോൾ വായനക്കാരനോടുള്ള ഉത്തരവാദിത്തം കൂടിയോ, എന്തുകൊണ്ട്?

പ്രസാദ് - ഈ ചോദ്യത്തിന് സത്യസന്ധമായും അല്ലാതെയും ഉത്തരം പറയാം. സത്യസന്ധമായി പറഞ്ഞാൽ, സാമ്പത്തിക ഭദ്രതയില്ലാത്തവർ കഴിവതും പുസ്തകം ചെയ്യരുതെന്ന് മനസ്സിലായി. അതു തന്നെയാണ് “ഗൗരി” നൽകിയ ഏറ്റവും വലിയ പാഠം. എനിക്ക് തോന്നുന്നത് എഴുതിവക്കുന്നു എന്നതിനപ്പുറത്തേക്ക് വായിക്കുന്നവർ എന്ത് ചിന്തിക്കും എന്ന് ഞാൻ അന്നും ഇന്നും എന്നും ബോധവാനല്ല. എന്റെ വേദനകളും കാഴ്ച്ചപ്പാടുകളും എഴുതി വയ്ക്കുന്നു എന്നതിനപ്പുറത്തേക്ക് വായനക്കാരോടുള്ള ഉത്തരവാദിത്വത്തെക്കുറിച്ച് പറയാൻ ഞാൻ അപര്യാപ്തനാണ്.


അജയ് നാരായണൻ – വാക്കിലും നോക്കിലും തീകോരിയിടുന്ന എഴുത്തുകാരൻ. നാളത്തെ വാഗ്ദാനം. അങ്ങനെയാണ് ഞാൻ പ്രസാദിനെ കാണുന്നത്. എവിടെനിന്നും കിട്ടുന്നു ഈ തീ, പ്രസാദിന്റെ എഴുത്തിലെ തീവ്രമായ പദങ്ങൾ (പട്ടടയ്ക്ക് തീ പടരുന്നു... പുലഭ്യച്ചിന്തു പാടുന്ന... ഇടയിലിടങ്കാലുകളിടറി...) അനവധിയാണ്. എന്താണ് എഴുത്തിൽ പ്രചോദനം?


പ്രസാദ് - ഉത്തരം ലളിതം. അനുഭവങ്ങൾ കാഴ്ച്ചപ്പാടുകൾ, ചുറ്റുപാടുകളിലെ കാഴ്ച്ചകൾ, ഉയർത്തിപ്പിടിക്കാനാഗ്രഹിക്കുന്ന മാനവികത, വായിച്ച പുസ്തകങ്ങൾ അതൊക്കെ തന്നെയാണ് പ്രചോദനമാവുന്നത്. അവിടെ നിന്നൊക്കെതന്നെയാണ് ഈ പദങ്ങൾ കിട്ടുന്നതും... എഴുത്തിൽ മാതൃക ഷെല്ലിയോ ഷേക്സ്പിയറോ ഒന്നുമല്ല നമ്മുടെ എം.ടിയും ചുള്ളിക്കാടും തന്നെയാണ്. ഞാൻ വായിച്ചതിൽ ഏറേ സ്വാധീനിച്ച ആഴത്തിൽ സ്പർശിച്ച പുസ്തകങ്ങളിൽ ഒന്ന് ചിദംമ്പരസ്മരണകൾ തന്നെയാണ്.


അജയ് നാരായണൻ – പ്രസാദിന്റെ എഴുത്തുകളിൽ സ്വതവേ കാണുന്ന വികാരങ്ങൾ അസ്വസ്ഥത, അസംതൃപ്തി, രോഷം തുടങ്ങിയവയെന്ന് ഞാൻ കരുതുന്നു. ശരിയാണോ? ഒരു വായനക്കാരനെ അതെങ്ങനെയാകും സ്വാധീനിക്കുക?


പ്രസാദ് - ശരിയാണ്, എന്റെ എഴുത്തുകളിൽ കാണുന്ന വികാരങ്ങൾ ഇതൊക്കെ തന്നെയാണ്. വായനക്കാരെ എങ്ങനെ സ്വാധീനിക്കുമെന്ന് അറിയില്ല. എന്റെ സമാനഹൃദയർ സ്വീകരിക്കുമായിരിക്കാം അല്ലാത്തവർ എന്റേത് കവിതയല്ലെന്ന് വാദിച്ചെന്നും വരാം. എങ്കിലും ഒന്നുറപ്പുണ്ട് വേദനിക്കുന്ന ചില ഹൃദയങ്ങൾക്കെങ്കിലും എന്റെ എഴുത്തുകൾ അവരുടേത് കൂടിയാണെന്ന് തോന്നും...


അജയ് നാരായണൻ – മറ്റു യുവഎഴുത്തുകാർ നടക്കാത്ത പാതയിലൂടെ പ്രസാദ് നടക്കുമ്പോൾ എനിക്കോർമ്മ വരുന്ന ചില മാതൃകകൾ പി. കുഞ്ഞിരാമൻ നായർ, എം. അയ്യപ്പൻ തുടങ്ങിയ എഴുത്തുകാരാണ്. എങ്ങനെ പ്രതികരിക്കുന്നു?


പ്രസാദ് - പി.യും അയ്യപ്പനും ഏറെ ഇഷ്ടമുള്ള കവികളാണ്. അയ്യപ്പൻ അനുഭവങ്ങളുടേയും പി. സ്നേഹത്തിന്റേയും വരികൾ ചുരത്തുമ്പോൾ ആർക്കാണ് വായിക്കാതിരിക്കാനാവുക? പക്ഷേ ഇവരെ മാതൃകയായി കണ്ടിട്ടേയില്ല. ചുള്ളിക്കാടിനോടാണ് അത്തരമൊരു സ്നേഹം തോന്നിയിട്ടുള്ളത്. അതിന്റെ കാരണങ്ങൾ എന്റെ കവിതയിലെ രോഷവും അസ്വസ്ഥതയും ഒക്കെയാവാം...


അജയ് നാരായണൻ – പ്രസാദിന്റെ കവിതകളിൽ കാണുന്ന വികാരപ്രകടനങ്ങളിൽ രോഷം, അസ്വസ്ഥത തുടങ്ങിയവയ്ക്ക് തീവ്രത കൂടുമെങ്കിലും ചില കവിതകളിൽ കാണുന്നത് ഗൃഹതുരത്വമുണർത്തുന്ന ബിംബങ്ങളാൽ ഒരു സ്നേഹ കൂടാരം തീർക്കുന്ന എഴുത്തുകാരനെയാണ്. പെങ്ങൾ എന്ന കവിത അതാണ് പറയുന്നത്. പെങ്ങൾ സംഭവിച്ചത് എങ്ങനെയാണ്?


പ്രസാദ് - ഗൃഹാതുരത്വമുണർത്തുന്നതിന് ഒരു കാരണമേയുള്ളു, എന്റെ ജീവിതരീതി. ഗ്രാമം, കുടുംബ ബന്ധങ്ങൾ തുടങ്ങിയവയെല്ലാം എന്റെ പല കവിതകളിലും വന്നിട്ടുണ്ട്. പെങ്ങൾ എന്റെ ആത്മാവിഷ്ക്കാരം ആണ്. പോസിറ്റിവായി കിടന്ന മൂന്നാഴ്ച്ചകൾ, പിന്നെ പല ദുഃഖഭരിതമായ നിമിഷങ്ങൾ ഇന്നേവരെ നേരിൽകാണാത്ത പെങ്ങളുടെ സ്നേഹം സാമീപ്യം എല്ലാം ലഭിച്ചത് അപ്പോഴൊക്കെയാണ്. അവരെക്കുറിച്ചാണ് പെങ്ങളിൽ പറയുന്നതത്രയും. കൂടെപ്പിറക്കാത്ത കൂടപ്പിറപ്പിനെക്കുറിച്ചുള്ള ആത്മാവിഷ്ക്കാരം എഴുതപ്പെട്ടപ്പോൾ സംഭവിച്ചതാണ് പെങ്ങൾ...


അജയ് നാരായണൻ – പെങ്ങൾക്ക് ശേഷമുള്ള കവിതകളിൽ വീണ്ടും രോഷം ഒപ്പം മടുപ്പ്, നിസംഗത എല്ലാം എഴുത്തിൽ കണ്ടുവരുന്നു. എഴുത്തിൽ വിഷയങ്ങളിലേക്കെത്തുന്നത് എങ്ങനെയെന്നു വിശദീകരിക്കാമോ?


പ്രസാദ് - എഴുത്തിൽ വിഷയങ്ങളിലേക്ക് എത്തുന്നത് യാദൃശ്ചികമാണ്. പെട്ടെന്നുണ്ടാവുന്ന അനുഭവങ്ങളിൽ നിന്നോ പറഞ്ഞും വായിച്ചുമറിഞ്ഞ അനുഭവങ്ങളിൽ നിന്നോ വിഷയങ്ങൾ ഉരുത്തിരിയുന്നു. ദാർശനികം പറഞ്ഞു കേട്ടവയുടെ അടിസ്ഥാനത്തിൽ എന്റെ കാഴ്ച്ചപാടുകളിലൂടെ സഞ്ചരിക്കുന്നതാവുമ്പോൾ ജയിൽവാസം അനുഭവങ്ങളിൽ നിന്നും, പെങ്ങൾ സങ്കൽപ്പങ്ങളിൽ നിന്നും പിറവിയെടുത്തതാണ്.


അജയ് നാരായണൻ – പ്രസാദിന്റെ എഴുത്തുകളിൽ ഒരു സാങ്കല്പിക ലോകം ഉണ്ട്, അതിൽ മാനുഷരെല്ലാരും ഒന്നുപോലെയാവണം എന്നൊരു ആശയം ചിലപ്പോൾ കാണാറുണ്ട്. ഉദാഹരണം, ദാർശനികം. എന്താണ് പ്രസാദിന്റെ എഴുത്തുകളിലൂടെ മുന്നോട്ടുവയ്ക്കുന്ന സമൂഹത്തിന്റെ ഘടന?

പ്രസാദ് - മാനവികത നഷ്ടപ്പെടുകയും മതം സർവ്വാധിപത്യം സ്ഥാപിക്കുകയും ചെയ്യുന്ന കാലത്താണ് നാം ജീവിക്കുന്നത്. സ്നേഹം പ്രഹസനമാവുന്നു. ഒരു ദുഷിച്ച കാലത്തിൽ എഴുത്തിൽ അസ്വസ്ഥത രോഷം തുടങ്ങിയവയും സ്നേഹവും ദയയും എഴുത്തിൽ കടന്നുവരുന്നു. ദാർശനികം അത്തരത്തിൽ സംഭവിച്ചതാണ്. മാതാപിതാക്കൾ ജീവിച്ചിരുന്നപ്പോൾ സ്നേഹം കൊടുക്കാത്ത മക്കൾ മരിച്ചവർക്ക് ബലിയിടുന്നതിനേക്കാൾ വലിയ പ്രഹസനമുണ്ടോ?
“മാതാപിതാക്കൾക്കു മക്കളുടെ കർമ്മം
ശ്രാദ്ധമല്ലോർമ്മദിനങ്ങളല്ല
ജീവിച്ചിരിക്കേ കരൾനൊന്തു കാണാൻ കൊതിക്കേ
നൽകുന്ന നിമിഷമാത്രകളെന്നോർക്കുക”

നന്മ, സ്നേഹം, രോഷം, ആകുലതകൾ (അന്യന്റെ ദുഃഖത്തിൽ) ദയ, സത്യസന്ധത, ദാർശനിക ബോധം തുടങ്ങിയവയുള്ള ഒരു സമൂഹത്തിന്റെ ഘടനയാണ് ഞാൻ ആഗ്രഹിക്കുന്നത്.


അജയ് നാരായണൻ – എഴുത്തിൽ എന്താണ് ഭാവി സ്വപ്‌നങ്ങൾ, പ്രതീക്ഷകൾ?

പ്രസാദ് - എഴുത്ത് യാദൃശ്ചികമായി വരുന്നതാണ്. അതുകൊണ്ടുതന്നെ സ്വപ്നങ്ങളും പ്രതീക്ഷകളും ഇല്ല. അടുത്ത പുസ്തകത്തിന്റെ പണിപ്പുരയിലാണ്. മഹാഭാരതം അടിസ്ഥാനമാക്കി ഒരു നോവൽ. പേര് ഇവിടെ പറയാമെന്ന് കരുതുന്നു, “പ്രതിനായകൻ “.

അജയ് നാരായണൻ – എന്റെ ചോദ്യങ്ങളെ ക്ഷമയോടെ സമീപിച്ച പ്രസാദിന് എല്ലാവിധ ആശംസകളും നേരുന്നു. എഴുത്തിൽ ഇനിയും മുന്പോട്ടാവട്ടെ യാത്ര.

ഇനി പ്രസാദിന്റെ “പെങ്ങൾ” എന്ന കവിത വായനക്കാർക്കായി ഇവിടെ പങ്കുവയ്ക്കുന്നു.


പെങ്ങൾ
……………..
പെങ്ങളെന്നാലൊരു ഭാഷയാണ്
പെങ്ങളെന്നാലൊരു ഭാഷ്യമാണ്

പെങ്ങളേ, ഏത് ജന്മശൈലത്തിന്റെ ഗർഭ-
ത്തിലാണ് നീയെന്റെ കൂടെപ്പിറക്കുന്നതും
കണ്ണുപൊത്തിക്കളിക്കുന്നതും
ഓടിവീഴുന്നൊരെൻ കാൽമുട്ടിൽ
അപ്പനീരിറ്റിച്ച് വൈദ്യയാകുന്നതും
അറിയാതുതിരുമസഭ്യവാക്ക്
പാതിയിൽതടഞ്ഞ് വിദ്യയാകുന്നതും
അമ്മയില്ലാതാകുന്ന ദുഃഖപർവ്വ-
ത്തിലെൻ അമ്മയാകുന്നതും
പൊട്ടിപ്പിളരുന്ന നെറ്റിയിൽ
സാന്ത്വനച്ചീന്തുകൾ നനച്ചിടുന്നതും
കരളിലുയരുമഗ്നിയിൽ തിളച്ച കഞ്ഞി
കരുതലിന്നുപ്പുചുട്ട പപ്പടം
എൻ ചുണ്ടിൽ പകരുന്നതും
വിരൽത്തുമ്പിനാൽ മൂർദ്ധാവിൽ
തഴുകിത്തലോടുന്ന സ്നേഹമാകുന്നതും
അറിയുന്നു ഞാൻ നിന്നിൽ കൊരുത്തൊ-
രെൻ ജീവനും ജീവിതപ്പച്ചയും.

കാവിലമ്മയുടെ കോലമായെത്തുമ്പോഴാ
പള്ളിവാളിൽ ചില്ലറത്തുട്ടുകൾ വയ്പ്പിക്കുന്നതും
പൂരനാളിലെത്തുന്ന പൂതത്തെ കണ്ടു ഞാൻ ഭയന്ന് വിറക്കുന്നതും
നിൻ ചിറകിന്നടിയിലഭയം തേടുന്നതും
ഗാഢശോകരാമായണം നിൻ മടിത്ത-
ട്ടിൽ കിടന്ന് കേൾക്കുന്നതും
പൂരപ്പറമ്പുകൾ തിരക്കുള്ള വീഥികൾ
അരുത് നോട്ടങ്ങളേറുമ്പൊഴെൻ
കൈവെള്ളയിൽ നിൻ ഭയം മുറുകുന്നതും
ബാല്യം കടന്ന് കൗമാരം കടന്ന് യൗവ്വന
തീരത്തണഞ്ഞെന്റെ ഇടനെഞ്ചിൽ
അനാഥത്വം വിക്ഷേപിച്ച്
ഓരോ നിമിഷങ്ങളോരോ യുഗങ്ങളായ്
പിറകിലെറിഞ്ഞ് പടിയിറങ്ങുന്നതും
ആണ്ടുതോറും വന്നുപോം ഘോഷങ്ങൾ പോലെ
ജന്മഗൃഹത്തിലെത്തി നോക്കുന്നതും
ഒട്ടു നേരമെന്നേ സനാഥനാക്കുന്നതും
നിറയുന്നനശ്വരസത്യങ്ങളായ്.

ഹൃദയത്തിലാലയം കൊടുത്തവൾ
അടിവേരു തോണ്ടിപ്പിരിഞ്ഞ് പോകേ
കണ്ഠനാളങ്ങളിൽ വിഷംപുരളുന്നതും
ധമനികൾ പച്ചയിൽ കത്തുന്നതും
വ്രണിതമൗനങ്ങളിൽ നിൻ മൊഴികളുതിരുന്നതും
ചുടലയിൽ നിന്നു ഞാൻ തിരിച്ചുപോരുന്നതും
ഇലകൾ കൊഴിയുന്ന പോൽ
ശിഖരങ്ങ, ളുണങ്ങുന്ന പോൽ
പിന്നെയും തളിർക്കും മരങ്ങൾപോൽ
വാസന്തമെത്തെ പൂക്കൾ വിടരുന്നപോൽ
ഒരു ചുഴിയ്ക്കപ്പുറം ജീവിതം,
സ്വച്ഛശാന്തസമുദ്രമെന്നെൻ
കരളിലൊരു കവിതയായെഴുതുന്നതും
പുതിയ ജീവിത രസായനം തീർക്കുന്നതും
ഹാ, പെങ്ങളേ! നീയെന്റെ പുണ്യമാണീ-
പാപജന്മത്തിനൊരു ശാപമോക്ഷം.


 

ഡോ. അജയ് നാരായണൻ