സംസ്ഥാനത്തെ  സമാധാനാന്തരീക്ഷം തകർക്കരുത് 

സംസ്ഥാനത്തെ  സമാധാനാന്തരീക്ഷം തകർക്കരുത് 

 

 

പോർവിളികളും  അക്രമങ്ങളുമായി സംഘർഷഭരിതമായ അന്തരീക്ഷത്തിൽ കൂടിയാണ് 'ദൈവത്തിന്റെ സ്വന്തം നാട് ' കുറച്ചു ദിവസങ്ങളായി കടന്നുപോയിക്കൊണ്ടിരിയ്ക്കുന്നത് .രാഷ്ട്രീയ കക്ഷികൾ തന്നെ നാട്ടിലെ സമാധാനം തകർക്കുമ്പോൾ തികഞ്ഞ അരാജകത്വത്തിലേക്കാണ്   നാട് പോകുന്നത് .

സ്വർണക്കള്ളക്കടത്തു കേസിൽ പ്രതിയായ സ്വപ്നാ സുരേഷ് മുഖ്യമന്ത്രിക്കും മറ്റുമെതിരേ കോടതിയിൽ പ്രസ്താവന നൽകിയ സാഹചര്യത്തിൽ സർക്കാരിന്റെ രാജി ആവശ്യപ്പെട്ട്   പ്രതിപക്ഷവും ബി.ജെ.പി.യും സമരം നടത്തുകയാണ്.

ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ പരിപാടികൾ നടന്ന സ്ഥലങ്ങളിലൊക്കെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കറുപ്പ് വിലക്ക് അടക്കമുള്ള നിരോധനങ്ങൾ ജനങ്ങളിലാകെ നീരസമുയർത്തുകയുണ്ടായി. മുഖ്യമന്ത്രിയുടെ പരിപാടികളിൽ  പങ്കെടുത്തവരുടെയും സമീപത്ത് കൂടി പോയവരുടെയുമടക്കം   കറുത്ത മാസ്ക് അടക്കം പോലീസ് നിർബന്ധിച്ച് അഴിച്ചുനീക്കി പകരം മാസ്കും നൽകി. നേതാക്കൾ സഞ്ചരിക്കുന്ന വഴികളിൽ ആളുകൾക്ക് കറുത്ത മാസ്കും കുടയുമൊന്നും കൈയിൽ വച്ച് നടന്നുകൂടാ എന്നൊക്കെ പറയുന്നത് എന്ത് തരം  ജനാധിപത്യമാണ്, അത് ജനത്തിന്റെ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണ്.

സംഭവം  വലിയ പ്രതിഷേധത്തിനിടയാക്കിയതിന് പിന്നാലെ കറുപ്പ് വിലക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡി ജി പി അനിൽ കാന്തും  കറുപ്പ് വിലക്കിനെതിരെ രംഗത്ത് വന്നു, അപ്പോൾ പിന്നെ ജനത്തെ ബുദ്ധിമുട്ടിച്ചതെന്തിനെന്ന ചോദ്യം ബാക്കി. 
ഭരിക്കുന്നവരെ  അസ്വസ്ഥതപ്പെടുത്തുന്നതെല്ലാം വിലക്കുന്നത് ഒരിയ്ക്കലും നല്ലൊരു ഭരണാധികാരിക്കോ ജനാധിപത്യത്തിനോ  ഭൂഷണമല്ല . മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ കോട്ടയത്തും കൊച്ചിയിലും തൃശൂരിലും കോഴിക്കോട്ടുമൊക്കെ എന്തൊക്കെയാണ് നടന്നത് . 

അതിനിടെ വെല്ലുവിളികളും പോർവിളികളും  ആരോപണ പ്രത്യാരോപണങ്ങളുമായി രാഷ്ട്രീയ പാർട്ടികളുടെ സംഘർഷങ്ങൾ  തെരുവിലേക്ക് നീങ്ങുമ്പോൾ എന്ത് ചെയ്യണമെന്നറിയാതെ ജനം അമ്പരക്കുന്നു. 

മുഖ്യമന്ത്രി യാത്രചെയ്ത  വിമാനം ലാൻഡ്ചെയ്ത ഉടൻ പ്രതിഷേധമുദ്രാവാക്യവുമായി രണ്ട് സമരക്കാർ  മുഖ്യമന്ത്രിക്കടുത്തേക്ക് നീങ്ങിയ  സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്. പ്രതിപക്ഷനേതാവിന്റെ ഔദ്യോഗികവസതിയോളം വരെ പാർട്ടിക്കാർ അതിക്രമിച്ചെത്തുന്നതും കെ പി സി സി ഓഫീസ് ആക്രമിക്കുന്നതും കണ്ടു. 

സാക്ഷരതയിലും സഹിഷ്ണുതയിലുമൊക്കെ മുന്നിലെന്ന് വീമ്പ് പറയുന്ന നമ്മുടെ നാടിൻറെ പോക്ക് ഇതെങ്ങോട്ടാണ് . സംയമനത്തിന്റെ മാർഗമാണ് ഇവിടെ രാഷ്ട്രീയ കക്ഷികൾ സ്വീകരിക്കേണ്ടത് , ഒപ്പം തന്നെ അനീതിക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കാനുള്ള  അവകാശത്തെ നിഷേധിച്ചുകൂടാ . പോലീസിന്റെ ഭാഗത്തു നിന്നും നീതിപൂർണമായ ഇടപെടലുകളാണ് ഉണ്ടാവേണ്ടത് .

അണികളെ ശാന്തരാക്കാനും സംയമനത്തിലേക്ക് വഴിതിരിച്ചുവിടാനുമുള്ള ഇടപെടലുകളാണ് നേതാക്കൾ നടത്തേണ്ടത് , എരിതീയിൽ എണ്ണ  ഒഴിക്കുന്ന സമീപനം അരുത് .നാടിന് വേണ്ടത് സമാധാനമാണ് അക്രമം അല്ല എന്ന് എല്ലാവരും മനസിലാക്കണം .