ആ മിഴികൾ അടഞ്ഞു: കവിത , Adv സുബൈദ ലത്തീഫ്

Jul 10, 2024 - 20:10
 0  41
ആ മിഴികൾ അടഞ്ഞു: കവിത ,  Adv സുബൈദ ലത്തീഫ്
കോരിച്ചൊരിഞ്ഞ പെരുമഴ 
നർത്തനം നിർത്തി.
കാർമുകിൽ പാളികൾ
തുറന്ന് മെല്ലെ 
വെയിൽ വിരിച്ച സൂര്യൻ.
നിശ്ചലജലാശയം
പോൽ തിളങ്ങും 
മിഴികളിൽ നിറവെളിച്ചം,
ശാന്തത മുഖത്ത്.
നിറഞ്ഞൂ മനസ്സ്..
കരിമുകിലൊഴിഞ്ഞ 
മാനം പോൽ,.
തീവ്ര വേദനയകന്ന് 
ശാന്തിതൻ 
തീരത്തണഞ്ഞുവോ.
കിരീടമണിഞ്ഞ 
മന്നനെപ്പോലെ 
പുഞ്ചിരി തൂകിയിരുന്നാൻ.
മറ തീർത്തു ഒളിപ്പിച്ചൊരു
മരണഭയമെന്നിൽ നിന്നോടിയകന്നത് ഞാനറിഞ്ഞു.
എന്നുമെൻ 
മുന്നിലെ നന്മ മരം 
എന്നോടൊപ്പമുണ്ടാവാൻ ഞാൻ കൊതിച്ചു.. 
ആ സ്നേഹത്തണലി 
ലഭയംനേടാൻ 
ആയിരം വട്ടം 
ഞാൻ നിനച്ചൂ. 
നിറമുള്ള ജീവിത
മെനിക്കായ്തന്നു.
വാത്സല്യമൂറും 
മിഴികളിലെന്നും സ്നേഹക്കടലിൻ 
അലകൾ കണ്ടൂ..
പൊടുന്നനെ
യാകാശമിരുണ്ടു 
കറുത്തു.. വീണ്ടും 
പെരുമഴ..നോവിന്റെയും.
വേദന തിങ്ങിനിറഞ്ഞ നേരം 
പ്രാണൻ പിടഞ്ഞത്
കണ്ടുരുകി നിന്നു കെൽപ്പില്ലാതെ. 
പുഞ്ചിരിമായാ 
ചുണ്ടുകളിലപ്പോ
ളവസാനതുടിപ്പ്മാത്രം.
നീൾ മിഴികൾ രണ്ടും 
കൂമ്പിയടഞ്ഞതിൽ 
തുളുമ്പി നിന്നൂ കണ്ണീർക്കണങ്ങൾ..
വിചാരണ കഴിഞ്ഞു 
വിധി പറഞ്ഞ് 
മരണം പറന്നകന്നു,
കൂടെ പറന്നാൻ 
കൂടെപ്പിറന്നോൻ.. ഉയരങ്ങളിലേക്ക് 
ഇങ്ങിനി വരാത്ത ദൂരത്തേക്ക് . 
ആ മിഴികളടഞ്ഞു 
എന്നേക്കുമായ്..
ആ മിഴികളടഞ്ഞു
എന്നേക്കുമായ്