കൊല്ലം അച്ചൻകോവില്‍ വനത്തില്‍ വിദ്യാര്‍ഥികള്‍ കുടുങ്ങി

കൊല്ലം അച്ചൻകോവില്‍  വനത്തില്‍ വിദ്യാര്‍ഥികള്‍ കുടുങ്ങി

കൊല്ലം: അച്ചൻകോവിലില്‍പഠനയാത്രയ്ക്ക് പോയ വിദ്യാര്‍ഥികള്‍ വനത്തിനുള്ളില്‍  അകപ്പെട്ടു.  32 വിദ്യാര്‍ഥികളും നാല് അധ്യാപകരുമാണ് കുടുങ്ങിയത്.

തൂവല്‍മലയിലാണ് ഇവര്‍ കുടുങ്ങിക്കിടക്കുന്നത്. വനംവകുപ്പും പോലീസും ഇവരെ പുറത്തെത്തിക്കാൻ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും കനത്ത മഴ മൂലം രക്ഷാപ്രവര്‍ത്തനത്തിന് തടസംനേരിടുന്നുണ്ട്.

അതേസമയം, വിദ്യാര്‍ഥികള്‍ സുരക്ഷിതരാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇവരെ പുറത്തെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ എൻ ദേവീദാസ് അറിയിച്ചു.

ക്ലാപ്പന ഷണ്‍മുഖവിലാസം ഹയര്‍ സെക്കൻഡറി സ്കൂളിലെ വിദ്യാര്‍ഥികളാണിവര്‍. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്ബ് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ പഠനയാത്രയുടെ ഭാഗമായിട്ടായിരുന്നു കുട്ടികള്‍ അച്ചൻകോവിലിലേക്കെത്തിയത്. 17 ആണ്‍കുട്ടിയും 15 പെണ്‍കുട്ടികളുമാണ് സംഘത്തിലുള്ളത്. കൂടുതല്‍ പേരും പ്ലസ് ടു വിദ്യാര്‍ഥികളാണ്.

പ്രദേശത്തുള്ള രണ്ട് താത്ക്കാലിക വനപാലകരുടെ സഹായത്തോടെയാണ് ഇവര്‍ ഇന്ന് തൂവല്‍മലയിലേക്ക് ട്രക്കിങ്ങിന് പോയതെന്നാണ് വിവരം. മഴ ശക്തമായതോടെ തിരിച്ചിറങ്ങാൻ സാധിക്കാതെ കാട്ടിനുള്ളില്‍ കുടുങ്ങിപ്പോവുകയായിരുന്നു.