കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ  ചരമവാർഷികം ഒക്ടോബർ  14 ന് –  ഗുരുശ്രേഷ്ഠരെ കലാസാഗർ ആദരിക്കുന്നു

Sep 24, 2025 - 19:13
 0  241
കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ  ചരമവാർഷികം ഒക്ടോബർ  14 ന് –  ഗുരുശ്രേഷ്ഠരെ കലാസാഗർ ആദരിക്കുന്നു


അസുരവാദ്യമായ ചെണ്ടയെ അമൃതൊഴുകുന്ന ദേവവാദ്യമാക്കിയ കഥകളിച്ചെണ്ടയിലെ ഇതിഹാസപുരുഷൻ, കലാസാഗർ സ്ഥാപകൻ, കഥകളിയിലെ സർവ്വകലാശാല- കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ ഈ  ലോകത്തോട് വിട പറഞ്ഞിട്ട്  ഒക്ടോബർ 14ന് മുപ്പത്തിമൂന്ന് വർഷം തികയുന്നു.

കലാമണ്ഡലം കൃഷ്ണൻകുട്ടിപ്പൊതുവാളുടെ സ്മരണാർത്ഥം കലാമണ്ഡലം നിള ക്യാമ്പ്‌സിൽ  വെച്ചു    കേരള കലാമണ്ഡലത്തിന്റെ  സഹകരണത്തോടെ കലാസാഗർ ഗുരുസ്മരണദിനമായി  ആചരിക്കുന്നു.  കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ  സ്മരണയ്ക്കായുള്ള ഗുരു–ശിഷ്യ പരമ്പരയ്ക്ക് ആദരവായി കഥകളി നാട്യാചാര്യൻ കലാനിലയം രാഘവൻ ആശാനെയും  കഥകളി സംഗീതരത്‌നം  കോട്ടക്കൽ ഗോപാലപിഷാരോടി ആശാനെയും കലാമണ്ഡലം നിള കാമ്പസിൽ  വെച്ച് ഒക്ടോബർ 14ന് കലാസാഗർ ആദരിക്കുന്നു..  പൊതുവാൾ ഗുരു–ശിഷ്യ പരമ്പരയുടെ ഉജ്ജ്വല പ്രതീകമായിരുന്നു. ഈ ദിനം, ആ സംസ്കാരത്തെ ആഴത്തിൽ അനുസ്മരിക്കുകയും  ചെയ്യുന്ന അവസരമാണ്.

പാഠം പഠിപ്പിക്കുമ്പോഴും, വേദിയിൽ മേളം നൽകുമ്പോഴും പൊതുവാളുടെ ഓരോ നിമിഷവും കഥകളിയുടെ ആത്മാവിനൊപ്പം ജീവിച്ചിരുന്നതാണ്.  കഥകളിലോകത്തിന് അപാര  സംഭാവനകൾ നൽകിയ കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ ശബ്ദത്തിന്റെ ആഴവും നാദത്തിന്റെ താളവും കഥകളിയുടെ ആത്മാവിലേക്ക് ആഴത്തിൽ ചൊരിഞ്ഞ കഥകളിയുടെ ജീവശക്തിയാണ് കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ. കഥകളിയിൽ ഇല്ലാത്തത് പൊതുവാളിലും ഇല്ല എന്ന വിലയിരുത്തൽ അദ്ദേഹത്തിന്റെ കലാരംഗത്തെയും വ്യക്തിമുദ്രയെയും പ്രതിഫലിപ്പിക്കുന്നു.  

കലാസാഗർ ഇതുവരെ  ആദരിക്കപ്പെട്ട  കലാഗുരുക്കൻമാരിൽ ചിലർ:  ഡോ. പത്മ സുബ്രഹ്മണ്യം, ഡോ. ടി. എൻ. കൃഷ്ണൻ, എം. എസ്. വിശ്വനാഥൻ, പ്രൊഫ. സി. വി. ചന്ദ്രശേഖർ, ഉമയാൽപുറം കെ. ശിവരാമൻ, വിക്കു വിനായകാം, ധനഞ്ജയൻ ദമ്പതിമാർ, പദ്മശ്രീ പെരുവനം കുട്ടൻ മാരാർ, കലാമണ്ഡലം എം.പി.എസ്. നമ്പൂതിരി, കലാമണ്ഡലം കെ.ജി. വാസുദേവൻ നായർ, ആർ.എൽ.വി. ദാമോദര പിഷാരോടി, ചേർത്തല തങ്കപ്പ പണിക്കർ.. ഇവരുടെ കലയുടെയും ജീവിതത്തിന്റെയും ഓർമ്മകളിലൂടെ നവതലമുറയ്ക്ക് അനേകം പ്രചോദനങ്ങൾ പകർത്തപ്പെടുന്നു.  കലാസാഗർ സംഘടിപ്പിക്കുന്ന ഈ സമ്പന്നമായ സാംസ്‌കാരിക സംഗമം കലാകാരന്മാരെയും വിദ്യാർത്ഥികളെയും കലാസ്നേഹികളെയും അച്ചടക്കത്തിന്റെയും സമർപ്പണത്തിന്റെയും പാരമ്പര്യത്തിന്റെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലൂടെയാണ് ഈ ദിനത്തിന്റെ പ്രസക്തി വർധിക്കുന്നത്.