സൂര്യൻ ഉദിച്ചപ്പോൾ... സ്വർഗ്ഗം എവിടെ നിന്നുവെന്നും ഭൂമി ആരംഭിച്ചെന്നും എനിക്ക് പറയാൻ കഴിഞ്ഞില്ല." -
ഇന്ന് രാവിലെ ഞാൻ നടക്കുന്ന പാതയെ മഞ്ഞ നിറമുള്ള ഇലകൾ അലങ്കരിക്കുന്നു, പക്ഷിത്തൂവലുകളും
പച്ചപുല്ലിന്‍റെ മൃദുവായ പരവതാനിയും പാദങ്ങളെ കോരിത്തരിപ്പിച്ച പ്രഭാതം. സൂര്യൻ മരങ്ങൾക്ക് പിന്നിൽ ഉദിക്കാൻ തുടങ്ങുന്നു. മൂടൽമഞ്ഞുള്ള ഒരു പ്രഭാതമായിരുന്നു അത്.
ആ പ്രത്യേക ദിവസം, മുഴുവൻ അന്തരീക്ഷവും മൂടൽമഞ്ഞുകൊണ്ട് മൂടപ്പെട്ടിരുന്നു. രാവിലെ അത് കുറച്ച് മണിക്കൂറുകൾ നീണ്ടുനിന്നു.
അന്തരീക്ഷത്തിന്‍റെ തണുപ്പും പുതുമയും ഒരു പുതിയ ദിവസം ആരംഭിക്കാൻ ഊർജ്ജം നൽകി.
ആ ദിവസം, മുറിയിലേക്ക് വീശിയ തണുത്ത കാറ്റിനൊപ്പം കവിതയുടെ ദലങ്ങളും മുറിയിലേക്കടര്‍ന്നു വീണു
ജനാലയിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ, തണുപ്പും ശൈത്യകാല പ്രഭാതത്തിന്‍റെ പുതുമയും പ്രഭാതഗീതങ്ങളും സന്തോഷത്തോടെ സ്വാഗതം ചെയ്തു. ദൂരെ മരങ്ങളിൽ നിന്ന് പക്ഷികളുടെ ചിലച്ച ശബ്ദങ്ങളും തണുത്ത കാറ്റും മനസ്സിനെ ഉണർത്തി, മനസ്സിനെ തഴുകിയുണര്‍ത്തിയ പ്രഭാതഗീതങ്ങള്‍, പുലരിയുടെ പൂമുഖത്ത് നൃത്തം ചവിട്ടുന്ന കാവ്യസാലഭഞ്ജികമാര്‍.
നവശ്രീവിടരും പ്രഭാതം
മുഖശ്രീതെളിയും വിഭാതം
പ്രഭാതമിഴികളിൽ മയൂഖ നടനം
വിഭാതചൊടികളിൽ തരളിതതാളം
ഇതല്ലോ പ്രപഞ്ചമഞ്ജീരം!
ഇതാണെൻ പ്രഭാതഗീതിക!
വസന്തത്തിന്‍റെ പ്രതീക്ഷ നൽകുന്ന പുതിയ പൂക്കളും ശരത്കാലത്തിന്‍റെ അതിമനോഹരമായ നിറങ്ങളുടെ ശ്രേണിയും മുതൽ ശൈത്യകാലത്തിന്‍റെ മാന്ത്രികതയും വേനൽക്കാലത്തിന്‍റെ ഊർജ്ജവും വരെ ഈ വരികളിലുണ്ട്.
ആഷാമനോന്‍ രചിച്ച അടരുന്ന കക്കകള്‍ എന്ന പുസ്തകത്തിലെ ആദ്യ അധ്യായമായ ഒരു തൂവലിന്‍റെ കഥ ഒരു വിസ്മയമായിരുന്നു. ആത്മാവിന്‍റെ യാത്രയായിരുന്നു.
കിൽമിംജാരോ പർവതനിരകളിൽ പ്രചാരമുള്ളൊരു നാടോടിക്കഥ ആന്തരികമായ ഒരു പ്രയാണത്തിനു തന്നെ വഴികാട്ടിയായി മാറിയത് ഇന്നും ഉത്തരം കിട്ടാത്ത സമസ്യയാണ്, മരുഭൂമിയുടെ ഹൃദയത്തിലെ തെളിനീര്‍ ഉറവയില്‍ നിന്നും ദാഹാര്‍ത്തനായ ഒരു ബാലന്‍ കൈക്കുമ്പിള്‍ നിറയെ ജലം കോരിയെടുക്കുന്നു. രണ്ടിറക്കു ജലം കുടിച്ചുകഴിയുമ്പോള്‍ ആ ബാലന്‍റെ മിഴിയഞ്ചിപ്പോകുന്നു. അതിരുകളില്ലാത്ത ആകാശത്തിലേക്ക് അതിവേഗം പറന്നുചെല്ലുന്ന ഒരു പത്മരാഗപ്പക്ഷിയുടെ ചെമപ്പാര്‍ന്ന ചിറകുകള്‍ അവന്‍റെ കൈത്തലത്തിലെ ജലാകാശത്തില്‍ തെളിഞ്ഞു. ആപത്മരാഗപ്പക്ഷിയെ തിരഞ്ഞ് ആ ബാലന്‍ യാത്രയാവുന്നു.
പ്രമീളാദേവിയുടെ സൂര്യഗീതത്തിന്‍റെ താളുകള്‍ മറിക്കുമ്പോള്‍ എന്‍റെയുള്ളിലും കവിതയുടെ പത്മരാഗപ്പക്ഷിയെ തിരഞ്ഞുപോകുന്ന ഒരു നാടോടിബാലനുണരുന്നുണ്ട്.
കവിതതിരഞ്ഞുള്ള യാത്രയാണല്ലോ ഈ ജീവിതം?
കവിതയെ ഹൃദയത്തോടിണക്കിയ പ്രഭാതസൂര്യന്‍റെ അസ്തമിക്കാത്ത തേജസ്സ് ഈ കവിതകളില്‍ പ്രതിഫലിക്കുന്നുണ്ട്.
കനിവിൻ കിരണങ്ങൾ അരുളൂ ദേവാ
ഓംകാരനാദം പകരൂ ജഗത്തിൽ
അതിരുകൾ ഭേദിച്ചു ചൊരിയേണമേ
നിൻമൃദുമന്ദഹാസപ്പൊൻ ദീപം
ഏവരും ഒന്നല്ലേയർക്കാ നീ നിൻ
പ്രേമവുമേവർക്കും തുല്യമല്ലേ?
വായനകഴിഞ്ഞാലും വിടാതെ പിന്തുടരുന്ന ഒരു വരി കൂടി ഇവിടെ ചേര്‍ക്കുന്നു.
“ഞാനിപ്പോൾ ഭക്ഷണം കഴിക്കേണ്ട കാര്യമില്ല. അതില്ലാ തെ എനിക്ക് ജീവിക്കാനാവും എനിക്ക് ആകെക്കൂടി വേണ്ടത് സൂര്യപ്രകാശമാണ്.
മന്ദസമീരസമാനമായ രചനാ സുഭഗത കൊണ്ട് ശ്രദ്ധേയമാണ് ഈ പ്രഭാത ഗീതങ്ങൾ.
പ്രമീളാദേവിയുടെ സൂര്യഗീതങ്ങളില്‍ 101 കാവ്യദലങ്ങളുണ്ട്. മനോഹരമായ ഈ പ്രഭാതഗീതങ്ങളെ സസന്തോഷം സഹൃദയരായ വായനക്കാരുടെ ഹൃദയസമക്ഷം സമര്‍പ്പിക്കുന്നു.