ഫ്ലവേഴ്‌സ് ടോപ്‌ സിംഗർ സീസൺ ത്രീ- വിജയി കുമാരി നിവേദിതയോടൊപ്പം അല്പനിമിഷങ്ങൾ

ഫ്ലവേഴ്‌സ് ടോപ്‌ സിംഗർ സീസൺ ത്രീ- വിജയി കുമാരി നിവേദിതയോടൊപ്പം അല്പനിമിഷങ്ങൾ

തയ്യാറാക്കിയത് മേരി അലക്സ്  (മണിയ) 

ഫ്ലവേഴ്‌സ് ടോപ്‌ സിംഗർ സീസൺ ത്രീയിലൂടെ നാടിനു പേരും പെരുമയും നേടിത്തന്ന, നാടിന്റെ അഭിമാനഭാജനമായ കൊച്ചു ഗായിക,കുമാരി നിവേദിതയോടൊപ്പം അല്പനിമിഷങ്ങൾ :-


നാടെന്നു പറയുമ്പോൾ  കോട്ടയത്തു തിരുവഞ്ചൂർ എന്ന ഗ്രാമം ആണ് ഉദ്ദേശിച്ചിട്ടുള്ളത് . ഈ ഗ്രാമത്തിന് എടുത്തു പറയത്തക്ക ഏറെ കാര്യങ്ങൾ ഉണ്ട്.     
കാതലായ ഭാഗത്ത് ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ഈ ക്ഷേത്രത്തിലെ പത്തു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം വളരെ കേഴ് വി കേട്ടതാണ്. ഓരോ ദിവസവും ഓരോ കലയാണ് അവതരി പ്പിക്കുന്നത്. ഞാൻ ആദ്യമായി കഥകളി കണ്ടതും ഗരുഡൻ തൂ ക്കത്തെക്കുറിച്ചറിഞ്ഞതും ഈ ഉത്സവത്തോടനുബന്ധിച്ചാണ്. ദേവീ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവവും അപ്രകാരം തന്നെ . ഗവണ്മെന്റ് എൽ പി സ്കൂൾ,ഗവണ്മെന്റിന്റ മേൽ നോട്ടത്തിലുള്ള  പകൽ വീട്, ആണ്ടുകൾ പഴക്കമുള്ള വായനശാല, ആൺകുട്ടികൾ മാത്രമായുള്ള ഗവണ്മെന്റ് ജുവനയ്ൽ ഹോം,അതിനോട് ചേർന്ന് ഗവണ്മെന്റ് ഓൾഡേജ് ഹോം, വടക്കോട്ടു മാറി കൃഷ്ണന്റെ അമ്പലം,തെക്കും പടിഞ്ഞാറും മറ്റു ക്ഷേത്രങ്ങൾ അങ്ങനെ ക്ഷേത്രങ്ങളുടെ  നിരകൾ . അതുപോലെ തന്നെ എല്ലാ ക്രിസ്തീയ വിഭാഗങ്ങളുടെ ദേവാലയങ്ങളും,  


അതിൽ എടുത്തു പറയത്തക്കത്, മഞ്ഞിനിക്കര കബറടങ്ങിയിരിക്കുന്ന പരിശുദ്ധ പാത്രീയർക്കീസ് ആയിരുന്ന അഭിവന്ദ്യ  ഇഗ് നാത്തിയോസ് ഏലിയാസ് തൃതീയൻ ബാവയുടെ
തൃപ്പാദങ്ങൾ പതിഞ്ഞ മണ്ണിൽ, ആ ബാവയുടെ തിരുശേഷിപ്പ് സ്ഥാപിച്ചിട്ടുള്ള തിരുവഞ്ചൂർ കുരിശുപള്ളിയും അവിടത്തെ ബാവയുടെ ശ്രാദ്ധപ്പെരു ന്നാളിനോടാനുബന്ധിച്ചുള്ള
വെച്ചൂട്ടുമാണ്. ഈ കുരിശു പള്ളിക്ക് എതിർ ദിശയിൽ സെന്റ് പീറ്റർ ആൻഡ് പോൾസിന്റ നാമത്തിലുള്ള റീത്തു പള്ളി,കുന്നിൻ പുറത്തായി ഒരു കത്തോലിക്കാ പള്ളിയും കന്യാസ്ത്രി മഠവും,യാക്കോബായ സഭയുടെ  ഒരു ഹൈസ്കൂളും. കുറച്ചു കിഴക്കു മാറി അയർക്കുന്നത്തേക്കുള്ള വഴിക്കിരുപുറവുമായി ഒരു 
ഓർത്തഡോക്സ്‌ പള്ളിയും യാക്കോബായ സഭയുടെ തൂത്തൂട്ടി പള്ളിയും.
അഭിവന്ദ്യ സഖറിയാസ് മാർ പീലക്സീനോസ് തിരുമേനിയുടെ നേതൃത്വത്തിൽ പടുത്തുയർ ത്തിയ,കാലം ചെയ്ത പരുമല  ഗ്രീഗോറിയോസ് തിരുമേനിയുടെ നാമത്തിലുള്ള  ചാപ്പലും , അതിനോട് ചേർന്ന ധ്യാനകേന്ദ്രം, പാലിയേറ്റീവ് കെയർ സെന്റർ, രോഗികളെ കിടത്തി ചികിൽസിക്കുന്ന  സ്ഥാപനം,
സി എസ് ഐ പള്ളിയും സഭയുടെ തന്നെ പ്രൈമറി സ്കൂളും. 

വടക്കു മാറി തൂത്തൂട്ടി ചാപ്പലിന്റെ കീഴിൽ പുതുതായി കെട്ടിപ്പടുത്തു കൊണ്ടിരിക്കുന്ന ദയറാപട്ടക്കാർ ക്ക് വേണ്ടിയുള്ള സന്യാസമഠം, റിട്ടയർമെന്റ് ഹോം.      ഇവയ്ക്കെല്ലാം ഉപരി ഇതര ക്രിസ്തീയ വിഭാഗങ്ങളുടെ ആരാധനാലയങ്ങളും.നാടിനും 
കോട്ടയം പട്ടണത്തിന് മുഴുവനും പുതുപ്പള്ളിക്കും ശുദ്ധജലം  എത്തിക്കുന്നത് തിരുവഞ്ചൂരിൽ നിന്നാണ്.മീനച്ചിലാറ്റിലെ കേരള വാട്ടർ അതോറിറ്റിയുടെ പമ്പ്, പമ്പ് ചെയ്തു പരച്ചിറക്കുന്നിലേക്ക് കയറ്റുന്ന വെള്ളം ശുദ്ധീകരിക്കുന്നതിനു ബന്ധപ്പെട്ട  സംവിധാനങ്ങൾ, ജലസംഭരണി, വാട്ടർ വർക്സിന്റ ഓഫീസും കെട്ടിടങ്ങളും .എസ് ബി ഐ ബ്രാഞ്ച്, കോ ഓപ്പറേറ്റീവ് സൊസൈറ്റി നടത്തുന്ന ബാങ്ക്, മുത്തൂറ്റ് ബാങ്ക്,നിരവധി കച്ചവട സ്ഥാപനങ്ങൾ, ജുവെല്ലറി, മറ്റു ഷോ റൂമുകൾ അങ്ങനെ ഒരു പട്ടണത്തിന്റ പ്രതീതി ഉളവാ ക്കുന്ന നാട്.  .സ്വന്തം പേരിനോട് തിരുവഞ്ചൂർ എന്ന സ്ഥലപ്പേരു ചേർത്തു പലരും ഉപയോഗിക്കാ റുണ്ടെങ്കിലും  തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്ന പേര് മുന്നിട്ടു നിൽക്കുന്നു.
ശബരിമല മേൽശാന്തിയായി  ഒരു തിരുവഞ്ചൂർക്കാരൻ, ശ്രി ശങ്കരൻ നമ്പൂതിരി ഉണ്ടായി എന്നതും നാടിനു അഭിമാനം നേടിത്തന്ന സംഗതിയാണ്.
       

പരിസ്ഥിതി സംരക്ഷകനും മണർകാട് സെന്റ് മേരീസ് കോളേജ് പ്രിൻസിപ്പലുമായിരുന്ന ഡോക്ടർ പുന്നൻ കുര്യനും മണർകാട് സെന്റ് മേരിസ് കാത്തീഡ്രൽ പള്ളിയുടെ
നെടും തൂണായ ആൻഡ്റൂസ് ചിരവത്തറ കോർ എപ്പിസ്കോപ്പ അച്ചനും,വേങ്കടത്തു തോമസ് അച്ചനും തദ്ദേശ വാസികളും ചേർന്ന്  പരിസര ശുചീകരണം കണക്കിലെടുത്ത് കുടുംബശ്രീ ക്കാരുമായി സഹകരിച്ച്  നാലുമണി മുതൽ നടത്തുന്ന,   കൊച്ചുകുട്ടികളെയും മുതിർന്ന വരെയും ഒരുപോലെ ആകർഷി ക്കുന്ന വിവിധ സ്റ്റാളുകളുമായി,
നാലുമണിക്കാറ്റ് എന്ന പ്രസ്ഥാനം.


       ഇവയെല്ലാം മറികടന്നാണ് ഈ ദേശത്തിന് പ്രശസ്തി നേടിത്തന്നു കൊണ്ട് കുമാരി നിവേദിതയുടെ കടന്നു വരവ്.ഫ്ലവേഴ്സ് ടോപ്‌ സിംഗർ സീസൺ ത്രീയിൽ ഒന്നാമതെത്തിയ കുമാരി നിവേദിതയ്ക്കു ലഭിച്ചിരിക്കുന്നത്.

നിവേദിതയേക്കാൾ വലുപ്പമുള്ള ഒരു ട്രോഫിയും ചോറ്റാനിക്കര അമ്പലത്തിനടുത്ത് വർമ്മ ഹോംസ് സ്പോൺസർ ചെയ്ത അമ്പതു ലക്ഷം രൂപ വിലമതി ക്കുന്ന ഒരു ഫ്ലാറ്റുമാണ്. ഇനിയും ഏതെല്ലാം സംഘടനകളും സ്ഥാപനങ്ങളും ഈ കുഞ്ഞു പ്രതിഭയ്ക്ക് സമ്മാനങ്ങൾ നൽകാൻ കാത്തു നിൽക്കുന്നു എന്ന്  അറിയാൻ കാത്തിരിക്കാം .
        സത്യത്തിൽ ഈ പ്രശസ്തി ഈ നാടിനു ലഭിക്കേണ്ടതല്ല. അച്ഛൻ ശ്രി ശ്രീജിത്ത്‌ കെ പുളിക്കനും അമ്മ ജിഷമോൾ വി യും ആലപ്പുഴ കളർകോട് 'പനപ്പറ മ്പിൽ' നിന്ന് തിരുവഞ്ചൂർ വന്ന് 'പാഞ്ചജന്യ'ത്തിൽ  സ്ഥിരതാമസം തുടങ്ങിയതു കൊണ്ട് മാത്രം ഈ പെരുമ ഈ നാടിനു ലഭിച്ചു. ആയതിനു ശ്രി ശ്രീജിത്തിനും ശ്രീമതി ജിഷ മോൾക്കും കൂപ്പുകൈ. ശ്രീജിത്ത്‌ കോട്ടയം സ്വദേശി തന്നെയാണ്.എന്നാൽ ജോലിയുമായി  ബന്ധപ്പെട്ട് മാതാപിതാക്കൾ ആലപ്പുഴയിൽ സ്ഥിരതാമസമാക്കിയവരാണ് . ജിഷ മോളുടെ വീടും ആലപ്പുഴ തന്നെ.


   അച്ഛൻ ശ്രീജിത്ത്‌ തിരുവല്ല എൽ ഐ സി ബ്രാഞ്ചിൽ  ജോലി ചെയ്യുന്നു. അമ്മ  ജിഷമോൾ ഹൗസ് വൈഫ്‌.അതുകൊണ്ടു തന്നെ കുമാരി നിവേദിതയോ ടൊപ്പം സീസൺ ത്രീയുടെ ആദ്യവസാനം ഫ്ലവേഴ്സ്  റ്റി വി അറേഞ്ച് ചെയ്തു കൊടുത്ത അക്കോമ്മൊഡേഷനായ  കളമശേരിയിലുള്ള  അസ്സറ്റ് ഹോമിൽ താമസിച്ച് മകൾക്ക് എല്ലാവിധ സഹായവും ചെയ്തു കൊടുക്കാൻ സാധിച്ചു എന്നത് അഭിനന്ദനാർഹമാണ്. ആ കാലമത്രയും തിരുവഞ്ചൂരെ വീട്ടിൽ ജിഷ മോളുടെ അമ്മ ശ്രീമതി വിമലമ്മ ഒപ്പം നിന്ന്‌ വീട്ടുകാര്യങ്ങൾ നോക്കി നടത്തി  നിവേദിതയുടെ അച്ഛനെ സഹായിച്ചു എന്നതും തികച്ചും സ്തുത്യർഹമാണ്. അമ്മയെ ബഹുമാനിക്കുന്നു .


       ആറാം ക്ലാസ്സിൽ പഠിക്കുന്ന കുമാരി എസ് നിവേദിതക്ക് ഒരു സഹോദരി കൂടിയുണ്ട്. ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന കുമാരി നിരഞ്ജന എസ് . രണ്ടുപേരും കളത്തിപ്പടി മരിയൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിക്കുന്നു.


അസ്സറ്റ് ഹോമിൽ താമസിച്ച കാലമത്രയും നിവേദിതക്ക് സ്കൂളിൽ നിന്ന് ഓൺലൈനായി പാഠങ്ങൾ ലഭിച്ചു കൊണ്ടിരുന്നു എന്നത് സ്കൂളിന്റെ, കുട്ടികളുടെ പഠനത്തെ ബാധിക്കാതെ , കലയെ പ്രോത്സാഹിപ്പിക്കുന്ന, ആദരിക്കുന്ന,മാഹാത്മ്യമായി  കാണാം.മരിയൻ സ്കൂളിനു നന്ദി.


     രണ്ടു കുട്ടികളും കലാരംഗത്ത് ഒരു പോലെ മികവു  നേടിയിട്ടുണ്ട്. വയലിൻ ശ്രീമതി വൈക്കം പത്മാ കൃഷ്ണന്റെയും, സംഗീതം കോട്ടയം, പരിപ്പ് ശ്രീമതി മാതംഗി സത്യ മൂർത്തിയുടെയും കീഴിൽ. ചേച്ചി വയലിന്റെ വഴി കണ്ടെത്തിയപ്പോൾ അനുജത്തി പാട്ടിന്റെ വഴിയാണ് ഇഷ്ടപ്പെട്ടത്. നിരഞ്ജന ഒരു ഫ്രീലാൻസർ ആണ്. പല ട്രൂപ്പുകളോടും ചേർന്ന്  വയലിൻ ഫ്യൂഷൻ ചെയ്ത് പലവിധ ആഘോഷവേളകൾക്ക് കൊഴുപ്പേകിക്കൊണ്ടിരിക്കുന്നു.


     മാതാപിതാക്കളുടെയും മാതാ പിതാമഹന്മാരുടെയും ഗുരുഭൂത രുടെയും അനുഗ്രഹാശിസ്സുകളോ ടെ കലയിലും പഠനത്തിലും മികവു തെളിയിച്ച കുമാരി നിവേദിതക്ക്  വേൾഡ് മലയാളിയുടെ അകമഴിഞ്ഞ ആശംസകൾ.  ഇനിയുമിനിയും ഉയരങ്ങളിലേക്കെത്താൻ ഈശ്വരൻ കനിയട്ടെ എന്ന പ്രാർത്ഥിക്കുന്നു .

തയ്യാറാക്കിയത് മേരി അലക്സ്  (മണിയ)