ദ്രോണ വിലാപം : കവിത , ഡോ. ജേക്കബ് സാംസൺ

ദ്രോണ വിലാപം : കവിത , ഡോ. ജേക്കബ് സാംസൺ
ചങ്കുതുളച്ച് ഹനിക്കു
വാനെത്തുന്ന 
ശിഷ്യനാം പാർത്ഥൻ്റെ 
ബാണപ്രവാഹത്തിൽ 
ഉള്ളം തകർന്നു തൻ
പ്രാണൻ്റെ രക്ഷയ്ക്ക്
ചാഞ്ഞും ചരിഞ്ഞും
വീണുംഎഴുന്നേറ്റും
പണ്ടു പഠിപ്പിച്ച 
പാഠങ്ങൾ ഓരോന്നും
ചാതുര്യത്തോടെ
എടുത്തുപയോഗിച്ചും
ആകെത്തളർന്ന് 
വിയർത്ത് 
പൊരുതവേ
ഓർത്തുപോയ്
ഓർത്തുപോയ്..
ഓർക്കാതിരിക്കുമോ
ദ്രോണരാശിഷ്യനെ
ഓർക്കാതിരിക്കുമോ?
നെഞ്ചിനു മുന്നിൽനി-
ന്നെന്തും ചെറുക്കുവാൻ
കൈവിരുതുള്ള കരു
ത്തനാം ശിഷ്യനെ, 
സ്ഥാനവും മാനവും 
നേട്ടവും നോക്കാതെ 
കാവലായ് ,മുന്നിലായ്
നില്ക്കുന്ന ശിഷ്യനെ
ദക്ഷിണയായി
പ്പെരുവിരൽ വാങ്ങി
തെരുവിലിരുട്ടിൽ
തള്ളിയ ശിഷ്യനെ
ചോരയൊലിച്ച കൈ
പ്പത്തിയുമായൊരു
നീറുന്ന ഓർമ്മയായ്
മാറിയ ശിഷ്യനെ
ആരെ സ്നേഹിക്കണം
എന്നറിയാതന്നു
പാർത്ഥനുവേണ്ടി
ചെയ്തൊരാപാതകം
ആരാധ്യരായുള്ള
ആചാര്യന്മാർക്കെല്ലാം
ആകെ അപമാന-
മായൊരാ ദുഷ്കൃത്യം
കാലം പൊറുക്കാത്ത 
ക്രുരത ഇന്നിതാ
കൂരമ്പായ് നെഞ്ചിനു
നേർക്ക് പാഞ്ഞെത്തുന്നു.
തേർത്തട്ടിൽ നിന്ന്
ചിരിക്കുന്നു പാർത്ഥൻ
പെരുവിരലറ്റപോൽ
ദ്രോണർ വിതുമ്പിയോ?