സ്നേഹത്തിൻറെ നിറം: കവിത, സതീഷ് കളത്തിൽ

സ്നേഹത്തിൻറെ നിറം:  കവിത,  സതീഷ് കളത്തിൽ

 


കുന്നിൻമുകളിലുള്ള തട്ടാനെ തേടിയാണ്
ഈ യാത്ര.
എൻറെ സ്നേഹം ഒന്നുരച്ചുനോക്കണം..!

പണ്ടൊക്കെ ചിലർ പറയുമായിരുന്നു,
എനിക്കു തങ്കത്തിൻറെ നിറമാണെന്ന്..!
ആരെയും നോവിക്കാത്ത
പ്രഭാതസൂര്യൻറെ പൊൻകതിർ പോലെ...

പിന്നീടത്,
മധ്യാഹ്ന സൂര്യൻറെ നിറമാണെന്നു
തിരുത്തി..!
തങ്കത്തിൽ ചെമ്പ് ചേർന്നതിൻറെ നിറം...

പിന്നെ കേട്ടു,
സായാഹ്ന സൂര്യൻറെ നിറമാണെന്ന്..!
തങ്കത്തിൽ മുഴുവനും ചെമ്പാണെന്നു
കലമ്പൽ കൂട്ടിയതിൻറെ നിറം...
 
ഒടുക്കം കേട്ടത്,
അസ്തമയത്തിൻറെ നിറമാണെന്നാണ്..!
അവശേഷിക്കുന്ന സ്നേഹത്തെയുരുക്കി;
കിട്ടാവുന്നത്ര തങ്കമെടുത്ത്;
പഴുത്തുക്കിടക്കുന്ന ചെമ്പിനെ മൂലക്കിട്ട്
പടിയിറങ്ങാൻ വെപ്രാളപ്പെട്ടതിൻറെ നിറം...
 
അതിനുശേഷം എന്തോ,
ആരും ഒന്നും പറഞ്ഞുകേട്ടില്ല.
തണുത്തുറഞ്ഞ സൂര്യൻറെ നിറം
ആർക്കും അറിയില്ലായിരിക്കും..!

അങ്ങനെ,
കൂട്ടിക്കിഴിക്കലുകൾക്കൊടുവിൽ
മിച്ചംവന്ന സ്നേഹം
കെട്ടിപ്പൂട്ടി വെച്ചിരിക്ക്യാണ്..!
(പുറത്തെടുത്തിട്ടിപ്പോൾ
അത്ര ആവശ്യമില്ല.
അതോ,
ആവശ്യക്കാരില്ലാത്തതോ?)

ആ.. പോട്ട്..!
'നിറം മാറുന്ന സ്നേഹം കൊണ്ടു
ചേർത്തുപിടിച്ചൂ...' എന്നതാണ് കുറ്റപത്രം..?!!
(അല്ലാതെ,
പാഴ്വസ്തുവിൻറെ നിറം കറുപ്പാണെന്നു
പിടികിട്ടിയിട്ടല്ലാ..!)
എന്തായാലും,
മിച്ചമുള്ള സ്നേഹത്തിൻറെ നിറം
ഒന്നുരച്ചു നോക്കണം.

ഇപ്പോൾ,
തുടരെ തുടരെ അവഗണനകളും വേദനകളും
നിസ്സഹായാവസ്ഥകളുംമാത്രമാണു
പടിപ്പുര കടന്നുവരുന്നത്...
പടിയിറക്കത്തിൻറെ ലക്ഷണങ്ങളായി
ചുളിവുകളും നരകളും കൂട്ടിന്..!

വിരുന്ന് വിളിക്കുന്ന കാക്കകളുടെ
വിരുന്നുവിളികൾ കേൾക്കാറേയില്ല.
പക്ഷെ,
സന്ധ്യക്കുമുതൽ
ഹുഊഊഉആആആ... ന്നുള്ള
തച്ചൻകോഴികളുടെ നീട്ടിവിളികൾ
കേൾക്കുന്നുണ്ട്.
പെരക്കകത്തും പുറത്തും
എലിയും പല്ലിയും ഓന്തുംഒക്കെ
വേണ്ടുവോളമുണ്ടല്ലോ?!!

വീട്ടുവളപ്പിലെ തണൽമരങ്ങൾ
അറുത്തിട്ടതോടൊപ്പം
ആർപ്പുവിളികളും പടിയിറങ്ങിയതാണ്.

ഇന്നിപ്പോൾ, പടിവാതിൽക്കൽ
വന്നെത്തിനോക്കി പോകുന്ന
നിഗൂഢതകളാണു കൂടുതലും..!
 
തലയുയർത്തി നടന്നിരുന്നതൊക്കെ
സ്മൃതിഭ്രംശത്തിൽ മൂടപ്പെട്ടു.
ചേർന്നുനിന്നവരും
ചേർത്തുനിർത്തിയവരും
ചിന്തകളിൽനിന്നും അപ്രത്യക്ഷമായി..!
(നിഴലുകളെപ്പോഴും
നിറഞ്ഞുനില്ക്കാറില്ലല്ലോ..!)

ഏങ്ങിവലിഞ്ഞു കുന്ന് കയറുകയാണ്...
കയ്യിലുള്ള വേദനകളും കൈപ്പിടിച്ചിട്ടുണ്ട്.
വേദനകളെ ഉരക്കല്ലിലിട്ട് ഉരക്കുമ്പോഴാണത്രെ
അതുവരെ കാണാത്ത, സ്നേഹത്തിൻറെ
നിറം തെളിഞ്ഞുവരുന്നത്..!