തേങ്ങലുകൾ: കവിത , ശുഭ ബിജുകുമാർ

തേങ്ങലുകൾ:   കവിത , ശുഭ ബിജുകുമാർ

 

 

ഇടയ്ക്കിടെ മനസ്സിലുയരുന്നു

തേങ്ങലുകൾ

കാത്തു വച്ച സ്വപ്നങ്ങൾ

തകർന്നടിഞ്ഞവരുടെ

മുഖം നോക്കി നിൽക്കെ

അറിയാതെ മനമൊന്നു

തേങ്ങി...

 

മൃത്യുവിന്റെയവസാന നിമിഷവും

പ്രണയവും പ്രണയിനിയെയും

ഇടനെഞ്ചിൽ ചേർക്കുവാൻ

കൊതിച്ചോരുവന്റെ നിസ്സഹായത

കണ്ടു മനസ്സു തേങ്ങി..

 

ഭാരതമണ്ണിൽ അറിവിന്റെ

വെളിച്ചമെത്താത്ത

ഇരുണ്ട പാതകളിൽ മഞ്ഞു

മൂടി കിടന്നു.

 

യാത്രകളിലെങ്ങോ കണ്ട

നിറതിങ്കൾ പോലൊരു 

പെൺകുരുന്നിൻ മുടിയഴി

ച്ചിട്ട തുള്ളലിൽ മന്ത്രവാദ

ക്കളമൊരുങ്ങുന്നു

വൃദ്ധനാം മന്ത്രവാദി കാര്യ

കാരണമറിയാതെയലറുന്നു

അടിക്കുന്നു

നിഷ്കളങ്കരാം ഗ്രാമവാസികൾ

വെറും കാണികൾ മാത്രമാകുന്നു...

 

 

പശിയകലാതെ കൈനീട്ടിയ

തെരുവിലെ കുഞ്ഞിൻ മുഖം

നോക്കി നിൽക്കെയറിയാതൊ-

രു തേങ്ങലുയർന്നു..

 

ജീവിതത്തിന്റെ നിസാരതയ

റിയാതെ ആടി തിമർക്കുന്ന

ഒരു കൂട്ടം മനുജർ 

വെറുതെ വെറുതെ ഇടയ്ക്കുയ-

രുന്ന തേങ്ങലുകൾ..

 

 

ശുഭ ബിജുകുമാർ..