രാത്രിയിലെ ഫുട്ബോൾ: കഥ, പെരുങ്കടവിള വിൻസൻറ്

രാത്രിയിലെ ഫുട്ബോൾ: കഥ, പെരുങ്കടവിള വിൻസൻറ്

 

   

പെരുങ്കടവിള വിൻസൻറ്

 

         സുഹൃത്തിൻ്റെ വീട്ടിലിരുന്ന് ലോകകപ്പ് ഫുട്ബോൾ മത്സരത്തിൻ്റെ നേരിട്ടുള്ള സംപ്രേക്ഷണം കണ്ട് കഴിഞ്ഞ് അർധരാത്രി കഴിഞ്ഞ നേരം കയറ്റമുള്ള റോഡ് വഴി വീട്ടിലേയ്ക്ക് നടക്കുമ്പോഴാണ് തികച്ചും അപ്രതീക്ഷിതമായി ഫുട്ബോൾ പോലെ എന്തോ ഒന്ന് ഉരുണ്ടുവന്ന് കാലിൽ തടഞ്ഞത് .
 ദൈവേ ഒരു തല . അതിന് ജീവനുണ്ട്. അതെന്തോ പറയുന്നുണ്ട്.
  ഹൃദയം ഭയം കൊണ്ട് വേഗത്തിൽ മിടിക്കാൻ തുടങ്ങിയെങ്കിലും, ചുറ്റും നോക്കി ആരുമില്ലെന്ന് കണ്ടതിനാൽ കുനിഞ്ഞ് പറയുന്നതെന്താണെന്നറിയാൻ ചെവി കൊടുത്തു.
  'മോനേ! എക്സ് പാർട്ടിക്കാരാ. ആദ്യവെട്ടിന് തലയറ്റതുകാരണം ഉരുണ്ട് പോരാൻ പറ്റി. ശരീരം അവന്മാർ കൊത്തിക്കീറുന്നുണ്ടാവും. മോനിത് കാര്യമാക്കണ്ട. ഞാൻ തീർന്നു. പക്ഷേ അവന്മാരെ വിടാൻ പാടില്ല. സെഡ് പാർട്ടിയാഫീസിൽ ദയവായി ഒന്ന് വിവരമറിയിയിക്കണം. പുലരുന്നതിന് മുമ്പു് പകരം രണ്ട് തലയെങ്കിലും പകരത്തിന് ഗോളാക്കണം.'
 ഇതു പറയാൻ മാത്രം ഉരുണ്ടു വന്നതു പോലെ അതിൻ്റെ ശബ്ദം നിലച്ചു. നോക്കുമ്പോഴുണ്ടു് ,വല കുലുക്കിയ ബോൾ പോലെ, തല ഓടയിലേയ്‌ക്ക് ഉരുണ്ടു പോകുന്നു.
               .............