ശിശിരനിലാവിലെ പവിഴമല്ലി: ബുക് റിവ്യൂ, മോഹൻദാസ്

Mar 13, 2025 - 20:36
 0  54
ശിശിരനിലാവിലെ പവിഴമല്ലി: ബുക് റിവ്യൂ,  മോഹൻദാസ്

....എനിക്ക് ആകെ കഴിയുന്ന ഒരു കാര്യം എഴുതുക എന്നതാണ്. ലോകത്തോട് പലതും പറയാനുണ്ട്. ലോകം എന്നെ പലപ്പോഴും അസ്വസ്ഥനാക്കാറുമുണ്ട്. എനിക്കിതിൽ നിന്നും മോചിതനാവണമെങ്കിൽ 
എഴുതിയേ മതിയാവൂ . എഴുത്ത് പ്രശ്നങ്ങൾക്കു 
പരിഹാരമാകുമോ എന്നൊന്നുമറിയില്ല
പക്ഷേ എന്‍റെ ഉള്ളിലെ അസ്വസ്ഥതയ്ക്ക് പരിഹാരം 
കിട്ടാൻ എനിക്ക് എഴുതിയേ മതിയാകൂ....

ഡോ. മായാഗോപിനാഥിന്‍റെ രണ്ടാമത്തെ നോവലായ ശിശിരനിലാവിലെ പവിഴമല്ലിയുടെ താളുകള്‍ മറിക്കുമ്പോള്‍ എംടിയുടെ ഈ വാക്കുകളാണ് മനസ്സില്‍ തെളിയുന്നത്, എംടിയുടെ ഈ ദര്‍ശനം തന്നെ തന്‍റെ എഴുത്തിന്‍റെയും അടയാളവാക്യമായി സ്വീകരിച്ച എഴുത്തുകാരിയാണ്  ഡോ. മായാഗോപിനാഥ്.

ത്യാഗത്തിന്‍റെയും ആത്മസമർപ്പണത്തിന്‍റെയും ഹൃദയസ്പര്‍ശിയായ കഥയാണ് 
ഡോ. മായാഗോപിനാഥിന്‍റെ ശിശിരനിലാവിലെ പവിഴമല്ലി. 

"ആനന്ദം പങ്കിടും തോറും കൂടിക്കൊണ്ടിരിക്കും. വിഷമങ്ങളാകട്ടെ പങ്കിടുന്തോറും കുറയുകയും ചെയ്യും" 

ജീവിതത്തിലെ ദുഃഖങ്ങളും, ആഹ്ളാദങ്ങളും ഒരേ മനസ്സോടെ പങ്കിട്ട രണ്ട് കൂട്ടുകാരികളുടെ ഈ കഥയുടെ രംഗപടമായത്  ചെങ്കുറിഞ്ഞിമരങ്ങളുടെ സ്നേഹത്തണല്‍ത്തണുപ്പാണ്. ചെമന്ന കട്ടിത്തൊലിയുള്ള ചെത്തിയാലും ചെമന്നിരിക്കുന്ന ഔഷധ മൂല്യമേറെയുള്ളവയാണ്  ചെങ്കുറിഞ്ഞി മരങ്ങൾ, പ്രകൃതിയോടുള്ള മനുഷ്യന്‍റെ ആത്മബന്ധത്തിന്‍റെ കഥകൂടിയാണിത്.
സ്നേഹ നൂലിഴകളാൽ ഹൃദയങ്ങളെ പരസ്പരം ബന്ധിച്ച കഥാപാത്രങ്ങളെ ഈ നോവലില്‍ പരിചയപ്പെടാം.

കഥയിലെ നായികയായ ദേവകി. ദേവകിയുടെ സ്വന്തം ലില്ലിപ്പൂവായ മറിയം, അവളെ ജീവനുതുല്യം സ്നേഹിച്ച് കാത്തിരുന്ന കാടിനെ സ്നേഹിച്ച ഹരി, കുഞ്ഞുമകൾ എയ്ഞ്ചൽ , രണ്ട് തവണ മറിയം ജീവൻ തൃണവത്കരിച്ച് രക്ഷിച്ചെടുത്ത നിധി. 

ദേവികയും അവരുടെ ഭർത്താവായ സതീഷ് 
മറിയത്തെ മാത്രം എന്നും മനസ്സില്‍ പതിപ്പിച്ച ഹരി ...
ഈ രണ്ടു കഥാപാത്രങ്ങളാണ് എന്‍റെ മനസ്സില്‍ ശക്തമായി മുദ്ര പതിപ്പിച്ചവര്‍. മറിയത്തെ മാത്രം എന്നും പ്രണയിച്ച ഹരി വായനക്കാരെ വിസ്മയിപ്പിച്ച കഥാപാത്രമാണ്. ഉപാധികളില്ലാത്ത  സ്നേഹത്തിന്‍റെ ഉത്തമോദാഹരണങ്ങൾ ആണ് ഈ നോവലിലെ  ഓരോ കഥാപാത്രവും.

"വികാരം എന്ന കാന്തികോർജ്ജം അതിന്‍റെ ആവർത്തികളും സ്പന്ദനങ്ങളും കൊണ്ട് ശരീരരചന നടത്തുന്നു" എന്ന് ആയുർവേദത്തിന്‍റെ അടിസ്ഥാന പ്രമാണങ്ങളെ അതീവ ഭംഗിയായി ഡോ. ദേവിക അവതരിപ്പിക്കുന്നു -

*നിനക്കറിയുമോ മറിയം? ബ്രഹ്മചര്യം പോലെതന്നെ രതിയും വിശുദ്ധമാണ്. ശരീരത്തിൻ്റെ ഏറ്റവും പവിത്രമായ സംവേദനങ്ങളിൽ ഒന്നാണ് രതിയും. ഭൂരിഭാഗം പുരുഷന്മാർക്കും അതു ശ്വാസംപോലെ നിലനിൽപ്പിനാവശ്യവുമാണ്. കാലങ്ങളോളം മറ്റൊരു പെണ്ണിനും കൊ ടുക്കാതെ കാത്തുവച്ച ഹൃദയവുമായി ഒരാൾ.. കാട്ടുപൂക്കളുടെ സുഗന്ധം തേടി, കുഞ്ഞുജീവികളുടെ ആത്മമന്ത്രണം തേടിയൊരാൾ നിനക്കു വേണ്ടി കാത്തിരുന്നു എന്നതാണ് ഈ ജീവിതം നിനക്കു കാത്തുവച്ച സൗഭാഗ്യം. നീ അയാളെ പൂർണമായും സ്വീകരിക്കാൻ തയ്യാറായിരിക്കണം."

"ഋണാനുബന്ധങ്ങൾ ജന്മാന്തര ബന്ധങ്ങളുടെ ബാക്കിപത്രമാണ്" എന്ന് നോവലിസ്റ്റ് അടയാളപ്പെടുത്തുമ്പോള്‍  ആര്‍ഷഭാരത ആത്മീയതത്ത്വങ്ങളുടെ ജാലകമാണ് തുറക്കെപ്പെടുന്നത്.

ശിശിരനിലാവിലെ പവിഴമല്ലിയ്ക്ക് കവിയായ ഗോപന്‍ അമ്പാട്ട് എഴുതിയ അവതാരികയിലെ ഒരു ഭാഗം ഇവിടെ ചേര്‍ക്കുന്നു -


ശിശിരനിലാവിലെ പവിഴമല്ലിഡോ. മായാഗോപിനാഥിന്‍റെ  പത്താമത്തെ പുസ്തകവും രണ്ടാമത്തെ നോവലുമാണ്. ചെങ്കുറിഞ്ഞിപ്പൂക്കൾ നിറഞ്ഞ തെന്മലയുടെ താഴ്‌വാരം പശ്ചാത്തലമായുള്ള ഈ നോവലിലും ഉപാധികളില്ലാത്ത  സ്നേഹത്തിന്‍റെയും ത്യാഗസുരഭിലമായ കർമ്മങ്ങളുടെയും അനുരണനങ്ങൾ വേണ്ടുവോളം ഒരുക്കിയിട്ടുണ്ട് രചയിതാവ്. ഉപാധികളില്ലാത്ത സ്നേഹം ജീവിതത്തിൽ പ്രാവർത്തികമാക്കുന്ന നിറവാർന്ന കഥാപാത്രമാണ് ഈ നോവലിലെ മറിയം. 
ശിശിരനിലാവിലെ പവിഴമല്ലി' ജനസഹസ്രങ്ങളുടെ ഹൃദയങ്ങളിൽ അനുഭൂതികളുടെ ശിശിരം വിരിയിക്കട്ടെ എന്നും ആശംസിക്കുന്നു.

ഡോ . മായാ ഗോപിനാഥ്