മോഹൻദാസ്
"നിൻ്റെ കൈയൊന്നീ നെറുകയിൽ വെക്കുക
സങ്കടം പോലെ പതുക്കെ"
സന്ധ്യയ്ക്ക് ഏറെ പ്രിയപ്പെട്ടതാണ് സുഗത കുമാരി ടീച്ചറിൻ്റെ ഈ വരികള്‍.
മനുഷ്യമനസ്സിന്‍റെ വിലോലതലങ്ങള്‍ അനാവൃതമാക്കുന്ന ഈ കവയിത്രിയുടെ ആദ്യ സമാഹാരമായ സുതാര്യലിപികളിലെ ഓരോ കവിതയും സൗന്ദര്യത്തിന്‍റെ ആത്യന്തികഭാവങ്ങൾ
പ്രതിഫലിപ്പിക്കുന്ന ഭാവനാരത്നങ്ങളാണ്.
“തോട്ടിറമ്പിലിരുന്ന് അലസമായി കല്ലുകൾ പെറുക്കി വെള്ളത്തിലേയ്ക്കറിയുന്നതിനിടെ ഓരോന്നായി ഓർത്തെടുക്കുന്നതുപോലെയാണ് സുതാര്യലിപികളിലെ കവിതകള്‍ ….
പുലർമഞ്ഞുതുള്ളിയിൽ സൂര്യനെഴുതിയ
ഒറ്റവരിക്കവിത.
അതെ, വാക്കുകൾകൊണ്ടു ചിത്രം വരയ്ക്കു കയാണിവിടെ എഴുത്തുകാരി . വാക്കുകളാൽ
വരയ്ക്കുന്ന ചിത്രങ്ങളുടെ മനോഹാരിതയ്ക്കൊപ്പം തന്നെ ആ ചിത്രങ്ങൾ ഉണർത്തുന്ന ചിന്തകളും വൈവി ധ്യമാർന്നതാണ്.
വികാരങ്ങളുടെ സമ്മോഹനത്വം വാക്കുകളി ൽ സന്നിവേശിപ്പിച്ച് വാക്കുകളെ തിളക്കമുള്ള വൈഡൂ ര്യങ്ങളാക്കി മാറ്റുന്ന ജാലവിദ്യ നൈസർഗികമായി സ്വായത്തമായ കവയിത്രിയാണ് സന്ധ്യ അരുണ്‍.
സൗന്ദര്യോപാസകയായ കവയിത്രിക്ക് ജീവിതം തന്നെ ആ ഉപാസനയുടെ അനിർവചനീയമായ ആനന്ദത്തിൽ
സ്വയം മറക്കുന്ന അനുഭവമാണ്. ഇതാ നോക്കൂ , കവയിത്രിയുടെ കാലത്തോടുള്ള പ്രാർത്ഥന:
സ്നേഹം എൻ്റെയാഹാരം.
ദാഹപാനീയവും പാനപാത്രവുമതെ.
സ്നേഹത്തിനെത്ര രുചിഭേദങ്ങൾ.
അമൃതിൻ്റെ രുചിയുളള സ്‌നേഹം.
ജന്മാന്തരങ്ങളുടെ തപസ്സിൻ്റെ പുണ്യം.
പ്രകൃതി സൗന്ദര്യത്തിനു തിലകമണിയിക്കുന്ന
ഭാവനാവിലാസം കൊ ണ്ട് മനസ്സി നെ ഉദ്ദീപിപ്പിക്കുന്ന
കാവ്യവാങ്മയം പ്രകൃതിയെത്തന്നെ ഉദാ ത്തവൽക്കരിക്കുവാൻ പോന്നതാണ്.
ഋതുഭേദകല്‍പ്പനയായ മെയ്പ്പൂക്കളുമായി വന്ന മെയ്മാസമനോഹരിയെക്കുറിച്ച്-
പ്രിയപ്പെട്ട മെയ്,
നീയെത്ര വശ്യമനോഹരിയാണ്!
ഗുൽമോഹർ തണൽ വിരിച്ച്,
നിൻ്റെ കാറ്റാടി വിശറികൾ ,
വീശിത്തണുപ്പിച്ച,
നവാനുരാഗങ്ങൾക്ക്
നിത്യ യൗവനത്തിൻ്റെ
വരം നൽകി മറഞ്ഞ
വനദേവിയോ നീ മെയ്?
മുന്‍വിധികളില്ലാതെ താനേ വാര്‍ന്നു വീഴുന്നുവെന്ന പ്രതീതി ജനിപ്പിക്കും വിധത്തിലുള്ലതാണ് സന്ധ്യയുടെ കവിതകള്‍. സുതാര്യത അതിന്‍റെ മുഖമുദ്രയായി അനുവാചകര്‍ക്കനുഭവപ്പെടും. തിരഞ്ഞെടുക്കുന്ന വിഷയങ്ങളുടെ അസാധാരണത്വം, മൊത്തത്തില്‍ പാലിക്കുന്ന മിതത്വം, കാവ്യരചനയില്‍ തെളിയുന്ന നിസംഗത എന്നിവ ഈ കവിതകള്‍ക്ക് കൂടുതല്‍ കരുത്തു നല്‍കുന്നു.
കാരണമില്ലാത്ത ഒരു നൊമ്പരം ഉള്ളില്‍പ്പേറി , എന്തിനോ ഉഴറുന്ന മനുഷ്യമനസ്സ് ആവിഷ്ക്കരിച്ച് അനന്യസാധാരണമായ അനുഭവതീവ്രതയോടെ അനുവാചകന്‍റെ ഉള്ളുലയ്ക്കുന്ന കവയിത്രിയാണ് സന്ധ്യ.
നിനക്കെഴുതുമ്പോള്‍ കവയത്രിയുടെ മനസ്സില്‍ ഒരു മഴയിതള്‍ അടര്‍ന്നുവീഴുന്നുണ്ട്.
എങ്കിലും നിനക്കെഴുതാതിരിക്കാൻ എനിക്കാവില്ല.... എന്ന നിശബ്ദമായ ഒരു വിങ്ങൽ വരികളിൽ ഉണ്ട്...നിനക്കെഴുതാൻ, നിന്നിൽ പെയ്തിറങ്ങാൻ മഴമൊഴികൾ എന്നിലുണ്ട് എന്ന വരികളിൽ ഒരു തുടിപ്പുണ്ട്....അതേ ഹൃദയത്തുടിപ്പോടെ ഈ മഴ നീ നനയുമെന്ന പ്രതീക്ഷയും ഇല്ല എന്ന കവിമൊഴിയിൽ ഒരു നിസ്സംഗതയാണുള്ളത്.
മഴ ഒരു പുഴ
നീയോ പുഴയുടെ മറുകരയിലും...
നിനക്കു പ്രിയപ്പെട്ട പേരറിയാപ്പൂക്കളുടെ സുഗന്ധം
ഇവിടെ.... പറയാതെ പോയ വാക്കിൻ്റെ ദൂരങ്ങളിലേക്ക് നീളുന്ന ഒരു വരിയുടെ ഒറ്റയടിപ്പാതയിൽ ചിതറിക്കിടക്കുന്ന പേരറിയാപ്പൂക്കൾ....
വിസ്മയം പോലെ മിഴികളെ തഴുകുന്ന തൂവൽമൊഴികൾ
ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞുചേരാനിഷ്ടപ്പെടാത്ത ഒരന്തര്‍മുഖത്വം കൈമുതലായുള്ളതിനാലാവും ഈ കവയിത്രി ഉന്നയിക്കുന്ന ആഴമുള്ള ചോദ്യങ്ങള്‍ക്ക് നമുക്കുത്തരം കണ്ടെത്താനാവില്ല. എല്ലാത്തരം മേധാവിത്തങ്ങളെയും എതിര്‍ക്കുന്ന ഒരു കവയിത്രിയെ സുതാര്യലിപികളില്‍ കാണാം. പുരുഷ മേധാവിത്തം എന്നത് ഇന്നത്തെ ഭാരതീയ പശ്ചാത്തലത്തില്‍ ദാരുണമായ സത്യമാണ്. ഇനിയിതു സാധ്യമല്ല എന്ന പ്രതിഷേധമാണ് നഃസ്ത്രീ എന്ന കവിത
സ്ത്രീയ്ക്കു മാത്രം തീറെഴുതപ്പെട്ട പാതിവ്രത്യത്തെ
നോക്കി ഊറിച്ചിരിക്കുകയാണ് ഇവിടെ കവയിത്രി
മറക്കൂട ചൂടിയ മഹിളതൻ മാനം
കാക്കാൻ മുഖപടം നെയ്യും മത മതിവിഭ്രമങ്ങളെ
എന്നാണ് ജ്വലിക്കുന്ന വരികളിലൂടെ കവി മേധാവിത്തങ്ങളെ വെല്ലുവിളിക്കുന്നത്.
ഛന്ദോബദ്ധമായ രൂപങ്ങളില്‍ നിന്ന് തെന്നിമാറി പുതിയഭാവതലങ്ങള്‍ കൈവരിച്ചുകഴിഞ്ഞ കവിതയുടെ ആത്മപ്രകാശനമാണ് സന്ധ്യയുടെ ആദ്യസമാഹാരമായ സുതാര്യലിപികള്‍.
ഒരെഴുത്തുകാരി എന്ന നിലയിൽ നിരന്തരം നവീകരിക്കുന്ന സന്ധ്യ സമകാലിക കവയി ത്രികളിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത് അവരുടെ
സ്വയം നവീകരണത്താലാണ്.
" എൻ്റെ കൈയിലെ ഓടത്തിൽ എണ്ണ നിന്നു തുളുമ്പവേ, എണ്ണ വറ്റി കെടാൻ പാടില്ലൊരു കൈത്തിരി നാളവും"
കവയിത്രിയുടെ പ്രിയങ്കരനായ കവി പ്രഭാവർമ്മയുടെ ഈ വരികളിലെ സൗന്ദര്യവും ജീവിത ദർശനവും, സന്ധ്യയുടെ
സുതാര്യലിപികളിലും
ലീനമായിരിക്കുന്നു
എന്ന് വേണം കരുതാൻ.
ഈ സമാഹാരത്തില്‍ നാല്‍പ്പതോളം കവിതകളുണ്ട്. അനുവാചകനോടു സംവദിക്കുന്ന , അനുവാചകന്‍റെ ഉള്ളുലയ്ക്കുന്ന , അനുവാചകന്‍റെ ജീവിതത്തെ സ്പര്‍ശിക്കുന്നതാണ് ഈ സമാഹാരത്തിലെ കവിതകള്‍.
സ്വകാര്യ സ്പന്ദനങ്ങളിൽ നിന്ന് തുടങ്ങിയ കവിതയുടെ സഞ്ചാരം സാർവ്വജനീനതയിലേക്കും സാർവ്വലൗകികതയിലേക്കും വളരുന്നതിന്‍റെ അടയാളങ്ങൾ പതിഞ്ഞു കിടക്കുന്ന കൃതിയാണ് ‘സുതാര്യലിപികള്‍.