കെടാവിളക്ക്: കഥ , അമ്പിളി. സി. പി

കെടാവിളക്ക്: കഥ ,  അമ്പിളി. സി. പി
നിലകണ്ണാടിക്ക് മുൻപിൽ നിന്ന് ഒന്നൂടെ ആ സൗന്ദര്യം ആസ്വദിക്കുകയായിരുന്നു ഗായത്രി, മുടിയിഴകൾ ഓരോന്നായി  നരവീണുതുടങ്ങിയിരിക്കുന്നു. വേറെ വലിയ മാറ്റമൊന്നുമില്ല. ഇളം നീലനിറത്തിലുള്ള ഓയിൽ സാരിയും വിടർത്തിയിട്ട മുടിയും വെള്ളകല്ലുവച്ച കുഞ്ഞുജിമിക്കിയും തന്നെ സുന്ദരി ആക്കിയോ?......
അതോ ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യമോ?
നിറഞ്ഞ ചിരിയോടെ ഒരു സെൽഫി എടുത്തുനോക്കി, കണ്ണുകളിൽ മുൻപൊരിക്കലും കണ്ടിട്ടില്ലാത്തൊരു തിളക്കം.
വികസനം എത്തിനോക്കാത്ത കൊച്ചു ഗ്രാമത്തിലെ പ്രായമേറിയ വനിത എന്നതാവാം തനിക്ക് കിട്ടിയ ഡോക്ടറേറ്റിനെ ഗ്രാമവാസികൾ ഒരുത്സവമാക്കാൻ തെരഞ്ഞെടുത്തതിനു കാരണം. അവരുടെ സ്വന്തം മന്ത്രി സത്യപ്രതിജ്ഞയ്ക്ക് ശേഷം ആദ്യമായി  ഇങ്ങോനൊരാവശ്യത്തിന് നാട്ടിൽ വരുന്നു എന്നത്  ചടങ്ങിന്റെ സൗന്ദര്യം പത്തരമാറ്റ് ആക്കുന്നതുമാണ്.
ഇടവഴികൾ പോലും കൊടിതോരണങ്ങൾ കൊണ്ടും പോസ്റ്ററുകൾ കൊണ്ടും  ആരെയും ആകർഷിക്കുന്ന വിധത്തിൽ അലങ്കരിച്ചിരിക്കുന്നു.
മന്ത്രി രാവിലെ എത്തുമത്രേ, ഉച്ചയ്ക്ക് ശേഷം വേറെന്തോ പ്രോഗ്രാം ഉണ്ട്. ഒട്ടും ആഡംബരപ്രിയനല്ലാത്ത നിഷ്കളങ്കമായ ചിരിയുമായി ജനഹൃദയങ്ങളിലേയ്ക് ഇറങ്ങിച്ചെന്ന ഒരു സാധാരക്കാരനെ മന്ത്രി വേഷത്തിൽ കാണാൻ കൊതിക്കുന്ന ഹൃദയവുമായി ഒരു ഗ്രാമം മുഴുവൻ ഉണർന്നു പ്രവർത്തിക്കുവാൻ തുടങ്ങിയിട്ട് രണ്ടാഴ്ചയോളം പിന്നിട്ടിരിക്കുന്നു.
ഒരാഴ്ചയോളം നീണ്ടുനിൽക്കുന്ന കലാസാംസ്‌കാരിക പരിപാടികൾക്കായി താനും കണക്കുനോക്കാതെ സംഭാവന നൽകിയിരുന്നു. പണം വിനിയോഗിക്കുന്നത് ജനനന്മയ്ക് കൂടി ഉതകുന്ന വിധത്തിലാകുമ്പോൾ അതിന്റെ സന്തോഷം ഒന്ന് വേറെ തന്നെ. മനസ്സുപറയുന്നിടത്ത് സമയവും പണവും തന്നലാവും വിധം ചെലവഴിക്കാനും അതിൽ നിന്ന് ആനന്ദം കണ്ടെത്തുവാനും ജീവിതം തന്നെ എന്നേ പഠിപ്പിച്ചു കഴിഞ്ഞിരിക്കുന്നു.
നല്ലതോ മോശമോ എന്ന് പലപ്പോഴും തനിക്ക് തന്നെ സന്ദേഹം തോന്നിയിരുന്ന തന്റെ തീരുമാനങ്ങൾ  മറ്റുള്ളവരുടേതിൽ നിന്ന് വ്യത്യസ്തമായതും  ഏകാന്തയുടെ ചൂളയിൽ മനസ്സുകിയപ്പോൾ മാലിന്യങ്ങളൊക്കെയും തന്നിൽ നിന്നും പൂർണ്ണമായും തന്നെ അരിച്ചു മാറ്റപ്പെട്ടതുമാവാം ഇങ്ങനൊരു നേട്ടത്തിലേയ്ക് തന്നെ കൊണ്ടുചെന്നെത്തിച്ചതും.
ഈ ലോകത്ത് താനൊന്നുമല്ല എന്ന് കരുതിയിരുന്ന കാലത്ത്, തന്നിലെ ശേഷികളെല്ലാം നശിച്ചുപോയതായി  താൻതന്നെ വിധിയെഴുതിയ കാലത്ത് എങ്ങോട്ടെന്നറിയാതെ ഒഴുക്കിൽപ്പെട്ട്  ലക്ഷ്യമില്ലാതെ ഉലയുന്ന തോണിപോലെ അടിയുളഞ്ഞുസഞ്ചരിച്ചിരുന്ന ആ സമയത്താണ് " നിനക്ക് തുടർന്ന് പഠിക്കാമായിരുന്നില്ലേ? LLB എടുക്കാമായിരുന്നില്ലേ?  "എന്നെല്ലാം  മുൻപെപ്പോഴോ മുതൽ ഒരു സഹയാത്രികൻ ആയി കൂടെ കൂടിയ അദ്ദേഹം ചോദിച്ചതു പോലും. അതൊരു ഓർമ്മപ്പെടുത്തൽ ആയിരുന്നു. അവിടെ നിന്ന് തുടങ്ങിയതാണ്.
മനസ്സിൽ ഒളിപ്പിച്ചുവച്ചിരുന്ന Phd എന്ന ആഗ്രഹം മാത്രം അദ്ദേഹത്തിന് പിടികിട്ടിയിരുന്നില്ലായിരിക്കാം. അതുകൂടി പൊടിതട്ടിയെടുത്തപ്പോഴാണ് ജീവിതത്തിന്റെ രഹസ്യം പോലും അവനവനിൽ തന്നെ എന്നറിഞ്ഞതും.
തടസ്സങ്ങളെയും നിരുത്സാഹപ്പെടുത്തിയവരെയും ഒരു ചെറു പുഞ്ചിരിയോടെ നേരിട്ടുകൊണ്ട് ആഗ്രഹങ്ങളെ മൊത്തത്തിൽ സ്വന്തം എന്ന് കരുതി ഹൃദയത്തിലൊളിപ്പിച്ച് കണ്ണന്റടുത്തുമാത്രം തുറന്നു കാട്ടി ലാളിച്ചപ്പോൾ ഇത്രവേഗം ഇവിടെ വരെ എത്തുമെന്ന് മനസ്സ് മന്ത്രിച്ചിരുന്നോ? സമൂഹനന്മയ്ക്ക് കൂട്ടായ പ്രവർത്തനം നല്ലതെങ്കിൽ അവനവന്റെ ഉയർച്ചയ്ക് അവനവൻ മാത്രം മതി എന്ന് പഠിപ്പിച്ചതും കണ്ണൻ തന്നെ.
അങ്ങനെ LLB യും  PG യും പിന്നെ Phd യും എല്ലാം 
പിന്നൊരവസരത്തിനായി നോക്കിനിൽക്കാതെ  ഒരുതരം ആർത്തിയോടെ വാരിക്കൂട്ടുകയായിരുന്നു.
കുട്ടിക്കാലത്ത് ഏകലവ്യനോട്  സഹതാപവും ദ്രോണാചാര്യരോട് കടുത്ത വെറുപ്പും തോന്നിയിരുന്നു. പഠിപ്പിച്ച ടീച്ചർ ഒരുതവണ പോലും ഏകാഗ്രതയോടും പ്രതീക്ഷയോടും അർപ്പണ മനോഭാവത്തോടും കൂടിയ സങ്കല്പത്തിന്റെ ശക്തിയെക്കുറിച്ചും അതിന്റെ ഫലപ്രാപ്തിയെ പറ്റിയും പറഞ്ഞു തരാതിരുന്നത് അറിവില്ലായ്മകൊണ്ടും ആയിരിക്കാം. പാഠപുസ്തകങ്ങൾ എളുപ്പത്തിൽ തീർത്ത് ടെസ്റ്റ്‌ പേപ്പറും പരീക്ഷയും നടത്തി കുട്ടികളെ ഏറ്റവും മികച്ച വിധത്തിൽ മാർക്ക് സ്കോർ ചെയ്യിക്കുന്നതിലേയ്ക്കെത്തി ക്കാനായിരുന്നല്ലോ ടീച്ചേഴ്സിന്റെ വെമ്പൽ. അതിനിടെ അവരിലെ കഴിവുകളെ പോഷിപ്പിക്കാനോ ജീവിക്കാൻ പ്രാപ്തരാക്കാനോ മാതാപിതാക്കളും അധ്യാപകരും ഉൾപ്പെടെ എല്ലാവരും മറന്നു പോവുന്ന തും സ്വാഭാവികം മാത്രം.
സത്യത്തിൽ മഹാഭാരതകഥ എന്താണ് പറഞ്ഞു തരുന്നത്?  ധൃതരാഷ്ട്രരും ഗാന്ധാരിയും കുന്തിയും കർണ്ണനും ഏകലേവ്യനുമൊക്കെ എന്താണ് പഠിപ്പിച്ചുതരുന്നത്?  എല്ലാഭാരതീയർക്കും പരിചിതരായ അവർ വെറും കഥാപാത്രങ്ങൾ മാത്രമോ? അതൊ അതിനുമപ്പുറം...........? 
താൻ മനസ്സുകൊണ്ട് അംഗീകരിച്ചിരുന്ന, എന്നാൽ തന്റേതെന്നു കരുതി ഒരിക്കൽ പോലും ഒന്നും കരുതിവയ്ക്കുകയോ നൽകുകയോ ചെയ്തിട്ടില്ലാതിരുന്ന ഒരാൾ മാതാപിതാക്കന്മാർക്കും ഗുരുക്കന്മാർക്കും അതീതനായി നിന്നുകൊണ്ട് ഇരുൾ നിറഞ്ഞ തന്റെ വഴിയിലേക്ക് പ്രകാശം പരത്തിത്തരാൻ നിമിത്തമായതും അത്ഭുതം തന്നെ.  ജീവന്റെ  സുഗമമായപ്രയാണം,  അത് ജീവനുമായി ബന്ധമുള്ളതിലൂടെയേ  സാധ്യമാവൂ.  അതിനെ തിരിച്ചറിയുകയേ വേണ്ടതുള്ളൂ,  അവിടെയാണ് നമ്മുടെ വിജയം.
തന്റെതായിരുന്നിട്ടും താൻ കൈയെത്തും ദൂരെ എന്ന് കരുതി അകറ്റിനിർത്തിയിരുന്ന ആഗ്രഹങ്ങളെ പടർന്നുപന്തലിക്കുവാൻ പ്രേരണശക്തി ആയത് ആരാണോ , അദ്ദേഹത്തിൽ നിന്ന് തന്നെ അതും ഭരണചക്രത്തിന്റെ ഉത്തുംഗ പദവിയിൽ ഇരിക്കെ  ആ ആദരവ്  ഏറ്റു വാങ്ങുവാൻ കഴിയുന്നത്  അഭിമാനിക്കത്തക്ക കാര്യവും......
 മനസ്സാകെ ഉത്സവത്തിമർപ്പിലാണ്.
പെട്ടെന്നാണ് അലാറം അടിച്ചത്,  സമയം 4.30 am. ഭഗവാന്റെ അടുത്ത് ചെന്ന് ലൈറ്റിട്ടു. കണ്ണുതിരുമി നോക്കുമ്പോൾ കണ്ണൻ കുസൃതി ചിരിയുമായി നിന്ന് കണ്ണിറുക്കി, നടക്കൂന്നേ.....വെളുപ്പിന് കാണുന്ന സ്വപ്നം ഫലിക്കുമെന്ന് പറയുന്നത് നിനക്കറിവുള്ള കാര്യമല്ലേ എന്ന് ചോദിക്കും പോലെ ഒരു കള്ളച്ചിരി.