ആമസോണിന് വൻ തിരിച്ചടി; 22,000 കോടി രൂപ പിഴ അടയ്ക്കണം

ഉപഭോക്താക്കളെ വഞ്ചനാപരമായ രീതിയിൽ പ്രൈം അംഗത്വമെടുപ്പിച്ചു എന്ന ആരോപണത്തിൽ, ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ യുഎസ് ഫെഡറൽ ട്രേഡ് കമ്മീഷനുമായി (FTC) ധാരണയിലെത്തി. ഈ കരാർ പ്രകാരം, ആമസോൺ ഏകദേശം 250 കോടി ഡോളർ (ഏകദേശം 22,000 കോടി രൂപ) പിഴയായി നൽകും. ഇതിൽ 100 കോടി ഡോളർ സിവിൽ പിഴയായും, 150 കോടി ഡോളർ വരിക്കാർക്ക് റീഫണ്ടായും നൽകണം. ഇതിനു പുറമെ, പ്രൈം സബ്സ്ക്രിപ്ഷൻ റദ്ദാക്കുന്നതിനുള്ള നടപടികൾ ലളിതമാക്കാനും ആമസോൺ സമ്മതിച്ചിട്ടുണ്ട്.
2023-ലാണ് ഉപഭോക്താക്കളെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള 2010-ലെ നിയമം ആമസോൺ ലംഘിച്ചെന്ന് ആരോപിച്ച് എഫ്‌ടിസി കേസെടുത്തത്. ഉപഭോക്താക്കൾ അറിയാതെയോ, വ്യക്തമായ സമ്മതമില്ലാതെയോ ലക്ഷക്കണക്കിന് ആളുകളെ പ്രൈം അംഗങ്ങളാക്കി എന്നതാണ് പ്രധാന ആരോപണം. പ്രശ്നം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ പോലും പരിഹരിക്കാൻ ആമസോൺ തയ്യാറായില്ലെന്നും, പ്രൈം അംഗത്വം റദ്ദാക്കുന്നതിനുള്ള നടപടികൾ മനപ്പൂർവ്വം സങ്കീർണ്ണമാക്കിയെന്നും എഫ്‌ടിസി കോടതിയിൽ സമർപ്പിച്ച രേഖകളിൽ വ്യക്തമാക്കി.
അറിയാതെയുള്ള സബ്സ്ക്രിപ്ഷൻ: ഉപഭോക്താക്കൾ ഒരു ഇടപാട് പൂർത്തിയാക്കാൻ ക്ലിക്ക് ചെയ്യുമ്പോൾ, അത് പ്രൈം അംഗത്വത്തിലേക്ക് നയിക്കുന്ന ബട്ടണാണെന്ന് വ്യക്തമല്ലാത്ത രീതിയിലായിരുന്നു വെബ്സൈറ്റ് രൂപകൽപ്പന ചെയ്തിരുന്നത്. ഇതിലൂടെ, അബദ്ധത്തിൽ നിരവധി ആളുകൾ പ്രൈം അംഗത്വമെടുത്തു.
വരിക്കാരുടെ എണ്ണം കുറയുമെന്ന് ഭയന്ന്, ആമസോൺ ഈ പ്രശ്നം പരിഹരിക്കാൻ വിസമ്മതിച്ചതായി എഫ്‌ടിസി ആരോപിക്കുന്നു. കമ്പനിക്കുള്ളിൽ ജീവനക്കാർ ഈ പ്രശ്നത്തെ ‘പറയാത്ത അർബുദം’ (unspoken cancer) എന്നാണ് വിശേഷിപ്പിച്ചിരുന്നത്.