ജനാല: കവിത , ടോബി തലയല്‍

ജനാല: കവിത , ടോബി തലയല്‍

കാഴ്‌ചയുടെ കയത്തില്‍
മുങ്ങിമരിച്ച ജനാല
മീന്‍കണ്ണുകള്‍ തുറന്നെന്നെ നോക്കി
സ്വന്തമായി ഒരാകാശം,
സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍..
എല്ലാവരും ഈ മുറ്റത്ത്‌ കളിച്ച് വളരണം
എല്ലാത്തിനും മേലെ തന്റെ ഒരുകണ്ണുണ്ടാവണം
എന്നൊക്കെ ആഗ്രഹിച്ചതാണ്‌
പലരോടും പലതും പറയണമെന്ന്‌
വിചാരിച്ചതാണ്‌...
കാക്കകളോട്‌ കറണ്ട്‌ കമ്പിയില്‍ തൂങ്ങി
ആത്മഹത്യ ചെയ്യരുതെന്ന്‌ പറയണം
മരങ്ങളില്ലാതായാലും
ഇരിക്കാന്‍ ചില്ലകളില്ലാതായാലും
പറന്നുപോകാന്‍ ചിറകുണ്ടല്ലോ
എന്നാശ്വസിക്കണം
കാറ്റിനോട് രോഗാണുക്കള്‍ വഹിച്ച്‌
വീടുകള്‍തോറും സഞ്ചരിക്കരുതെന്നു
വിലക്കണം
മരണംവരുന്ന ഹൈവേയില്‍ നില്‍ക്കരുതെന്ന്‌
ഓര്‍മ്മിപ്പിക്കണം
പകല്‍ മനുഷ്യനെ ഇത്രത്തോളം നീറ്റരുതെന്ന്‌
സൂര്യനോട് യാചിക്കണം
രാത്രി വഴിതെറ്റിപ്പോകരുതെന്ന്‌
ചന്ദ്രന് മുന്നറിയിപ്പ്‌ കൊടുക്കണം
വാതിലില്ലാത്ത വീടിനുമുന്നില്‍
ശൗര്യം മുഴുവന്‍ കൂര്‍പ്പിച്ച്‌ കാവലിരിയ്‌ക്കാന്‍
നായയോട്‌ പറയണം
പെണ്‍കുഞ്ഞുങ്ങള്‍ സമാധാനമായി ഉറങ്ങിക്കോട്ടെ,
നക്ഷത്രങ്ങള്‍ ഇടയ്‌ക്കിടെ
കണ്ണ്‌തുറന്ന്‌ നോക്കിക്കോട്ടെ
കരിമേഘങ്ങളെക്കണ്ട്‌ പേടിച്ചവ ഞെട്ടാതിരിക്കട്ടെ.