സൈന്യത്തിലേക്ക് ഇന്ത്യൻ പൗരന്മാരെ റിക്രൂട്ട് ചെയ്യുന്നത് അവസാനിപ്പിക്കണം; റഷ്യയോട് ആവശ്യപ്പെട്ട് ഇന്ത്യ

സൈന്യത്തിലേക്ക് ഇന്ത്യൻ പൗരന്മാരെ റിക്രൂട്ട് ചെയ്യുന്നത് അവസാനിപ്പിക്കണം; റഷ്യയോട് ആവശ്യപ്പെട്ട് ഇന്ത്യ

യുക്രെയ്ൻ അധിനിവേശത്തിനുള്ള റഷ്യൻ സൈന്യത്തിലേക്ക് ഇന്ത്യൻ പൗരന്മാരെ റിക്രൂട്ട് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് റഷ്യയോട് ആവശ്യപ്പെട്ട്‌ ഇന്ത്യ.

റഷ്യൻ സർക്കാർ ഇക്കാര്യത്തില്‍ പരിശോധന നടത്തി റിക്രൂട്മെന്റ് അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. റഷ്യൻ സേനയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട നാല് ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് നീക്കം.

ഇന്ത്യയുടെ ആവശ്യത്തോട് റഷ്യ ഇതുവരെയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ജൂണ്‍ പതിനൊന്നാണ് ഇന്ത്യയുടെ ഭാഗത്തുനിന്ന് അസാധാരണ നീക്കമുണ്ടായതെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് രണ്‍ധീർ ജയ്‌സ്വാള്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. "അങ്ങേയറ്റം ആശങ്കയുളവാക്കുന്ന കാര്യമാണ്, റഷ്യൻ അധികാരികള്‍ ഉടൻ തന്നെ ഇക്കാര്യത്തില്‍ നടപടിയെടുക്കും," റഷ്യൻ സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്ന ഇന്ത്യക്കാരുടെ മോചനവും സ്വദേശത്തേക്ക് തിരിച്ചയക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിനും മറുപടിയായി അദ്ദേഹം പറഞ്ഞു. റഷ്യയില്‍ തൊഴിലവസരങ്ങള്‍ തേടുമ്ബോള്‍ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം പൗരന്മാരോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു

അടുത്തിടെ കൊല്ലപ്പെട്ട രണ്ട് പൗരന്മാരുടെ മൃതദേഹം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ ആവശ്യമായ നടപടിക്രമങ്ങള്‍ പൂർത്തിയാക്കാൻ വേണ്ടി റഷ്യൻ പ്രതിരോധ- വിദേശകാര്യ വകുപ്പുകളുമായി കേന്ദ്ര സർക്കാർ നിരന്തരം ചർച്ച നടത്തിവരികയാണ്. ഇതുവരെ ഏകദേശം 25 ഇന്ത്യക്കാരാണ് സർക്കാരുമായി ബന്ധപ്പെട്ടിരിക്കുന്നത്. റഷ്യൻ സേനയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടിരിക്കുന്ന ഇവർ തങ്ങളുടെ മോചനം എങ്ങനെയും സാധ്യമാക്കണമെന്നാണ് ആവശ്യപ്പെടുന്നത്.