ഗാസയില്‍ വെടി നിര്‍ത്തല്‍ പ്രാബല്യത്തില്‍; ബന്ദികളുടെ മോചനം വൈകുന്നേരത്തോടെ

ഗാസയില്‍ വെടി നിര്‍ത്തല്‍ പ്രാബല്യത്തില്‍; ബന്ദികളുടെ മോചനം വൈകുന്നേരത്തോടെ
ഗാസ സിറ്റി: പലസ്തീനില്‍ ഒന്നരമാസം നീണ്ട ഇസ്രയേല്‍ അതിക്രമത്തിന് താല്‍കാല വിരാമം. വെള്ളിയാഴ്ച രാവിലെ പ്രാദേശിക സമയം ഏഴുമുതല്‍ നാല് ദിവസത്തെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു.
സ്ത്രീകളും കുട്ടികളും അടങ്ങുന്ന 13 ബന്ദികളെ വൈകുന്നേരം നാല് മണിയോടുകൂടി ഹമാസ് മോചിപ്പിക്കും. ഇസ്രയേല്‍ 39 തടവുകാരെ ഇന്ന് കൈമാറും. നാല് ദിവസത്തിനുള്ളില്‍ കരാര്‍ പ്രകാരമുള്ള ബന്ദികളെ പരസ്പരം കൈമാറിയേക്കും.
മോചിപ്പിക്കാൻ ഷെഡ്യൂള്‍ ചെയ്ത ബന്ദികളുടെ പട്ടിക ഇസ്രായേലി രഹസ്യാന്വേഷണ വിഭാഗമായ മൊസാദിന് അയച്ചുനല്‍കിയതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അല്‍-അൻസാരി വ്യക്തമാക്കിയിരുന്നു. ബുധനാഴ്ച പ്രഖ്യാപിച്ച കരാര്‍, അന്തിമ രൂപമായതിനു പിന്നാലെ, മധ്യസ്ഥ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കിയ ശേഷമാണ് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വക്താവ് വാര്‍ത്താസമ്മേളനത്തിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചത്.
ഖത്തറിന്റെയും ഈജിപ്തിന്റെ മധ്യസ്ഥതയിലാണ് ഗസ്സയില്‍ താല്‍കാലിക വെടിനിര്‍ത്തലിന് കളമൊരുങ്ങിയത്. നാല് ദിവസത്തെ വെടിനിര്‍ത്തലിനാണ് ഇസ്രയേലും ഹമാസും ധാരണയിലായത്. 150 പലസ്തീൻ തടവുകാര്‍ക്കു പകരം ഹമാസ് പിടിയിലുള്ള ബന്ദികളില്‍ 50 സ്ത്രീകളെയും കുട്ടികളെയും കൈമാറാനാണ് കരാര്‍ വ്യവസ്ഥ. വെടിനിര്‍ത്തലിന് പുറമേ, ഗാസ യിലേക്ക് ഇന്ധന ട്രക്കുകളും ദുരിതാശ്വാസ വാഹനങ്ങളും പ്രവേശിക്കാൻ അനുവദിക്കും.