വെടിനിര്‍ത്തലിന് ഒരു ലോക നേതാവും ഇടപെട്ടിട്ടില്ല; കേണപേക്ഷിച്ചത് പാകിസ്ഥാനെന്ന് മോദി

ഇന്ത്യയോട് ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിക്കാൻ ഒരു ലോകനേതാവും ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിൽ. ഇന്ത്യ- പാകിസ്ഥാൻ യുദ്ധം അവസാനിപ്പിച്ചത് തന്റെ ഇടപെടലിനെ തുടർന്നാണ് എന്ന യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ അവകാശവാദങ്ങളെ തളളിക്കൊണ്ടായിരുന്നു പ്രധാനമന്ത്രി പ്രതികരിച്ചത്.
പാകിസ്ഥാനിൽ നിന്ന് കനത്ത ആക്രമണമുണ്ടാവുമെന്ന് അമേരിക്ക അറിയിച്ചു. എന്നാൽ പാകിസ്ഥാൻ കനത്ത വില നൽകേണ്ടി വരുമെന്നാണ് അവർക്ക് ഇന്ത്യ നൽകിയ മറുപടിയെന്നും മോദി പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് ഇന്ത്യന്‍ നിര്‍മിത ആയുധങ്ങളുടെ ശക്തി ലോകം കണ്ടു. ഇന്ത്യന്‍ ആയുധങ്ങള്‍ പാക് ആയുധങ്ങളുടെ ശേഷിയെ തുറന്നു കാട്ടിയെന്നും ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തെന്നും പാകിസ്ഥാന്റെ അണവ ഭീഷണിക്കു മുന്നില്‍ മുട്ടു മടക്കില്ലെന്ന് നാം തെളിയിച്ചുവെന്നും മോദി പറഞ്ഞു.
പാക് വ്യോമസേനാ താവളങ്ങള്‍ ഇപ്പോഴും ഐസിയുവിലാണ്. എപ്പോള്‍, എങ്ങനെ, എവിടെ തിരിച്ചടിക്കണമെന്ന് സൈന്യത്തിന് തീരുമാനിക്കാന്‍ പൂര്‍ണ സ്വാതന്ത്യം നല്‍കി. പാകിസ്ഥാന്റെ ആണവ വെല്ലുവിളി വെറുതെയാണെന്നും, ഇനി അത്തരം ഭീഷണി നടക്കില്ലെന്നും ഇന്ത്യ തെളിയിച്ചു. സംഘര്‍ഷത്തില്‍ ആധുനിക സാങ്കേതികവിദ്യയും രാജ്യം ഉപയോഗിച്ചു. ഇന്ത്യയുടെ ശക്തി ലോകം അറിഞ്ഞു,മോദി പറഞ്ഞു.