യോഗ വെറുമൊരു വ്യായാമമല്ല, ജീവിതരീതി; അന്താരാഷ്ട്ര യോഗ ദിനത്തിൽ നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ഇന്ന് അന്താരാഷ്ട്ര യോഗ ദിനം. 'യോഗ ഭൂമിക്കും, ആരോഗ്യത്തിനും' എന്നതാണ് ഇത്തവണത്തെ യോഗ ദിനത്തിന്റെ സന്ദേശം. ഇന്ത്യയുടെ ശുപാര്‍ശ പ്രകാരം 2015 മുതലാണ് യുഎന്‍ അന്താരാഷ്ട്ര യോഗ ദിവസമായി ജൂണ്‍ 21 നെ പ്രഖ്യാപിച്ചത്. യോഗ ദിനത്തിന്റെ ദേശീയ തല ദിനാചരണത്തിന്റെ ഉദ്ഘാടനം വിശാഖപട്ടണത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു.
യോഗ വെറുമൊരു വ്യായാമമല്ല. അതൊരു ജീവിത രീതിയാണെന്ന് പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഈ വര്‍ഷത്തെ യോഗ ദിനാഘോഷത്തില്‍ വിശാഖപട്ടണത്ത് സംഘടിപ്പിച്ച ചടങ്ങില്‍ പങ്കുചേരാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. വിശാഖപട്ടണത്തെ യോഗ ദിനാചരണം ലോക റെക്കോര്‍ഡില്‍ ഇടം പിടിക്കും. വിശാഖപട്ടണത്തെ രാമകൃഷ്ണ ബീച്ച് മുതല്‍ ഭോഗപുരം വരെയുള്ള 26 കിലോമീറ്റര്‍ ദൂരത്തില്‍ സംഘടിപ്പിക്കുന്ന മെഗാ പരിപാടിയില്‍ ഏകദേശം 5 ലക്ഷം പേരാണ് പങ്കെടുക്കുന്നത്. 326 വിഭാഗങ്ങളിലായി ഏകദേശം 1,000 പേര്‍ വീതം അടങ്ങുന്ന സംഘങ്ങളായാണ് മെഗാ യോഗ പ്രകടനം സംഘടിപ്പിക്കുന്നത്.