നിമിഷപ്രിയയുടെ മോചനം; ആക്ഷൻ കൗൺസിലിന് യെമനിലേക്ക് പോവാൻ അനുമതി നിഷേധിച്ച് കേന്ദ്രം

Aug 2, 2025 - 13:06
Aug 2, 2025 - 13:07
 0  4
നിമിഷപ്രിയയുടെ മോചനം; ആക്ഷൻ കൗൺസിലിന് യെമനിലേക്ക് പോവാൻ അനുമതി നിഷേധിച്ച് കേന്ദ്രം

ന്യൂഡൽഹി: നിമിഷപ്രിയയുടെ ആക്ഷൻ കൗൺസിലിന് യെമനിലേക്ക് പോവാനുള്ള കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചു. സുപ്രീംകോടതി നിർദേശ പ്രകാരം നൽകിയ അപേക്ഷ വിദേശകാര്യമന്ത്രാലയം തള്ളുകയായിരുന്നു. യെമനുമായി നയതന്ത്ര ബന്ധമില്ലെന്നത് ഉൾപ്പെടെയുള്ള 4 കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് അനുമതി നിഷേധിച്ചത്.

സുരക്ഷാ സാഹചര്യം ദുർബലമാണ്, പ്രതിനിധികളുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും കേന്ദ്രം അറിയിച്ചു. തുടർ ചർച്ചകൾക്കായി പ്രതിനിധികളെ യെമനിലേക്ക് അയക്കാൻ അനുമതി വേണമെന്ന് ആക്ഷൻ കൗൺസിൽ സുപ്രീംകോടതിയെ അറിയിക്കുകയായിരുന്നു.

ഇതനുസരിച്ച് ആക്ഷന്‍ കൗണ്‍സിലിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന മൂന്ന് പേര്‍, ചര്‍ച്ചയ്ക്ക് മേല്‍നോട്ടം വഹിക്കുന്ന മര്‍ക്കസില്‍ നിന്നുള്ള രണ്ട് പ്രതിനിധികള്‍ എന്നിങ്ങനെ 5 പേര്‍ക്ക് അനുമതി വേണമെന്നും സംഘത്തില്‍ നയതന്ത്ര പ്രതിനിധികളായ 2 പേരെകൂടി ഉള്‍പ്പെടുത്താവുന്നതാണെന്നുമായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ മുന്നോട്ട് വച്ചത്. ഇതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ സമീപിക്കാനുള്ള നിര്‍ദേശമാണ് സുപ്രീംകോടതി ആക്ഷന്‍ കൗണ്‍സിലിന് നല്‍കിയത്. ഇതനുസരിച്ച് കൗൺസിൽ നൽകിയ അപേക്ഷ വിദേശകാര്യമന്ത്രാലയം തള്ളുകയായിരുന്നു.