ഇന്ത്യൻ സഞ്ചാരികൾക്കായി സൗജന്യ ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ച് അബൂദബി

Aug 10, 2026 - 19:15
 0  17
ഇന്ത്യൻ സഞ്ചാരികൾക്കായി സൗജന്യ ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ച് അബൂദബി

അബൂദബി:  ഇന്ത്യൻ സഞ്ചാരികൾക്കായി സൗജന്യ ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ച് അബൂദബി. ഡിപ്പാർട്ട്‌മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസത്തിന്റെ (ഡി.സി.ടി) പുതിയ പദ്ധതി പ്രകാരം, യോഗ്യരായ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് അബൂദബി ഹൊളിഡേ പാക്കേജുകൾ ബുക്ക് ചെയ്യുമ്പോൾ യു.എ.ഇ എൻട്രി വിസ സൗജന്യമായി ലഭിക്കുന്നതാണ്. ഒക്ടോബർ 31 വരെ 20,000 പേർക്കാണ് ഈ സൗജന്യ വിസയുടെ ആനുകൂല്യം ലഭിക്കുക.

പദ്ധതിയുടെ ഭാഗമായി അബൂദബിയിലെ ഹോട്ടലുകളിൽ കുറഞ്ഞത് മൂന്ന് രാത്രിയെങ്കിലും താമസം ബുക്ക് ചെയ്യേണ്ടതുണ്ട്. പങ്കാളികളായ ട്രാവൽ ഏജൻസികൾ വഴിയോ ഓൺലൈൻ പോർട്ടലുകൾ വഴിയോ വേണം ബുക്കിങ് നടത്താൻ. കൂടാതെ ഇന്ത്യയിലേക്കുള്ള മടക്കയാത്രാ ടിക്കറ്റും നിർബന്ധമാണ്.

 യാത്രക്കാർക്ക് സ്വന്തമായി ഈ സൗജന്യ വിസയ്ക്ക് അപേക്ഷിക്കാൻ കഴിയില്ല. വിനോദസഞ്ചാരത്തിനായി അബൂദബിയിലെത്തുന്നവരിൽ വലിയൊരു ശതമാനവും ഇന്ത്യക്കാരായതിനാലാണ് ഇന്ത്യൻ സഞ്ചാരികൾക്കായി പുതിയ ഇളവുകൾ പ്രഖ്യാപിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.