റേഷന്‍ കടകള്‍ വഴി ഇനി പാസ്‌പോര്‍ട്ട് അപേക്ഷയും നല്‍കാം: മന്ത്രി ജി ആര്‍ അനില്‍

Aug 31, 2025 - 19:54
 0  8
റേഷന്‍ കടകള്‍ വഴി ഇനി പാസ്‌പോര്‍ട്ട്  അപേക്ഷയും നല്‍കാം: മന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം: 'കെ സ്റ്റോര്‍' ആക്കുന്ന റേഷന്‍ കടകളില്‍ ഇനി മുതല്‍ പാസ്‌പോര്‍ട്ടിന്റെ അപേക്ഷയും നല്‍കാമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍. കെ സ്റ്റോറുകളില്‍ അക്ഷയ സെന്ററുകള്‍ വഴിയുള്ള സേവനങ്ങളും ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. തിരുവനന്തപുരം മഞ്ചാടിമൂട് കെ സ്റ്റോര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്രാമ പ്രദേശത്ത് താമസിക്കുന്ന സാധാരണക്കാര്‍ക്ക് അവശ്യ സേവനങ്ങള്‍ക്ക് വേണ്ടി പട്ടണങ്ങളിലേക്കുള്ള ദീര്‍ഘ ദൂര യാത്രകള്‍ ഒഴിവാക്കാന്‍ ഇതുവഴി സാധിക്കും. നിലവില്‍ 2300ലധികം കടകള്‍ കേരളത്തില്‍ കെ സ്റ്റോര്‍ ആയിട്ടുണ്ട്. ഓണം കഴിയുമ്പോള്‍ 14000 റേഷന്‍ കടകള്‍ കൂടി 'കെ സ്റ്റോര്‍' ആക്കുയാണ് ലക്ഷ്യം എന്നും മന്ത്രി പറഞ്ഞു.

ആധാര്‍ സേവനങ്ങള്‍, പെന്‍ഷന്‍ സേവനങ്ങള്‍, ഇന്‍ഷുറന്‍സ് സേവനങ്ങള്‍, ടിക്കറ്റ് ബുക്കിങ് തുടങ്ങിയ സേവനങ്ങളെല്ലാം ഇനി കെ-സ്റ്റോര്‍ വഴി ലഭ്യമാക്കും. ആധുനിക സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത ഗ്രാമങ്ങളിലടക്കം റേഷന്‍ കടകള്‍ കെ- സ്റ്റോര്‍ ആക്കുന്നത് വഴി മൂല്യവര്‍ധിത സേവനങ്ങളും ഉല്‍പ്പന്നങ്ങളും നല്‍കാനുതകും വിധം കേരളത്തിലെ ഭക്ഷ്യ പൊതുവിതരണ ശൃംഖല കൂടുതല്‍ ശക്തമാകും.ബാങ്കിങ് സേവനങ്ങള്‍ ലഭ്യമല്ലാത്ത ഗ്രാമപ്രദേശങ്ങളില്‍ കെ-സ്റ്റോര്‍ വലിയ ചലനം സൃഷ്ടിക്കും.

10,000 രൂപ വരെയുള്ള ബാങ്കിങ് സേവനങ്ങള്‍ കെ-സ്റ്റോര്‍ വഴി നടത്താന്‍ സാധിക്കും. അഞ്ച് കിലോയുടെ ചോട്ടു ഗ്യാസ് സിലിന്‍ഡറും മില്‍മ ഉല്‍പന്നങ്ങളും കെ-സ്റ്റോര്‍ വഴി ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.