രാമക്ഷേത്ര പ്രസാദമെന്ന പേരില്‍ മധുരപലഹാരം വിറ്റു; ആമസോണിന് കേന്ദ്രസര്‍ക്കാരിന്റെ നോട്ടീസ്

രാമക്ഷേത്ര പ്രസാദമെന്ന പേരില്‍ മധുരപലഹാരം വിറ്റു; ആമസോണിന് കേന്ദ്രസര്‍ക്കാരിന്റെ നോട്ടീസ്
ന്യൂഡല്‍ഹി: രാമക്ഷേത്രത്തിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാരം വിറ്റ സംഭവത്തില്‍ ആമസോണിന് നോട്ടീസയച്ച്‌ കേന്ദ്രസർക്കാർ.കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് നോട്ടീസയച്ചത്. ആളുകളെ തെറ്റിദ്ധരിപ്പിച്ച്‌ ഉല്‍പന്നം വില്‍ക്കാൻ ശ്രമിച്ചതിനെതിരെയാണ് നടപടി.കോണ്‍ഫെഡറേഷൻ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സാണ് ഇതുസംബന്ധിച്ച്‌ പരാതി നല്‍കിയത്. ആമസോണ്‍ ആളുകളെ തെറ്റിദ്ധരിപ്പിച്ചാണ് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതെന്നും ഇക്കാര്യത്തില്‍ നടപടി വേണമെന്നുമാണ് പരാതിയില്‍ പറയുന്നത്.നിരവധി ഉല്‍പന്നങ്ങള്‍ ഇത്തരത്തില്‍ രാമക്ഷേത്രത്തിലെ പ്രസാദമെന്ന പേരില്‍ ആമസോണില്‍ വില്‍ക്കുന്നത് കണ്ടെത്തിയിട്ടുണ്ടെന്ന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പറഞ്ഞു.ശ്രീ റാം മന്ദിർ അയോധ്യ പ്രസാദമെന്ന പേരില്‍ ലഡുവാണ് വിതരണം ചെയ്യുന്നത്. റാം മന്ദിർ അയോധ്യ പ്രസാദമെന്ന പേരില്‍ പേഡയും വിതരണം ചെയ്യുന്നുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി.
ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച്‌ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നത് നിയമപ്രകാരം കുറ്റകരമാണ്. ഇത്തരത്തില്‍ തെറ്റായ രീതിയിലുള്ള വില്‍പന അംഗീകരിക്കാനാവില്ലെന്നും അധികൃതർ വ്യക്തമാക്കി.അതെസമയം നോട്ടീയ് ലഭിച്ചതിനു പിന്നാലെ പ്രസാദത്തിന്റെ (ഓഫർ) വില്‍പ്പന ഓപ്ഷനുകള്‍ നീക്കം ചെയ്തതായും വില്‍പ്പനക്കാർക്കെതിരെ നടപടി ആരംഭിച്ചതായും ഇ-കൊമേഴ്‌സ് ഭീമനായ ആമസോണ്‍ അറിയിച്ചു.