രാഹുൽ മാങ്കൂട്ടത്തിൽ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
ബലാത്സംഗ പരാതിയില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പത്തനംതിട്ട ജില്ലാ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. പത്തനംതിട്ട ജില്ലാ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് രാഹുലിനെ റിമാന്‍ഡ് ചെയ്തു. രാഹുലിനെ ഉടന്‍ മാവേലിക്കര സ്!പെഷല്‍ സബ് ജയിലിലേക്ക് മാറ്റും. ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും കോടതി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
നേരത്തേ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്ന് വൈദ്യപരിശോധനയ്ക്ക് ശേഷം മടങ്ങവേ ഡിവൈഎഫ്‌ഐ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധവുമായി എത്തിയിരുന്നു. സുരക്ഷയ്ക്കായി വന്‍ പൊലീസ് സന്നാഹമാണു ഉണ്ടായിരുന്നത്. രാഹുല്‍ സഞ്ചരിച്ചിരുന്ന പൊലീസ് വാഹനം പ്രവര്‍ത്തകര്‍ തടഞ്ഞതോടെ സംഘര്‍ഷം രൂക്ഷമായി. ആശുപത്രിയിലേക്ക് കയറുന്നതിനിടെ രാഹുലിനെതിരെ കയ്യേറ്റ ശ്രമവും ഉണ്ടായി.
രാഹുലിനെതിരേ ഉയർന്ന മൂന്നാമത്തെ ബലാത്സംഗ പരാതിയിലാണ് ഇപ്പോൾ അറസ്റ്റ് നടന്നിട്ടുള്ളത്. പരാതിക്കാരിയുടെ കൃത്യമായ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. യുവതി വീഡിയോ കോൺഫറൻസിങ് വഴി എഐജി ജി. പൂങ്കുഴലി മുൻപാകെയാണ് മൊഴി നൽകിയത്. ഇതിൽ പത്തനംതിട്ടയിലെ ഒരു ഹോട്ടലിൽ വെച്ച് 2024 ഏപ്രിൽ 24-നാണ് ബലാത്സംഗം നടന്നതെന്നാണ് പറയുന്നത്. ബലാത്സംഗവും ഗർഭഛിദ്രവുമായി ബന്ധപ്പെട്ട തെളിവുകളെല്ലാം യുവതി അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.