സുരേഷ് ഗോപിയെ ജയിപ്പിക്കാൻ ടി.എൻ പ്രതാപൻ ബിജെപിയിൽ നിന്ന് കോടികൾ വാങ്ങി; ഗുരുതര ആരോപണവുമായി പി.കെ ഫിറോസ്
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയെ ജയിപ്പിക്കാൻ മണലൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ടി.എൻ. പ്രതാപൻ ബിജെപിയുമായി കോടികളുടെ ഡീലുണ്ടാക്കിയെന്ന ഗുരുതര ആരോപണവുമായി നാട്ടിക കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് പി.കെ. ഫിറോസ്. സിപിഎമ്മിന്റെ തൃശ്ശൂർ ജില്ലാക്കമ്മിറ്റി ഓഫീസിൽ എൽഡിഎഫ് നടത്തിയ വാർത്താസമ്മേളനത്തിൽ പങ്കെടുത്തുകൊണ്ടാണ് ഫിറോസ് സ്വന്തം പാർട്ടി സ്ഥാനാർഥിയായ പ്രതാപിനെതിരേ രൂക്ഷവിമർശനം ഉന്നയിച്ചത്.
പ്രതാപൻ ബിജെപിയിൽ നിന്ന് ക്യാഷ് വാങ്ങി സുരേഷ് ഗോപിയെ ജയിപ്പിച്ചെന്നും കോടാനുകോടി രൂപയുടെ ഇടപാടാണ് ഇയാൾ നടത്തിയതെന്നും സത്യം തന്റെ കണ്ണുകൊണ്ട് കണ്ടതാണെന്നും എട്ടുകോടി രൂപയാണ് നാട്ടികയിലും മണലൂരിലും സുരേഷ് ഗോപിയുടെയും ബിജെപിയുടെയും കയ്യിൽനിന്ന് പ്രതാപൻ കൈപ്പറ്റി വിതരണം ചെയ്തത് എന്നും അദ്ദേഹം ആരോപിച്ചു. അതോടൊപ്പം പ്രതാപൻ രാവിലെ കോൺഗ്രസും വൈകിട്ട് ബിജെപിയുമാണെന്നും ഫിറോസ് പറഞ്ഞു. അതുപോലെ ബിജെപി കിറ്റ് വിതരണം ചെയ്തതിലും പ്രതാപന്റെ പങ്കു അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പ്രതാപൻ ബിജെപിയുമായി ഉണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ടും സുരേഷ് ഗോപിയെ ജയിപ്പിക്കുന്നതിന് വേണ്ടി നടത്തിയ കൃത്യമായ ഇടപെടലും ഗൂഢാലോചനയുമൊക്കെ കോൺഗ്രസ് പ്രവർത്തകരുടെ കൈവശം രേഖകളായിട്ടുണ്ട് എന്നും ഫിറോസ് പറഞ്ഞു.