ഗായിക എസ് ജാനകിയുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു
മൈസൂരു: വിഖ്യാത ഗായിക എസ്. ജാനകിക്ക് യാത്രാമൊഴിയേകി രാജ്യം. സ്വരമാധുരിയിൽ ഒരുപാട് തലമുറകളെ വിസ്മയിപ്പിച്ച 'മലയാളത്തിന്റെ ദത്തുപുത്രി'യെ മൈസൂരിവിലെ കനിയനഹുണ്ഡി ഫാം ഹൗസില്‍ സംസ്‌കരിച്ചു. പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാര ചടങ്ങുകൾ നടന്നത്.
ജാനകിയമ്മയെ അവസാനമായി ഒരുനോക്ക് കാണാന്‍ ആയിരങ്ങളാണ് മൈസൂരുവിലെ മഹാരാജാ ഗ്രൗണ്ടിൽ നടന്ന പൊതു ദർശനത്തിലേക്ക് ഒഴുകിയെത്തിയത്. മണിക്കൂറുകൾ നീണ്ടു നിന്ന പൊതു ദർശനത്തിനു ശേഷം കനിയനഹുണ്ടി ഫാം ഹൗസിൽ സംസ്കാര ചടങ്ങുകൾ നടത്തുകയായിരുന്നു.
ചെറുമകൾ അപ്സരയാണ് ജാനകിയമ്മയുടെ അന്ത്യകർമ്മങ്ങൾ നിർവഹിച്ചത്. തെലുങ്ക് ബ്രാഹ്മണ ആചാരപ്രകാരമായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. മൈസൂരുവില്‍ തന്നെ സംസ്‌കരിക്കണമെന്ന ജാനകിയമ്മയുടെ ആഗ്രഹമാനുസരിച്ചായിരുന്നു സംസ്കാരം ഇവിടെ തന്നെ നടത്തിയത്.
സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ അന്തിമോപചാരം അർപ്പിച്ചു. മൈസൂരു മഹാരാജാ ഗ്രൗണ്ടിൽ നടന്ന പൊതു ദർശന ചടങ്ങിൽ എത്തിയാണ് റോജി എം. ജോൺ പുഷ്പചക്രം സമർപ്പിച്ചത്. തലമുറകളെ സംഗീതത്തിലൂടെ ബന്ധിപ്പിച്ച അപൂർവ പ്രതിഭയായിരുന്നു എസ്. ജാനകിയെന്ന് മന്ത്രി പറഞ്ഞു.