പെയ്തൊഴിയാതെ: കവിത, സൂസൻ പാലാത്ര

 പെയ്തൊഴിയാതെ: കവിത, സൂസൻ പാലാത്ര

പെയ്തൊഴിയാതെ

എന്നിൽ ഘനീഭവിച്ചു

നില്ക്കുന്ന കദനങ്ങളെ

വിട്ടുപിരിയാത്തതെന്തേ നിങ്ങൾ?

ഒരു മാത്രയീ വേദനകളെന്നിൽ

നിന്നകന്നാലോ ഒരു വേള

ഞാനൊന്നു ചിരിച്ചീടുകിലോ

കൈരളിയ്ക്കേകീടാം

കാവ്യത്തിൽ കൊരുത്തൊരു മണിമാല

പറഞ്ഞിട്ടും പറഞ്ഞിട്ടും

  തീരാത്ത വേദനകൾ

എഴുതിയെഴുതി സൂക്ഷിച്ചു

   ഞാനേറെയെൻ പുസ്തകത്താളുകളിൽ

കണ്ണീർ വീഴ്ത്താതെ,  

   മനതാരിൽ മാത്രമായി

 കരഞ്ഞിട്ടെൻ

കണ്ണിണയാകെയിടുമ്മലായി

എന്നിട്ടുമെൻ വേദനയെന്തെന്നെന്നോ 

പരിഹാരമോതുവാനോ വന്നതില്ലാരും

പൊന്നുണ്ണിയെ നഷ്ടപ്പെട്ടൊരമ്മ 

തൻവേദന ചൊല്ലിടാൻ

  വാക്കുകൾക്കേറെ ക്ഷാമം

 ഒന്നുചാരാനെൻ പ്രിയാ

  നിൻചുമൽ വേണം

തല ചായ്ച്ചൊന്നു വിശ്രമിപ്പാൻ

 നിൻമാർവ്വിടവും വേണം

ആവോളം കരഞ്ഞിട്ടെൻ

 കദനങ്ങളെല്ലാം മാറിടട്ടെ

നിന്റെ  തലോടലിൽ 

  ആശ്വാസം

കൊള്ളട്ടേ ഞാൻ

ആവോളംപെയ്യട്ടെ 

  എൻമിഴികൾ 

പെയ്തു പെയ്തു തീരട്ടെ

 എന്നെച്ചൂഴ്ന്നു നില്ക്കും 

 ദു:ഖങ്ങളെല്ലാം.

ഒന്നെന്നെ ചേർത്തു പിടിക്കൂ

എനിക്കേറ്റം പ്രിയനായ കർത്തനെ,

നിന്റെയാശ്ലേഷത്തിലെല്ലാം

 ഞാനൊന്നു മറന്നിടട്ടേ

സാരമില്ലെന്നോതി മെല്ലെ

 ഒന്നുപുണരുകില്ലേ

പെയ്തൊഴിയട്ടെ

 മനം ശുദ്ധമാവട്ടെ

പെയ്തൊഴിയാതെ 

  ഘനീഭവിച്ചു നില്ക്കുന്നീ

സ്ഥായിയാം ദു:ഖഭാവം മാറി

വസന്താർത്തുവായി

 ഞാനൊന്നു ഗമിച്ചിടട്ടെ.

 

സൂസൻ പാലാത്ര