പൂവിന്റെ ദുഃഖം: കവിത , റുക്സാന കക്കോടി

പൂവിന്റെ ദുഃഖം: കവിത , റുക്സാന കക്കോടി

ന്നും മഴ പെയ്തിരുന്നു -
ഇന്നും മഴ പെയ്യുന്നു,
ഇവിടെ വച്ചാണ് നീയാദ്യമായവളെ കണ്ടത് -
എന്റെ പൂക്കൾ ഇറുത്താണ് നിങ്ങൾ പരസ്പരം പ്രണയം കൈമാറിയത്.

അന്നു ഞാൻ എത്ര - സന്തോഷിച്ചെന്നോ ....!
നിങ്ങളുടെ കളി ചിരികൾ -
കണ്ടു മതിമറന്നു ഞാൻ നിന്നപ്പോൾ,
നീയെന്റെ പരിമളം ആസ്വദിച്ചു.

ഇന്ന് നീ പുതുവഴി തേടിയപ്പോൾ -
പ്രണയവേദന എന്നോടുരച്ചവൾ പലവട്ടം കരഞ്ഞു,
അവളുടെ കണ്ണീർ ,പെയ്ത മഴയിൽ അലിഞ്ഞു ചേർന്നു.

ഇന്നവൾ നിദ്രയിലാണ് -
എന്നരികിൽ,
മണ്ണിൻ മാറിലവളുറങ്ങുമ്പോൾ -
ഞാൻ അവൾക്ക് കാവൽ നിൽക്കുകയാണ്,
എന്റെ തലോടലേറ്റ് അവൾ ഉറങ്ങട്ടെ.

ചതിവിന്റെ മുഖപടം -
മാറ്റി നീയണയുമ്പോൾ,
എല്ലാം കൊഴിഞ്ഞിരിയ്ക്കും ,
എന്നെ പോലെ.

മഴ നനഞ്ഞ എന്റെ ഇതളുകൾ -
ഇനിയും കഥ പറയും,
പ്രണയത്തിന്റെ -
പ്രണയ നൈരാശ്യത്തിന്റെ,
കദനമൂറും കഥകൾ.



റുക്സാന കക്കോടി