പ്രകൃതിതൻ രൂപഭംഗികൾ: കവിത, സുധ അജിത്

പ്രകൃതിതൻ രൂപഭംഗികൾ: കവിത, സുധ അജിത്

കിത മേഘത്തിൻചലിത ഘോഷങ്ങളിൽ

കാർമുകിൽ വാനത്തിൽ, കാനന ഭംഗിയിൽ 

പീലി വിടർത്തും മയൂര നൃത്തങ്ങളിൽ

മതിമറന്നാടും തരുനികരങ്ങളിൽ

 

ചാമരം തുള്ളുന്ന കാറ്റിന്നലകളിൽ

തുമ്പിലച്ചാർത്തിലായ്തത്തിക്കളിക്കുന്ന

തത്തമ്മപ്പക്ഷിതൻ തേനൂറും ചുണ്ടിലെ

താമരച്ചേലാർന്ന ചോപ്പിൻകണികളിൽ

 

കാവുകൾ തോറും പാടിപ്പറക്കുന്ന

കാക്കക്കറുപ്പാർന്ന കുയിലമ്മ തന്നുടെ

കാതോരം ചൊല്ലുന്ന കാവ്യശീലുക്കളിൽ

കളകളം പാടുന്ന പുഴയോളങ്ങളിൽ

 

അമ്പലമുറ്റത്തും തേന്മാവിൻചോട്ടിലും

ഇമ്പമോടെ രാഗമാലപിച്ചങ്ങനെ

മെല്ലെക്കുറുകുന്ന പ്രാവിൻ മൊഴികളിൽ

മാധുര്യമേറും ചകോര നടനങ്ങളിൽ

 

ആടിക്കളിക്കുന്ന ആൽമരച്ചില്ലയിൽ

അഞ്ജനമെഴുതിയ മൈനതൻ മിഴികളിൽ

കാണുന്നു ഞാനീ പ്രകൃതി തൻ ഭംഗികൾ

പാലനം ചെയ്യുന്ന പ്രപഞ്ചപ്പൊരുളുകൾ

 

സുധ അജിത്