ഈ കവലയിൽ ഇത്തിരിനേരം: കവിത, സി.ജി.ഗിരിജൻ ആചാരി

ഈ കവലയിൽ ഇത്തിരിനേരം: കവിത,   സി.ജി.ഗിരിജൻ ആചാരി

 

 

ള്ളിൽ മഥിക്കുന്ന 

ഓർമ്മകൾ ചിന്തകൾ പങ്കുവെച്ചെത്രയോവട്ടം

നാമൊത്തുകൂടി...

രാപ്പകൽ നോക്കാതെ,

സമയം നോക്കാതെ,

നാമൊന്നിച്ചു ചേർന്നോരി

നാൽക്കവലയിങ്കൽ...

പടർന്നുപന്തലിച്ചൊരീ തണൽ

വൃക്ഷമുത്തശ്ശി നമ്മൾക്കെന്നും കൂട്ടായിരുന്നു...

 

കഥകൾ പറഞ്ഞും കവിതകൾ ചൊല്ലിയും

തങ്ങളിൽ തങ്ങളിൽ വഴക്കടിച്ചും

പിന്നെയും സ്നേഹിച്ചു  വെടിപറഞ്ഞും

കെട്ടിപ്പടുത്തൊരാ സ്നേഹ സാമ്രാജ്യം

നല്ലോരു കാലത്തിന്നോർമ്മയല്ലോ....

 

പറയുവാനേറെ കഥയുണ്ടീക്കവലയ്ക്ക്..

ഒട്ടേറെ വർഷം പിന്നിടും ഈ മുത്തശ്ശി മരവും 

കാഴ്ചകളെത്ര കണ്ടിരിക്കാം...

 

മുത്തശ്ശനെന്നോടു പണ്ടേ പറഞ്ഞതും

മുത്തശ്ശന്റച്ഛനും പറഞ്ഞതുണ്ടത്രേ....

ഏറെ സ്മൃതികളുണർത്തുമീ കവലയും

ആൽവൃക്ഷവും

അത്രമേൽ പഴക്കം ചെന്നതാണത്രേ....

 

പോയകാലത്തിന്റെ ഓർമ്മകൾ പുൽകി

ഗ്രാമവിശുദ്ധിതൻ ചൈതന്യമായി

ഇന്നുമീ കവല നിലകൊണ്ടിടുമ്പോൾ

പുതുതലമുറയ്ക്കറിയില്ല,

പഴയകാലത്തിന്റെ സംസ്കൃതിക്കുള്ളിലെ

നന്മകൾ പുൽകും

നാരായവേരുകൾ...

 

വെട്ടിമുറിക്കുന്നു പൈതൃകസത്തയെ

ഒറ്റുകൊടുക്കുന്നു

ഭൂമിമാതാവിനെ...

കാലത്തിൻ വികൃതിയായ്

കോലങ്ങൾ കെട്ടുവാൻ,

ഒട്ടും മടിയാത്ത പരിഷ്കാര വർഗ്ഗവും.

വികസനം ചൊല്ലി...

പഴമയേത്തള്ളി...

പുതുമതൻ വിത്തിടം നേടുവാനായ്

കാരുണ്യമില്ലാതെ വെട്ടിമുറിക്കുന്നു

മണ്ണിൻ സമൃദ്ധിയാം വൃക്ഷങ്ങളേ...

 

നാടിന്റെ നന്മകൾ ഓർമ്മപ്പെടുത്തുവാൻ

ഇന്നുമങ്ങിങ്ങായ് കാണാം

ചില കവലകൾ ചന്തകളിതുപോൽ...

 

വിരിയട്ടെ ഗ്രാമവിശുദ്ധിയെങ്ങും..

വീണ്ടെടുത്തീടാം

ആ പഴയകാലം...

 

കാവും കുളങ്ങളും പാടങ്ങളും

പിന്നെ നാവൂറു പാടുന്ന പൈങ്കിളിയും..

തെങ്ങും കവുങ്ങും  പ്ലാവുമെന്നിങ്ങനെ

ഒട്ടേറെ വൃക്ഷങ്ങൾ 

നിറയട്ടെയെങ്ങും  ഹരിതാഭമായി...

 

പ്രത്യാശയോടെന്നും  കാത്തിരിക്കാം...

നാളെതൻ വഴികളിൽ

വന്നുചേരാം,

നാട്ടുകവലകൾ,

ചന്തകൾ

കേരളനാടിന്റെ പൈതൃകമായി....

 

 സി.ജി.ഗിരിജൻ ആചാരി, തോന്നല്ലൂർ