ലൈംഗികാതിക്രമ കേസില്‍ പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍

ലൈംഗികാതിക്രമ കേസില്‍ പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍

ബെംഗളൂരു: ലൈംഗികാതിക്രമ കേസില്‍ പ്രതിയായ പ്രജ്വല്‍ രേവണ്ണയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കേസ് വന്നതിന് പിന്നാലെ രാജ്യം വിട്ട പ്രജ്വല്‍ ജർമനിയില്‍ നിന്ന് മടങ്ങിയെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്.

പ്രജ്വല്‍ വിമാനമിറങ്ങുന്നത് കാത്തുനിന്ന എസ് ഐ ടി സംഘം അടക്കമുള്ള വൻ പോലീസ് സംഘമാണ് പ്രജ്വലിനെ ബെംഗളൂരു വിമാനത്താവളത്തില്‍ വെച്ചുതന്നെ കസ്റ്റഡിയില്‍ എടുത്തത്. പ്രജ്വലിനെ ഇന്ന് പ്രാഥമികമായി ചോദ്യം ചെയ്ത് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

പ്രജ്വല്‍ രേവണ്ണ മ്യൂണിക്കില്‍ നിന്ന് പുറപ്പെട്ട ലുഫ്താൻസ വിമാനം DLH 76 അർധരാത്രി ഏകദേശം 12. 50 ഓടെയാണ് വിമാനത്താവളത്തില്‍ ലാൻഡ് ചെയ്തത്. 20 മിനിറ്റ് വൈകിയാണ് വിമാനം എത്തിയത്. 34 ദിവസം ഒളിവില്‍ കഴിഞ്ഞ പ്രജ്വലിനെ വിമാനത്താവളത്തില്‍ നിന്ന് തന്നെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

പാലസ് റോഡിലെ സി ഐ ഡി ഓഫീസിലെത്തിച്ച പ്രതിയുടെ മെഡിക്കല്‍ പരിശോധന രാത്രി തന്നെ നടത്താനായി ആംബുലൻസ് അടക്കം തയ്യാറാക്കിയിരുന്നു. ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് ലൈംഗികാതിക്രമ കേസിലെ പ്രതിയായ പ്രജ്വല്‍ മടങ്ങിയെത്തിയത്. പ്രജ്വല്‍ വിമാനം കയറി വിവരം പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.