യുപി ബാഗ്പത് ദര്‍ഗയുടെ ഉടമസ്ഥാവകാശം ഹിന്ദു പക്ഷത്തിന് വിട്ട് നല്‍കി കോടതി

യുപി ബാഗ്പത് ദര്‍ഗയുടെ ഉടമസ്ഥാവകാശം ഹിന്ദു പക്ഷത്തിന് വിട്ട് നല്‍കി കോടതി
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിലെ ബർണാവ ഗ്രാമത്തിലെ ദർഗയുടെ ഉടമസ്ഥാവകാശം ഹിന്ദു പക്ഷത്തിന് വിട്ട് നല്‍കാൻ ബാഗ്പത് ജില്ലാ കോടതി ഉത്തരവിട്ടു. ദർഗ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം പക്ഷം സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. സൂഫി വര്യൻ ബദറുദ്ദീൻ ഷായുടെ ദർഗയാണ് ഇതെന്ന് മുസ്ലിം പക്ഷം പറയുന്നു. ബാഗ്പത് ജില്ലയിലെ ഹിൻഡൻ, കൃഷ്ണ നദികളുടെ സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ ഈ കുന്ന് മഹാഭാരതത്തിലെ 'ലക്ഷഗൃഹം' (പാണ്ഡവരുടെ പുരാതന കൊട്ടാരം) ആണെന്നാണ് ഹിന്ദു പക്ഷത്തിന്റെ വാദം.

52 വർഷമായി ഇരുവിഭാഗവും തമ്മില്‍ തുടരുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച്‌ നിയമപോരാട്ടത്തിന് ഒടുവിലാണ് ഇപ്പോള്‍ കോടതി വിധി ഉണ്ടായിരിക്കുന്നത്. 1970 ല്‍ ഹിന്ദു വിഭാഗം ദർഗക്കകത്ത് അതിക്രമിച്ച്‌ കയറി പ്രാർഥന നടത്താൻ ശ്രമിച്ചു എന്നാരോപിച്ച്‌ ദർഗാ ഭാരവാഹിയായ മുഖീം ഖാന്‍ കോടതിയെ സമീപിച്ചതോടെയാണ് നിയമ പോരാട്ടത്തിന് തുടക്കമായത്.

സ്ഥലത്തു ഖബറിടമോ ദർഗയോ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ബാഗ്പത് സെഷൻസ് കോടതിയിലെ ജില്ലാ ജൂനിയർ ഡിവിഷൻ സിവില്‍ ജഡ്ജ് ശിവം ദ്വിവേദി മുസ്ലീം വിഭാഗത്തിൻ്റെ ഹർജി തള്ളിയതായി ഹിന്ദു പക്ഷത്തെ പ്രതിനിധീകരിച്ച അഭിഭാഷകനായ രണ്‍വീർ സിംഗ് തോമറിനെ ഉദ്ധരിച്ച്‌ വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

ഭൂമി മഹാഭാരതകാലത്തെ ലക്ഷഗൃഹമാണെന്നും അതിനോട് ചേർന്നുള്ള ഭൂമി ഗാന്ധിധാം ആശ്രമത്തിൻ്റേതാണെന്നും മഹാരാജ് കോടതിയില്‍ വാദിച്ചു. അതേസമയം വിധിക്കെതിരെ ഹൈകോടതിയെ സമീപിക്കുമെന്ന് മുസ്ലിം വിഭാഗം അഭിഭാഷകന്‍ അഡ്വ. ശാഹിദ് ഖാന്‍ പറഞ്ഞു