വിമാനം ഡല്‍ഹിയില്‍ പാര്‍ക്ക് ചെയ്ത നിലയില്‍, ഹേമന്ത് സോറനെ കാണാനില്ലെന്ന് ഇ.ഡി

വിമാനം ഡല്‍ഹിയില്‍ പാര്‍ക്ക് ചെയ്ത നിലയില്‍,  ഹേമന്ത് സോറനെ കാണാനില്ലെന്ന് ഇ.ഡി

റാഞ്ചി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറനെ ഇ.ഡി ചോദ്യം ചെയ്യാനിരിക്കെ തലസ്ഥാനമായ റാഞ്ചിയിലും ന്യൂഡല്‍ഹിയിലും നാടകീയ നീക്കങ്ങള്‍.

കഴിഞ്ഞ 24 മണിക്കൂറായി സോറനെക്കുറിച്ച്‌ യാതൊരു വിവരവുമില്ലെന്നും അദ്ദേഹത്തെ കാണാതായെന്നും ഇ.ഡി അറിയിച്ചു. എന്നാല്‍ അദ്ദേഹവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഉടന്‍ ഡല്‍ഹിയില്‍ തിരിച്ചെത്തുമെന്നും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച( ജെ.എം.എം) യുടെ നേതാക്കള്‍ പറയുന്നു.

റാഞ്ചിയില്‍ നിന്ന് ഇദ്ദേഹം ഡല്‍ഹിയിലെത്തിയ ചാര്‍ട്ടേഡ് വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്തിട്ടുണ്ട്. സോറന്റെ ജോലിക്കാരില്‍ പലരുടെയും ഫോണുകള്‍ സ്വിച്ച്‌ ഓഫ് ആണ്. ഡല്‍ഹിയില്‍ ഇയാളുടെ ബിഎംഡബ്ല്യു കാര്‍ ഇഡി പിടിച്ചെടുത്തിരുന്നു. ഡ്രൈവറെയും ചോദ്യം ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. ചില രേഖകളും പണവും കണ്ടെത്തിയതായും സൂചനകളുണ്ട്.

ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ വസതിയിലും ഝാര്‍ഖണ്ഡ് ഭവനിലും എത്തിയെങ്കിലും സോറനെ കണ്ടെത്താനായില്ല എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.