പെരുന്നാൾ; കഥ, ജയ്മോൻ ദേവസ്യ

 പെരുന്നാൾ; കഥ, ജയ്മോൻ ദേവസ്യ

 

 

ണ്ണീശോ ചവിട്ടി നിൽക്കുന്ന  ഭൂഗോളത്തെ നോക്കി 
"ഇതെന്താ കുടം ആണോ അമ്മേ...?" എന്ന ഉണ്ണിമോളുടെ
ചോദ്യം തീരുന്നതിന് മുൻപ്
വെടിക്കെട്ടിൻ്റെ ആരംഭം കുറിച്ച് വൻ ശബ്ദത്തിൽ ഒരു ഗുണ്ട് പൊട്ടി. 

ഓർക്കാപ്പുറത്തെ ശബ്ദം കേട്ട് ഉണ്ണിമോൾ ഞെട്ടിപ്പോയി.
കൂടെ അടുത്ത ബഞ്ചിൽ ഇരുന്നയാളും ഞെട്ടി..
ഉണ്ണിമോളുടെ കൈയിൽ പിടിച്ച് ഒച്ചയുണ്ടാക്കരുതെന്ന് ആംഗ്യം കാണിച്ചു കൊണ്ട് മിനി പതുക്കെ ചോദിച്ചു

"പേടിച്ചോ..?"
ഇല്ല എന്ന രീതിയിൽ അവൾ തലയാട്ടി .

"വെടിക്കെട്ട് തുടങ്ങി ..ഗുണ്ടുകൾ പൊട്ടും. പേടിക്കരുത് കൊച്ചേ.."
ശബ്ദം താഴ്ത്തി ഓർമ്മിപ്പിച്ചു.

അപ്പോഴാണ്  ബഞ്ചിലിരുന്ന് ഞെട്ടിയ ആളെ ശ്രദ്ധിച്ചത്.

നല്ല പരിചയം തോന്നുന്നു.. 
ബെന്നി ആണോ?
ബെന്നിയുടെ അനിയനാണ് പെരുന്നാൾ നടത്തുന്നതെന്നാണല്ലൊ അമ്മ പറഞ്ഞത്..? 

മിനി ഓർത്തു.
കല്യാണം കഴിഞ്ഞതിൽ പിന്നെ നാട്ടിലേക്ക്  വല്ലപ്പോഴുമാണ് എത്താറുള്ളത്.

അതും മിക്കവാറും ഉണ്ണീശോയുടെ പെരുന്നാളിന് മാത്രം..

ഇത്തവണത്തെ പെരുന്നാൾ കാര്യം പറയാൻ വിളിച്ചപ്പോഴാണ് അമ്മ സൂചിപ്പിച്ചത്.
"ഇത്തവണത്തെ പ്രസുദേന്തി സിബിച്ചനാ... കയ്യോലിക്കലെ..."

"ഉം ...അവന് പെരുന്നാളൊക്കെ നടത്താനുള്ള സാമ്പത്തികമായോ?" 

"അവന്റെ കെട്ടിയോള് വെളിയിലെവിടയോ അല്ലേ.. നല്ല സാമ്പത്തികം ഉണ്ട്.." അമ്മ മറുപടിയും പറഞ്ഞു

അവരെക്കുറിച്ചു കേട്ടപ്പോൾ  ചിരി വന്നു.
സിബിച്ചൻ്റെ ബെന്നിയെന്ന  ചേട്ടനാണ് തനിക്ക് ആദ്യമായി ലവ് ലറ്റർ തന്ന കക്ഷി...
അതും  പത്തിൽ പഠിക്കുമ്പോൾ...

പള്ളിയിൽ വേദപാഠത്തിന് പോയി വരുമ്പോൾ എതിരെ വന്ന ബെന്നി ഒന്നും അറിയാത്ത മട്ടിൽ വന്ന് കൂട്ടിമുട്ടി .
നിലത്ത് വീണ ബുക്ക് എടുത്തുതരികയും ചെയ്തു.
അപ്പോൾ അസ്വാഭാവികതയൊന്നും തോന്നിയില്ല.
എന്നാൽ വീട്ടിലെത്തി ബുക്ക് തുറന്നപ്പോഴാണ് അതിൽ ലവ് ലറ്റർ വച്ച കാര്യം കാണുന്നത്.

പേടിച്ചു പോയി...
വലിയ പാപം ചെയ്തതായി തോന്നി..
അപ്പോൾ തന്നെ അക്കാര്യം വീട്ടിൽ പറഞ്ഞു.
അപ്പൻ്റെ അമ്മ വഴി എന്താേ ബന്ധം ഉള്ളതാണ് ബെന്നിയുടെ അപ്പനുമായി.  വളരെ അകന്ന ബന്ധമാണ്.
വാർത്ത അറിഞ്ഞ  അപ്പൻ നേരെ ഇവരുടെ വീട്ടിൽ ചെന്ന് വഴക്കുണ്ടാക്കിയതും, ഇവരുടെ അപ്പൻ ക്ഷമ പറഞ്ഞതുമെല്ലാം ഇന്നലെ പോലെ ഓർമ്മ വരുന്നു.

പിന്നീട് ബെന്നിയുടെ ഉപദ്രവം ഉണ്ടായിട്ടില്ല.

ഈ സംഭവം കഴിഞ്ഞ് ഏറെ നാളുകൾക്ക് ശേഷം, തമ്മിൽ കണ്ടപ്പോൾ ബെന്നി അന്നു നടന്ന സംഭവം ഓർമിപ്പിക്കുക മാത്രം  ചെയ്തു.
"മിനി.. കത്തിൻ്റെ കാര്യം നീ വീട്ടിൽ പറയരുതായിരുന്നു ,...." എന്ന് മാത്രം പറഞ്ഞ് അന്നാ വർത്തമാനം അവസാനിപ്പിച്ചു....

പിന്നീട് ബെന്നിയെ കാര്യമായി കണ്ടിട്ടില്ല..

അതെ, ഇവിടെ ഇരിക്കുന്നത് അവൻ തന്നെയാണ്..

കണ്ടാൽ തന്നെ അറിയാം, എന്തോ കാര്യമായ കുഴപ്പമുണ്ട്.
കണ്ടമാനം വയസ്സായതു പോലെ.
ശരീരമാകെ നീരുണ്ടെന്ന് തോന്നുന്നു..
തന്നെ മനസ്സിലായോ എന്നറിയില്ല ..

ഒന്നുകൂടി ഉറപ്പിക്കാൻ അവർ ഇരുന്ന ബഞ്ചിനെ ചുറ്റി, കാെച്ചിനെയും പിടിച്ച് ഉണ്ണീശോക്ക് മുന്നിലെത്തി പ്രാർത്ഥിച്ചു..

തിരികെ ബെന്നിയുടെ പുറകിലെ ബെഞ്ചിൽ വന്നിരുന്നു.

ഇരുന്നപ്പോഴും ശ്രദ്ധ ബെന്നിയിൽ തന്നെ...

ഭാര്യയും രണ്ടു പെൺമക്കളുമായിട്ടാണ് ഇരിക്കുന്നത്.
ഏറിയാൽ 12 ഉം 10 ഉം വയസ്സുള്ള പെൺകുട്ടികളാണ്...

വെളിയിൽ മൈതാനത്ത് പാെട്ടുന്ന പടക്കങ്ങളുടെയൊ, ഗുണ്ടുകളുടെയോ ശ്രദ്ധയിലേക്ക്  അവർ പോകുന്നേയില്ല എന്നു തോന്നി...

ഭാര്യയുടെ കൈകൾക്കുള്ളിലാണ് ബെന്നിയുടെ കൈകൾ...

ഒച്ചയും അനക്കവും ഒന്നും തങ്ങളെ ബാധിക്കുന്നില്ല എന്ന ഭാവത്തിൽ പ്രാർത്ഥനയിലാണെന്നു തോന്നുന്നു....

  മുന്നിലിരിക്കുന്ന ചുവന്ന പട്ടിൻ്റെ ഉടുപ്പും ഇട്ട് സുന്ദരനായ ഉണ്ണീശോയുടെ രൂപത്തിൽ നിറയെ ആഭരണങ്ങളാണ്.
എല്ലാം ജനങ്ങൾ നൽകിയതാണ്.
ആ രൂപത്തിലേക്ക് നോക്കിയാണ് പ്രാർത്ഥന...

വെടിക്കെട്ടു കണ്ടു കഴിഞ്ഞ് കെട്ടിയോൻ കുഞ്ഞുമോൻ വന്ന് വീട്ടിലേക്ക് തിരിച്ചപ്പോഴും ബെന്നിയും കുടുംബവും പള്ളിയിൽ തന്നെ ഇരിക്കുന്നുണ്ട്.

തിരികെ വീട്ടിലെത്തിയിട്ടും ബെന്നിയെക്കുറിച്ചുള്ള ചിന്ത മാറിയില്ല.

അത്താഴത്തിനു ശേഷം മരുമോനും അമ്മായിയപ്പനും കൂടുമ്പോൾ , മിനി  അമ്മയോട് തന്നെ ചോദിച്ചു.

"കയ്യൊലിക്കലെ ബെന്നിക്കെന്തു പറ്റിയ താ അമ്മേ.? ഇന്നു കണ്ടിട്ട് മനസ്സിലായില്ല. ആകെ വയസ്സനായതു പോലെ ..!"

"അവന് കിഡ്നീടസുഖമാണ്.."
" ബെന്നിക്ക് വേണ്ടി പള്ളീന്നൊക്കെ പിരിവിട്ട് കിഡ്നിമാറ്റി വയ്ക്കാൻ ഫണ്ട് ഉണ്ടാക്കുന്നുണ്ട്.. '' അമ്മ പറഞ്ഞു.

"ഇപ്പോൾ ബെന്നീടനിയൻ സിബിക്ക് നല്ല ചുറ്റുപാടാണെന്ന് പറഞ്ഞിട്ട്..? പെരുന്നാൾ നടത്തണമെങ്കിൽ തന്നെ ചുരുങ്ങിയത് ഇരുപതുലക്ഷമെങ്കിലും വേണ്ടേ ...? പിന്നെന്താ ചേട്ടന് വേണ്ടി പിരിവൊക്കെ വേണ്ടി വന്നത്." മിനി ചോദിച്ചു

അമ്മയുടെ മറുപടി  ദു:ഖകരമായിരുന്നു ...

ബെന്നി കല്യാണം കഴിച്ചത് കിഴക്കുള്ള ഒരു പെണ്ണിനെയാണത്രെ.
കല്യാണ സമയത്ത് അവൻ ചന്തയിൽ പലചരക്കുകട നടത്തുവായിരുന്നു.
അധികം താമസിയാതെ അപ്പൻ്റെ കയ്യിൽ നിന്ന് വീതം വാങ്ങി കച്ചവടം വിപുലീകരിച്ചു.
വീതം കിട്ടാൻ വേണ്ടി വീട്ടിൽ വഴക്കുണ്ടാക്കി വീട്ടുകാരുമായി തെറ്റി..

അതിനിടയിലാണ് അവന് ആരാേഗ്യ സംബന്ധമായ  പ്രശ്നങ്ങൾ ഉണ്ടായത്.
കട തുറക്കാൻ സാധിക്കാതെ വരികയും സാമ്പത്തിക ഞെരുക്കവും ഉണ്ടായി. 
അപ്പൻ്റെ കയ്യിൽ നിന്ന് വീതം വാങ്ങാൻ വഴക്കുണ്ടാക്കിയതിൻ്റെ പേരിൽ കുടുംബത്തിൽ നിന്നും കാര്യമായ സഹായമൊന്നും കിട്ടിയില്ല.

അവസാനം ചികിത്സയ്ക്കായി ഭാര്യക്കു സ്വന്തം വീട്ടുകാരെ ആശ്രയിക്കേണ്ടി വന്നു..
  ബെന്നിയുടെ നീക്കിയിരിപ്പുണ്ടായിരുന്ന സാമ്പത്തികമെല്ലാം  ചിലവഴിച്ചു.
കടയിൽ ശ്രദ്ധ കുറഞ്ഞതോടെ  കച്ചവടവും പൊട്ടി..
അതിനിടയിൽ അനിയൻ കല്യാണം കഴിച്ചു.
യുറോപ്പിൽ നഴ്‌സാണ് ഭാര്യ. ആ കല്യാണത്തിന് ബെന്നിയെയും കുടുംബത്തെയും ക്ഷണിച്ചില്ല.
അതോടെ ബന്ധം അറ്റ നിലയിലായി..
ആപത്തു കാലത്ത് സഹോദരനെ സഹായിക്കാൻ അനിയന് കൂടി തോന്നണ്ടേ..?
അനിയൻ്റെ ഭാര്യയും ചേട്ടനെ സഹായിക്കുവാൻ സമ്മതിക്കില്ലത്രെ...

ബെന്നിയുടെ അസുഖം മൂർച്ഛിച്ച്, കിഡ്നി മാറ്റി വയ്ക്കാതെ പറ്റില്ല എന്ന നിലയിലേക്ക് എത്തിയിട്ടും അനിയൻ സഹായിക്കുന്നില്ല...

അവസാനം വികാരിയച്ചൻ ഇടപെട്ട് ഇടവകയിൽ പൊതു പിരിവെടുത്ത് കിഡ്നിമാറ്റിവയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

ഇതൊക്കെയാണ് അമ്മ പറഞ്ഞ കാര്യങ്ങൾ..

കേട്ടിട്ട് അതിയായ ദു:ഖം തോന്നി....
പെരുന്നാളിൻ്റെ സന്തോഷമെല്ലാം തീർന്നു.

മന:പ്പൂർവ്വം തന്നെ അടുത്ത ദിവസം പള്ളിയിൽ പോയില്ല... എന്താണെന്നറിയില്ല .. പോകാൻ തോന്നിയില്ല ..

'സ്വന്തം സഹാേദരനെ കാണാൻ കഴിയില്ലാത്തവൻ എങ്ങിനെ കാണപ്പെടാത്ത ദൈവത്തെ ആരാധിക്കും..?' യേശുവിൻ്റെ വാക്കുകൾ അനുസരിക്കാത്തവൻ പെരുന്നാൾ നടത്തുന്നത് ശരിയായി തോന്നിയില്ല ..

ഇന്നലെ പള്ളിയിലിരിക്കെ  പൊട്ടിയ പടക്കങ്ങളുടെ ശബ്ദം ഏത് രീതിയിലായിരിക്കും ബെന്നിയുടെ ചങ്കിൽ തറച്ചിട്ടുണ്ടാവുക എന്നോർത്തപ്പോൾ മിനിയുടെ ചങ്ക് കലങ്ങി ...

സഹോദരബന്ധത്തിൻ്റെ ആഴം വെറും സമ്പത്തിൽ ഒതുങ്ങുന്നതിൻ്റെ  ചിന്തയിൽ മിനി നടക്കവെ അടുത്ത ഒരു പെരുനാൾ കൂടാൻ പറ്റുമോ എന്നുറപ്പില്ലാത്ത ആ മനുഷ്യൻ തന്റെ ഭാര്യയെയും കുട്ടികളെയും ചേർത്തു പിടിച്ച്  പള്ളിയെ ലക്ഷ്യമാക്കി പതുക്കെ നടക്കുകയായിരുന്നു ...

 

 ജയ്മോൻ ദേവസ്യ, തലയോലപ്പറമ്പ്