ഉത്തമഗീതം: കവിത,  ജോൺ വറുഗീസ്

ഉത്തമഗീതം: കവിത,  ജോൺ വറുഗീസ്
പ്രിയേ
നാല്പതു രാവും
നാല്പതു പകലും നാമിരുവരും കണ്ടുമുട്ടാ-
തിരുട്ടിൽ അകംപുറം തിരിഞ്ഞുറങ്ങാതെ
തെക്കുവടക്കു വീശും
കാറ്റിൽ കെട്ടുപോയ
വഴിവിളക്കിൻ ചോട്ടിൽ
ഒന്നും പറയാതൊരു
വാക്കിലോ നോക്കിലോ
തുള്ളിയും തൂവാതെ
ചാണകത്തറയിൽ
ഒരേ കിടക്ക രണ്ടായ്
പകുത്തും
പഞ്ഞം പാതി
മൂടിവച്ചും
തല്ലുകൊള്ളാതുറങ്ങും
കിടാങ്ങളെ
കഞ്ഞിവെള്ളത്തെളി
കാട്ടി കൊതിപ്പിച്ചും
നാൽപതു രാവും
നാല്പതു പകലും
നിർത്താതെ പെയ്യും
മഴച്ചീളുകൾ മേൽക്കൂര
പൊട്ടിച്ചകത്തേക്കു 
പായുമ്പോൾ
തഴപ്പായകൊണ്ടു തലമൂടി താഴെ
ഉടലുകൾ ഉറക്കം നടിച്ചും കിഴക്കുണരുന്നതും കാത്ത് നാമിരുന്നു.
പ്രിയനേ
നമുക്ക് ഗ്രാമപാടങ്ങളിൽ
മട വീണിട്ടുണ്ടോ-
യെന്നു നോക്കാം
പന്തലിട്ട പാവൽ
പൂവണിഞ്ഞോ എന്നും നോക്കാം
ചക്രമെത്ര ചവുട്ടിത്തിരിച്ചിട്ടും
തിരിച്ചെത്തും കായൽജലത്തിൽ
ഉപ്പു കലരുന്നുണ്ടോ-
യെന്നും നോക്കാം
അവിടെ വച്ച്
അവിടെവച്ചു നമ്മിൽ
ഇരട്ടിച്ച പ്രണയം
നമുക്ക് പങ്കിടാം.