സിറോമലബാർ സഭയുടെ 34-ാമത് മെത്രാൻ സിനഡിന്റെ രണ്ടാം സമ്മേളനത്തിന് തുടക്കമായി

Aug 17, 2026 - 19:46
 0  5
സിറോമലബാർ സഭയുടെ 34-ാമത് മെത്രാൻ സിനഡിന്റെ രണ്ടാം സമ്മേളനത്തിന് തുടക്കമായി
സിറോമലബാർ സഭയുടെ 34-ാമത് മെത്രാൻ സിനഡിന്റെ രണ്ടാം സമ്മേളനത്തിന് സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ തുടക്കമായി. ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ ധ്യാനചിന്തകൾ പങ്കുവെച്ചു.തുടർന്ന് സിനഡു പിതാക്കന്മാർ ഒരുമിച്ച് അർപ്പിച്ച വിശുദ്ധ കുർബാനയ്ക്കു ശേഷം സീറോമലബാർസഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ സിനഡ് ഉദ്ഘാടനം ചെയ്തു.
പ്രാർത്ഥനയിലും പരസ്പര ശ്രവണത്തിലും ദൈവഹിതാന്വേഷണത്തിലുമാണ് സിനഡ് മുന്നോട്ടുപോകേണ്ടതെന്ന് മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടന സന്ദേശത്തിൽ പറഞ്ഞു. സഭയുടെ ഇന്നത്തെ വെല്ലുവിളികൾക്ക് സുവിശേഷത്തിന്റെ വെളിച്ചത്തിൽ മറുപടി നൽകാൻ ആത്മീയവും അജപാലനപരവുമായ നവീകരണം അനിവാര്യമാണെന്ന് മേജർ ആർച്ചുബിഷപ്പ് വ്യക്തമാക്കി.
സിറോമലബാർ സഭ കൂടുതൽ പ്രേഷിതാഭിമുഘ്യവും തീക്ഷ്ണതയുമുള്ള സഭയായി മാറണം. സഭയുടെ ദൗത്യം പുതിയ സാഹചര്യങ്ങളിലേക്ക് ധൈര്യപൂർവം വ്യാപിപ്പിക്കുകയും സുവിശേഷം പുതിയ മേഖലകളിലേക്കും ജനവിഭാഗങ്ങളിലേക്കും എത്തിക്കുകയും വേണമെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു.