പിഎം ശ്രീയില്‍ ഒപ്പിടാൻ താൻ മധ്യസ്ഥം വഹിച്ചിട്ടില്ല ; ജോണ്‍ ബ്രിട്ടാസ്

Dec 3, 2025 - 16:20
 0  2
പിഎം ശ്രീയില്‍ ഒപ്പിടാൻ താൻ മധ്യസ്ഥം വഹിച്ചിട്ടില്ല ; ജോണ്‍ ബ്രിട്ടാസ്

ന്യൂഡല്‍ഹി: പിഎം ശ്രീയില്‍ ഒപ്പിടാൻ മധ്യസ്ഥം വഹിച്ചെന്ന കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ പ്രസ്താവന തള്ളി ജോണ്‍ ബ്രിട്ടാസ് എംപി.

 മന്ത്രി ശിവൻകുട്ടിയോടൊപ്പം പലതവണ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ കണ്ടിട്ടുണ്ട്. കേരളത്തിന്റെ തടഞ്ഞ വച്ച ഫണ്ടിനായി നിവേദനം നല്‍കിയിട്ടുണ്ട്. കരാർ ഒപ്പിടാൻ താൻ മധ്യസ്ഥം വഹിച്ചിട്ടില്ലെന്നും ജോണ്‍ ബ്രിട്ടാസ് വ്യക്തമാക്കി.

കരാറില്‍ ഒപ്പുവയ്ക്കുന്നത് സംസ്ഥാന സർക്കാരിന്റെ കാര്യമാണ്. അതില്‍ ഇടപെടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് സർക്കാരുകളുടെ ചുമലിലൂടെ കേരളത്തെ ആക്രമിക്കുകയാണ് കേന്ദ്രമന്ത്രി ചെയ്തത്. കർണാടക, ഹിമാചല്‍ സർക്കാരുറുകള്‍ യഥേഷ്ടം ഫണ്ട് വാങ്ങി. കോണ്‍ഗ്രസ് സർക്കാരുകളുടെ നിലപാടാണ്, മറ്റ് പ്രതിപക്ഷ സർക്കാരുകളുടെ നിലപാടുകളെ ദുർബലമാക്കിയതെന്നും ബ്രിട്ടാസ് പറഞ്ഞു.

എൻഇപിയുടെയും പിഎം ശ്രീയുടെയും പേര് പറഞ്ഞ് കേരളത്തിന് ലഭിക്കേണ്ട ഫണ്ട് തടഞ്ഞുവയ്ക്കുകയാണ് ചെയ്യുന്നത്. കേരളത്തിലെ പിഎം ശ്രീ വിഷയം നിലവില്‍ സമിതിയുടെ പരിഗണനയിലാണ്. അതില്‍ അഭിപ്രായം പറയാൻ ഇല്ലെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു