കുഞ്ഞാമ്മയും കൂട്ടരും: കഥ , സൂസൻ പാലാത്ര

കുഞ്ഞാമ്മയും കൂട്ടരും: കഥ , സൂസൻ പാലാത്ര

എൻ്റെ ബാല്യത്തിൽ എന്നുമെന്നപോലെ കാണുന്ന ചില മനുഷ്യജീവിതങ്ങൾ എൻ്റെ നാട്ടിലുണ്ടായിരുന്നു. അവരിൽ ചിലരാണ് കുഞ്ഞാമ്മ, ഗോപാലൻ,  ഡോ. പാപ്പച്ചൻ, ഓനാച്ചൻ, ബ്രിട്ടൺ,  തുടങ്ങിയവർ. 

       കുഞ്ഞാമ്മ കയ്യിൽ ഒരു ഇലയും പിടിച്ച്.... മിക്കവാറും വട്ടയില ആയിരിക്കും.... തിണ്ണയിൽ വന്നങ്ങനെ നില്ക്കും. ഒന്നും ഉരിയാടില്ല.  ഗോപാലൻ നാടിൻ്റെ സമ്പത്താണ്. എനിക്ക്  ഓർമ്മ വച്ചകാലം മുതൽ ഗോപാലനെ ഒരേ ഭാവത്തിലും രൂപത്തിലുമേ കണ്ടിട്ടുള്ളൂ. ഗോപാലൻ വീട്ടിലെ വാഴയില വെട്ടിക്കൊണ്ടുപോയി ഹോട്ടലുകളിലൊക്കെ വില്ക്കും. കൂലി രണ്ടു കൂട്ടരോടും വാങ്ങും.

കുഞ്ഞാമ്മയ്ക്കും ഗോപാലനും അമ്മ ഭക്ഷണം കൊടുക്കാറുണ്ട്. ഗോപാലന്  പൈസയും കൊടുക്കും. ഗോപാലൻ വെള്ളം കോരിത്തരാൻ തയ്യാറായി വരും. അമ്മ അനുവദിക്കില്ല. വെള്ളം കോരാൻ ഞങ്ങൾ പെണ്മക്കളുണ്ട്. സംസാരിക്കുമ്പോൾ കൊഞ്ഞയുള്ള ഗോപാലൻ പക്ഷേ ദേഹം കൊണ്ട് അധ്വാനിച്ചു തന്നെയാണ് കഴിയുക. കുഞ്ഞാമ്മയ്ക്ക് ബുദ്ധി സ്ഥിരതയില്ല. വെറുതെ വന്നു നില്ക്കുമ്പോൾ കനിവു തോന്നി ഭക്ഷണം കൊടുക്കുന്നതാണ്. 

       ഡോ. പാപ്പച്ചൻ നിത്യവും ഞങ്ങളുടെ വീടിൻ്റെ മുന്നിലുള്ള റോഡിലൂടെ നടന്നു പോകും. വീട്ടിലൊന്നും വരില്ല.  ഭയങ്കര ബുദ്ധിമാനായ ആ ഡോക്ടർ വിദേശത്തു പഠിക്കുമ്പോൾ  ചില ദുഷ്ട സുഹൃത്തുക്കളുടെ 'വക്രതയാൽ', ഉറക്കം വരാതെ പഠിക്കാൻ എന്തോ മരുന്ന് സ്ഥിരമായി  കഴിച്ച്, ഫൈനൽ എക്സാം എഴുതിക്കഴിഞ്ഞ്, വീട്ടിൽ തിരിച്ചെത്തിയത് ഉറക്കമില്ലാത്തവനായും അസ്വസ്ഥതയുള്ളവനായുമാണ്, എന്നു പറഞ്ഞ് അദ്ദേഹത്തിൻ്റെ അമ്മ പലപ്പോഴും എൻ്റെ അമ്മയോട് പറഞ്ഞ് കരയുന്നത് കണ്ടിട്ടുണ്ട്. 

"എൻ്റെ കുഞ്ഞേ അവൻ്റെ താഴെ മാർക്കു കിട്ടി പഠിച്ച പിള്ളേരൊക്കെ .... മെഡിക്കൽ കോളജിൽ പിള്ളേരെ പഠിപ്പിക്കുന്നെടീ മിടുമിടുക്കരായ ഡോക്ടർ മാരായെടീ" ആ പദം പറച്ചിലും കണ്ണീർവറ്റിയ കരച്ചിലും ഓർമ്മയിൽ വേദനകൾ ശേഷിപ്പിച്ചിരിക്കുന്നു.  ഞങ്ങൾക്കും അദ്ദേഹത്തെ കാണുമ്പോൾ വല്ലാത്ത കദനഭാരം അനുഭവപ്പെട്ടിരുന്നു. 

      ബുദ്ധിഭ്രംശം സംഭവിച്ച ഓനാച്ചൻ 'പ്രാർത്ഥിയ്ക്കാനാണ് ' എല്ലാ വീടുകളിലും ചെല്ലുന്നത്. ഇന്നത്തെ കോമഡിക്കാർ ചെയ്യുന്നതുപോലെ അന്ന് ഓനാച്ചൻ പ്രാർത്ഥിച്ചിരുന്നു. വല്ലതും കൊടുത്താൽ അതിനും പ്രാർത്ഥിക്കും, എന്നിട്ട് കഴിക്കും. ഭക്ഷണം പുള്ളിക്കൊരു പ്രശ്നമേയല്ലെന്നു തോന്നുന്ന പെരുമാറ്റം.

      പിന്നെ വേലയെടുത്തു ജീവിക്കുന്ന 'മാടത്ത'. മാർത്ത എന്നാണു പേര്. പക്ഷേ ഞങ്ങൾ കുട്ടികളെല്ലാം അവരെ മാടത്ത എന്നു വിളിക്കും. തറവാട്ടു പറമ്പിലെ കൈത്തോട്ടരികിൽ നിന്നും ഞങ്ങൾക്കു കിട്ടിയ കൈത്തോട്ടരികിലെ  തുണ്ടുപറമ്പരികിൽ നിന്നും തഴമുറിച്ചു കൊണ്ടുപോയി, ഓണക്കാലമാകുമ്പോൾ പായകൾ നെയ്തുകൊണ്ടെത്തരും.

പനയോല വെട്ടിയതിൻ്റെ പനമടലിലെ വഴുകകൾ കൊണ്ടു പോയിട്ട് കുട്ട നെയ്തു കൊണ്ടുവരും. പലവിധം വലിപ്പത്തിലുള്ള കുട്ടകൾ തറവാട്ടിൽ കൊടുത്തിട്ട്,  ചിലപ്പോൾ മാടത്ത എൻ്റെ അമ്മയെ പറ്റിക്കും വഴുകയുടെ പുറം പാളിയിട്ട് കുട്ടയുടെ മുകളും മൂടും വശങ്ങളും മാത്രം നെയ്തിട്ട് ബലമില്ലാത്ത അകംപാളി കൊണ്ട് കുട്ടനെയ്തു കൊണ്ടുവരും. 

മാടത്തയുടെ തലമുടിക്കെട്ടിനെ ഞങ്ങൾ  തുത്തുക്കുണുക്കി പക്ഷിയെന്നു പറഞ്ഞ് ചിരിക്കും. കേശഭാരം നന്നേ കുറഞ്ഞ് ഇളകിയാടുന്ന മുടിക്കെട്ട്. മാടത്തയ്ക്ക് ഭക്ഷണം മാത്രം കൊടുത്താൽ പോര, പണവും വേണം. ഓണം  ക്രിസ്മസ്, ദു:ഖവെള്ളിയുടെ പറ്റ് ഈസ്റ്ററിന് ... ഇങ്ങനെ മാടത്ത വന്നുകൊണ്ടിരിക്കും. 

         പിന്നെ സാറാച്ചേടത്തി, ഉമ്മിപ്പണിക്കൻ്റെ പണിക്കത്തി....അന്നെന്ന പോലെ ഇന്നും പേരറിയില്ല... ഇവരൊക്കെ വർത്തമാനം പറയാൻ വരുന്നവരാണ്. ഭക്ഷണം കൊടുത്താൽ നന്ദിയോടെ കഴിക്കും... ഒരുപാടു സ്നേഹമുള്ള മുഖങ്ങൾ മനോമുകുരത്തിൽ മിന്നിമറയുന്നു. 

       സാറാച്ചേടത്തി ഒറ്റത്തടിയാണ്. ഭർത്താവോ മക്കളോയില്ല. എന്നാൽ ജ്യേഷ്ഠത്തിയുടെ മക്കൾക്കു വേണ്ടി ഉത്തരവാദിത്വത്തോടെ കർത്തവ്യം നടത്തി അർപ്പണ മനോഭാവത്തോടെ ജീവിച്ചു.  നല്ല ഒരു പാചകക്കാരിയാണ്. എൻ്റെ അച്ഛനെയും സഹോദരങ്ങളേയുമൊക്കെ ഒത്തിരി എടുത്തു കൊണ്ടു നടന്നിട്ടുള്ളതായി കേട്ടറിയാം.

കോഴിപ്പൂവൻ, പനങ്കള്ളു പറ്റിച്ച ഒന്നാന്തരം  പാനി  ഒക്കെയായി ഞങ്ങളുടെ വീട്ടിൽകയറി കാണിച്ചിട്ട് ഒന്നു രണ്ടാഴ്ചത്തെ വാസത്തിനായി  കോട്ടയത്തെ പ്രമുഖരുടെ വീടുകളിൽ പോകും. അവർ കൊടുക്കുന്ന പണവും, പാലാട്ട് അച്ചാറുമൊക്കെ, മത്തി അച്ചാർ ഉൾപ്പടെ ...  തിരിച്ചു വരും വഴി എൻ്റെ വീട്ടിൽക്കയറി ഞങ്ങൾക്കും ഇത്തിരി തന്നിട്ടേ പോകുകയുള്ളൂ.  നമുക്കു വേണ്ട എന്നു പറഞ്ഞാൽ സമ്മതിക്കില്ല..."എന്നെ  അറപ്പായി അല്ലേ " എന്ന് വ്യസനസമേതം ചോദിക്കും. വെളുപ്പുദീനം  അവസാനകാലത്ത് പിടികൂടിയിരുന്നു. 

        സാറാച്ചേടത്തിയുടെ തേച്ചു കുളി എത്ര ശ്രദ്ധാപൂർവ്വമാണ് നടത്തിയിരുന്നതെന്നോ! ഇഞ്ചയും, കൊടിത്തണ്ടും ചേർത്ത താളികൊണ്ട് എന്നും തലകഴുകും. തോട്ടിൽപ്പോകാൻ ഒരു ഓട്ടുമൊന്തയുമായി വരും. എൻ്റെവീടിൻ്റെ പര്യമ്പുറത്തുനിന്ന് താളി എടുക്കും, ഞങ്ങളുടെ അലക്കു കല്ലിൽ ഇട്ട് ഇടിച്ചു ചതയ്ക്കും ... തോട്ടിൽ പോയി ഒഴുക്കു വെള്ളത്തിൽ തല കഴുകി കുളിക്കാൻ എൻ്റെ അമ്മ സ്ഥിരമായി പ്രേരിപ്പിച്ചു കൊടുക്കണം. പുള്ളിക്കാരത്തി പലപ്പോഴും  ഞങ്ങളുടെ വീട്ടിൽ കുളിക്കാനാണ് വട്ടം കൂട്ടുക. 

കഴിപ്പിലും കുടിയിലുമൊക്കെ ആൾ വളരെ ഡീസൻ്റാണ്. കഴിക്കാൻ കൊടുക്കുന്നത് തിരിച്ചിടാൻ ഒക്കെ ശ്രമിക്കും. വല്ലതും പറഞ്ഞാൽ 'ഫീൽ' ചെയ്യും. 

        സാറാച്ചേടത്തിയുടെ ഉത്രാടക്കുളി രസകരമാണ്. തേച്ചുകുളി എന്നു പറഞ്ഞാൽ അതാണ് കുളി. 

        "ഞാൻ മരിച്ചാലെങ്ങനെയാ? ആരാ കുർബ്ബാന ചൊല്ലിക്കുന്നത് എന്നു പറഞ്ഞ് പതിവായി കരയുമായിരുന്നു. എൻ്റെ  മരിച്ചടക്കു് എങ്ങനെയാകും?" അവരുടെ ദണ്ഡം വാക്കുകൾകൊണ്ട്  വിവരിക്കാൻ അസാധ്യം.

എന്തായാലും എൻ്റെ അച്ഛൻ ഇടപെട്ട്,  തൊട്ടടുത്ത് ട്യൂട്ടോറിയൽ നടത്തിയ മാന്യവ്യക്തി കോളജിന് അവധി കൊടുത്ത് വിദ്യാർത്ഥികളെ മുഴുവൻ പങ്കെടുപ്പിച്ച് ഒരു നല്ല ശവസംസ്കാരം .... വലിയ റാലിയോടെ, വമ്പിച്ച ജനാവലിയുടെ സാന്നിദ്ധ്യത്തിൽ ഗംഭീരമായി നടത്തി.  ഇടവകപ്പള്ളിയിലെ മുഖ്യ പുരോഹിതൻ. അദ്ദേഹം മരിയ്ക്കും വരെയും അവരുടെ ഓർമ്മക്കുർബ്ബാന 'ചൊല്ലി'. സാറാച്ചേടത്തി അച്ചനെ എല്ലാം ചുമതലപ്പെടുത്തിയിരുന്നത്രേ.  

         വെളുമ്പൻ മാടത്തയെപ്പോലെ തറവാട്ടിലെ അടിയാനായിരുന്നു. ജാതിപ്പേരുകൂട്ടിയാണ് വെളുമ്പനെ വിളിച്ചിരുന്നത്.... ഇന്ന് അങ്ങനെ പറഞ്ഞാൽ വിവരമറിയും....  പണ്ട് മുറം കെട്ടി കമുകിൻ്റെ മണ്ടവരെ വെളുമ്പൻ പറന്നിട്ടുണ്ടു പോലും. എന്നിട്ട് നടുതല്ലി വീണ് ഏറെക്കാലം ചികിത്സയിലായിരുന്നത്രേ. കേട്ടറിവാണ്. അധികം സംസാരിക്കാത്ത എൻ്റെ അച്ഛൻ പറഞ്ഞുതന്ന അറിവ്.

വെളുമ്പനെ എല്ലാ ഓണത്തിനും ഞാനോർക്കാറുണ്ട്. തറവാട്ടിൽ കാഴ്ച കൊടുക്കാൻ കൊണ്ടുവന്ന കളിയടക്ക -  അവരതിന് പൊട്ടടയ്ക്ക എന്നും ഇന്നുള്ളവർ 'ചീഡ' എന്നും പറയുന്നതുമായ ചെറിയ അരിയുണ്ടയും  ഏത്തക്ക നാലായി കീറി വറുത്തതും ഒരു പാട്ട നിറയെ എൻ്റെ അച്ഛനെ ഏല്പിച്ചിട്ട് 'മക്കൾക്കു കൊടുക്ക് അവരു തിന്നട്ടെ' എന്നു പറഞ്ഞ് തറവാട്ടിൽ ഒരു ഏത്തക്കുലയുമായി മാത്രം പോയി. ഞങ്ങൾ ഇഷ്ടംപോലെ കളിയടക്കയും ഏത്തയക്കാ ഉപ്പേരിയും കഴിച്ചു. മനം നിറഞ്ഞു.

കൊതിതീരെ തിന്നു. അന്നൊക്കെ ഇന്നത്തെപ്പോലെ എന്നും ഉപ്പേരി ഒന്നും കിട്ടില്ല. ഓണത്തിന് യഥേഷ്ടം തിന്നാം. ഇരുന്നും കിടന്നും തിന്നും. ഉത്രാടത്തിനേ വറക്കൂ. ഏത്തക്കാത്തൊലി പയറുമിട്ടൊരു തോരനുണ്ട്. ഏത്തക്കായ് വറുത്ത എണ്ണയിൽ ആ തോരൻ ഹായ് അതിൻ്റെ രുചി ഇന്നും നാവിലുണ്ട്. 

            അച്ഛന് കടയുണ്ടായിരുന്നപ്പോൾ, പലർക്കും  തേച്ചു കുളിക്കാൻ  കടയുടെ മുമ്പിൽ വന്ന് കൈ കുഴിച്ചുപിടിച്ചു കാണിച്ചാൽ അച്ഛൻ തുടം നിറച്ച്  എണ്ണ  കയ്യിലേക്ക് ഒഴിച്ചു കൊടുക്കും. ചിലർക്ക് സോപ്പിൻ കട്ടയും വേണം. 

         കടയൊന്നുമില്ലാതെ പണത്തിന് നന്നേ ക്ലേശിച്ച കാലം അമ്മയ്ക്കൊരു മോഹം. രണ്ടു മൂന്നുപേർക്കു് തേച്ചു കുളിയും സദ്യയും കൊടുക്കണം. അതറിഞ്ഞ അച്ഛൻ പറഞ്ഞു; "ഈച്ചയ്ക്കും ഉറുമ്പിനും ഉള്ളതാ ഓണം"  

വേറൊരു ദിവസം കൊടുക്കാം. തന്നെയുമല്ല, തിരുവോണ ദിവസം മലയാളനാട്ടിൽപ്പിറന്ന ഒറ്റക്കുഞ്ഞിനേയും കിട്ടില്ല. അതിനാൽ അമ്മ മറ്റൊരു ദിവസം തിരഞ്ഞെടുത്തു. ലൈഫ്ബോയി സോപ്പുവാങ്ങി മുറിച്ച്,  3 തോർത്തുകളും, തല നിറയെ എണ്ണയും കൊടുത്ത് ... തോട്ടിൽ വിട്ടു കുളിക്കാൻ.  തേച്ചു കുളിക്കു ശേഷം അമ്മ അവരെ  വയറുനിറച്ച് സദ്യയൂട്ടിയതും ഞാനോർമ്മിക്കുന്നു. 

        എൻ്റെ അച്ഛനമ്മമാരുടെ ആത്മാക്കൾക്ക് നിത്യശാന്തി നേരുന്നു. ഒപ്പം  എല്ലാവർക്കും ഹൃദ്യമായ ഓണാശംസകൾ.