സംസ്ഥാനത്ത് പിടി മുറുക്കി ലഹരി മാഫിയ

സംസ്ഥാനത്ത് പിടി മുറുക്കി  ലഹരി മാഫിയ

 

സംസ്ഥാനത്ത്  ലഹരി മാഫിയ തഴച്ചുവളരുകയാണ് , നാടെങ്ങും  മയക്കുമരുന്ന് - ലഹരിക്കച്ചവടം പൊടിപൊടിക്കുന്നു.  യുവാക്കളെയും കൗമാരത്തെയും അവർ തങ്ങളുടെ നിയന്ത്രണത്തിലാക്കുകയാണ്. പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും കോളേജുകളും സ്കൂളുകൾ പോലും അവർ കീഴടക്കി കഴിഞ്ഞു എന്നതാണ് ഞെട്ടിക്കുന്ന യാഥാർഥ്യം.  വീടുകളിലേക്കുള്ള ഇടവഴികളിൽ പോലും ലഹരി വില്പന സജീവം.  

തൊടുപുഴയില്‍ വെച്ച്‌ ലഹരിമരുന്നുമായി  അക്ഷയ എന്ന യുവതിയും കൂട്ടുപ്രതി യൂനുസും പിടിയിലായതോടെയാണ് സംസ്ഥാനത്ത് മയക്കുമരുന്ന് വീണ്ടും ചര്‍ച്ചയാകുന്നത്. നാല് വര്‍ഷമായി ഒന്നിച്ച്‌ താമസിക്കുന്ന ഇരുവരും ലഹരിക്ക് അടിമകളാണെന്നാണ് പോലീസ് പറയുന്നത്.

കഴിഞ്ഞ രണ്ടരവർഷത്തിനിടെ ലഹരി കച്ചവടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരിൽ ആയിരത്തിഎണ്ണൂറോളം കുട്ടികളും ഉണ്ടെന്നതാണ് എക്സൈസിന്റെ കണക്ക്. പല ജില്ലകളിലും  സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് ലഹരി വിൽപ്പന സജീവമാണ്.  ജീവിതം നശിപ്പിക്കുന്ന  ലഹരിക്കെതിരായ ബോധവത്കരണം നടക്കുന്നുണ്ടെങ്കിലും യുവാക്കൾക്കിടയിൽ വേണ്ടത്ര  ഫലം ലഭിക്കുന്നില്ല. 

അന്താരാഷ്ട്ര വിപണിയിൽ മൂവായിരം കോടിയിലേറെ വില വരുന്ന മയക്കുമരുന്നാണ്  കഴിഞ്ഞ രണ്ട്   വർഷത്തിനിടെ കേരളത്തിൽ നിന്ന് പിടിച്ചത് , ഇങ്ങനെ പിടിക്കപ്പെടുന്നത് ഇവിടേക്ക് എത്തുന്നതിന്റെ   ചെറിയൊരു ഭാഗം മാത്രമാണെന്നോർക്കണം. 


 ''ലഹരിയുടെ രാജകുമാരനായ--- ന് പിറന്നാൾ ആശംസകൾ'' -കോഴിക്കോട് ബാലുശേരി പൊലീസ് സ്റ്റേഷന് കീഴിലുള്ള ഒരു  പ്രദേശത്തെ  21 കാരന്റെ  ജന്മദിനാഘോഷത്തിൽ സുഹൃത്തുക്കൾ കേക്കിൽ എഴുതിയത് ഇങ്ങനെ . യുവാവിന്റെ സുഹൃത്തുക്കൾ കേക്കിന്റെ ചിത്രം സ്റ്റാറ്റസുമാക്കി. എത്രമാത്രം  അപകടകരമായ നിലയിലാണ് കാര്യങ്ങൾ  എന്നതിന്റെ സൂചനയാണിത്. 

 കൗമാരം വിട്ടു മാറും മുമ്പേ ലഹരി ആസ്വദിക്കുന്നവരുടെ എണ്ണം കൂടുകയാണ്. മദ്യവും കഞ്ചാവുമല്ല , എം.ഡി.എ.എയടക്കമുള്ള വില കൂടിയ ലഹരികളാണ് യുവാക്കൾക്ക് പ്രിയം. ക്രിസ്‌റ്റല്‍ രൂപത്തിലുള്ള എംഡിഎംഎ (മെത്തലിന്‍ ഡയോക്‌സിന്‍ മെത്താഫെറ്റാമിന്‍) യുവാക്കള്‍ക്കിടയില്‍ ക്രിസ്റ്റല്‍ മെത്ത്, ഐസ് മെത്ത്, കല്‍ക്കണ്ടം, ക്രിസ്റ്റല്‍ , ഷാബു, ഗ്ലാസ്, ഷാര്‍ഡ് , ബ്ലൂ,  സ്പീഡ് തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്നു . പാര്‍ട്ടി ഡ്രഗ്  എന്നറിയപ്പെടുന്ന ഈ ലഹരിമരുന്നിന് വിപണിയില്‍ ലക്ഷങ്ങൾ വിലയുണ്ട്   .


 ക്രിസ്റ്റല്‍ മെത്ത് എംഡിഎംഎ (പാര്‍ട്ടി ഡ്രഗ് )ക്ക്  നഗരങ്ങളില്‍ തന്നെ വ്യാപക ആവശ്യക്കാരുണ്ടെന്നാണ് എക്സൈസ് പറയുന്നത്.  മാരകമായ ഈ ലഹരി മരുന്ന് ഉപയോഗിക്കുന്നതില്‍ സ്ത്രീകളും , യുവാക്കളും വിദ്യാര്‍ഥികളും  ഉള്‍പ്പെടെയുള്ളവരുണ്ട് . മണവും , രുചിയുമില്ലാത്ത ഇത്  ജ്യൂസില്‍ കലക്കി നല്‍കി ഡിജെ പാര്‍ട്ടികളിലെത്തുന്ന പെണ്‍കുട്ടികളെ മയക്കി  ലൈംഗിക ചൂഷണത്തിന്  ഉപയോഗിക്കുന്നു, അതിനാലാണ് ഇതിന് പാര്‍ട്ടി ഡ്രഗ് എന്ന പേര് വന്നത്. എംഡിഎംഎയുടെ  ലഹരി 12 മണിക്കൂറോളം  നീണ്ടുനില്‍ക്കും, ഉന്മേഷവും  ആനന്ദവും  എന്തും ചെയ്യാനുള്ള ശേഷിയും ഇതിലേക്ക് യുവാക്കളെ  ആകർഷിക്കുന്നു .


എംഡിഎംഎക്ക് , മുമ്പ് ഗ്രാമിന് രണ്ടായിരം രൂപയായിരുന്നത്  ഇപ്പോൾ  ആയിരം രൂപയ്ക്കാണ് വിൽപന . തലച്ചോറിലെ കോശങ്ങൾ വരെ നശിപ്പിക്കാൻ ശേഷിയുള്ള സിന്തറ്റിക് ഡ്രഗ്ഗുകൾ  ഒരിക്കൽ ഉപയോഗിച്ചാൽ രക്ഷപ്പെടാനാവാത്തവിധം ലഹരിക്ക് അടിമപ്പെടുത്തുന്നവയാണ് .  സ്ഥിരമായി എംഡിഎംഎ ഉപയോഗിക്കുന്ന ഒരാളുടെ ശരാശരി ആയുസ്  പത്ത് വര്‍ഷമായിരിക്കുമെന്നാണ്  പഠനങ്ങള്‍ പറയുന്നത് .

പെൺകുട്ടികളെയും യുവതലമുറയെയും ലക്ഷ്യംവെച്ചാണ് ലഹരി മാഫിയ ഇവ എത്തിക്കുന്നത്. സൗജന്യമായി മയക്കുമരുന്ന് കൊടുത്ത് അടിമകളാക്കിയ ശേഷം  പെൺകുട്ടികളെ ലൈംഗിക ചൂഷണം ചെയ്യാനും ലഹരി മാഫിയ മുന്നിലുണ്ട് . ആവശ്യത്തിന് മയക്കുമരുന്ന് കിട്ടാതെ വരുമ്പോൾ ഇക്കൂട്ടർ പറയുന്നതെന്തും ചെയ്തുകൊടുക്കാൻ തയ്യാറാവുകയാണ് പെൺകുട്ടികൾ .

എളുപ്പത്തിൽ  സമ്പാദിക്കാനുള്ള  വഴി എന്ന നിലയ്ക്കും സംസ്ഥാനത്ത്  ലഹരി വ്യാപാരം  സജീവം. പോലീസിലേയും എക്സൈസിലെയും നിരവധി ഉദ്യോഗസ്ഥരും നേതാക്കളുമൊക്കെ ലഹരി മാഫിയക്ക് കൂട്ടുനിൽക്കുന്നു . 


മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ  ഓണക്കാലത്ത്ഉമിനീർ കിറ്റുമായി പരിശോധനക്കിറങ്ങാനാണ്  എക്സൈസ് നീക്കം.. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ഉമിനീർ പരിശോധനയിൽ അറിയാൻ കഴിയും .

സമൂഹത്തിന് മാരക ഭീഷണി സൃഷ്ടിക്കുന്ന മയക്കു മരുന്ന് മാഫിയക്കെതിരെ പോരാടാൻ സമൂഹം ഒന്നായി രംഗത്തിറങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുന്നു .