ഓണം മൂന്നടി മണ്ണ്‌: കവിത , കാരൂര്‍ സോമന്‍

ഓണം മൂന്നടി മണ്ണ്‌: കവിത  ,  കാരൂര്‍ സോമന്‍



ചിങ്ങം പുലര്‍ന്നു പൂക്കള്‍ പുഞ്ചിരിച്ചു
ഓണപ്പൂവിന്‍ സുഗന്ധം കാറ്റില്‍ നിറഞ്ഞു
വെയിലില്‍ വര്‍ണ്ണങ്ങള്‍ വിരിഞ്ഞു
പൊന്നിന്‍ചിങ്ങത്തേരിലേറി പറന്നു.

മന്നന്‍ മഹാബലി ഭരിച്ച നാളുകള്‍
കള്ളം ചതി കൈക്കൂലിയില്ല
തങ്കഭസ്‌മകുറിയിട്ട്‌ വര്‍ണ്ണകസവുടുത്ത
മങ്കമാര്‍ ഭയമില്ലാതെ നടന്നു.

എങ്ങും പഞ്ചവാദ്യ ചെണ്ടമേളങ്ങള്‍
കോല്‍ക്കളി, പുലികളി, വള്ളംകളി
കൈകൊട്ടി പാട്ടില്‍ തുടിക്കും ഹൃദയം
പഞ്ചാരിമേളം കൊട്ടി നടന്നു.

കുട്ടികള്‍ പുക്കളമൊരുക്കി മുറ്റത്തു്‌
അമ്മമാര്‍ ഓണസദ്യയൊരുക്കി
തൂശനിലയില്‍ പപ്പടം,പഴം,കറികള്‍
ചോറ്‌, പരിപ്പ്‌, പായസം, സാമ്പാര്‍, അടപ്രഥമന്‍.

ഇവിടയെങ്ങോ മുറിവുണങ്ങാതെ
ഈറനില്‍ പൊതിഞ്ഞ മിഴികള്‍
പ്രളയത്തിലാഴ്‌ത്തി ജീവിതം
കനലാക്കിമാറ്റി ഭരണകൂടങ്ങള്‍.

ഓണത്തിനോര്‍മ്മകള്‍ അയവിറക്കി
അന്ന്‌ വാമനന്‍ മൂന്നടി മണ്ണ്‌ ചോദിച്ചു
ഇന്ന്‌ വോട്ടുകൊടുത്തു ജയിപ്പിച്ചു
ചവുട്ടിത്താഴ്‌ത്തി പാതാളത്തിലേക്ക്‌.

കാരൂര്‍ സോമന്‍, (ചാരുംമുടന്‍)