പൂക്കളം:   കവിത  , നന്ദകുമാര്‍ ചൂരക്കാട്

പൂക്കളം:   കവിത  , നന്ദകുമാര്‍ ചൂരക്കാട്

 

നിറയട്ടെ മനസ്സിലൊരത്തപൂക്കളം-നിറ

മിയലും സ്നേഹത്തിന്‍ വര്‍ണ്ണ പൂക്കളം

ബാല്യത്തിന്നോര്‍മ്മകള്‍ നിറയും പൂക്കളം-പൂവെ

പൊലിചൊല്ലിടും പൊന്നോണ പൂക്കളം

കാടുകള്‍ മലകള്‍ കുന്നുകള്‍,താണ്ടി

കാണായ ദേശങ്ങള്‍  തേടിനടന്നതും

തുമ്പമുക്കൂറ്റികള്‍ തേടിപിടിച്ചതും

 പിന്നെയും കാതങ്ങള്‍ കടന്നെത്രയോ-പൂ

വട്ടിനിറക്കുവായോടി നടന്നതും

ആരാദ്യം എന്നോതി പൂക്കളിറുത്തതും-ആരാദ്യം

 പൂവട്ടി നിറച്ചേറ്റിയതും

അതിരാവിലെ തുടങ്ങുന്ന നെട്ടോട്ടങ്ങളില്‍-കൂട്ട

രെത്താ വഴികള്‍ തേടി തെണ്ടി നടന്നതും

പ്രകൃതിയെ തൊട്ടുമെല്ലെ വിളിച്ചുണര്‍ത്തി ഓരോ

പൂക്കളങ്ങളൊന്നൊന്നായ്  കൂട്ടിവച്ചതും

ചിത്തിരയില്‍ തുളസിയും  തെച്ചിയും ചേര്‍ത്തു

നന്ത്യാറും  സുഗന്ധിയും നിറഞ്ഞ പൂക്കളം

വിശാഖം നാള്‍ ശംഖുപുഷ്പം

പവിഴമല്ലിയും

അനിഴത്തില്‍ മന്ദാരം, തൊട്ടാര്‍വാടിയും

ചതുരാകൃതിയിലാണല്ലോ  മൂല പൂക്കളം -അതില്‍

ചെണ്ടുമല്ലി പൂച്ചെടി ഒടിച്ചുകുത്തികള്‍

പൂക്കളത്തിലേറിയേറി  ഉത്രാടം നാളില്‍

തീര്‍ക്കുന്നു നിറമിയലും വര്‍ണ്ണപൂക്കളം

പൂവുക ളോരോന്നായ്  മനസ്സിതിലേറ്റി

പ്രണയാര്‍ദ്രമാക്കുന്നു പത്തുദിനങ്ങള്‍

ഇന്നുപൂവട്ടികള്‍ ശൂന്യമാകിലും

മറുനാടന്‍ പൂക്കളങ്ങളേറി വരികിലും

പൂപൊലിയായ് നിറയട്ടെ  പൂക്കളം മനസ്സില്‍

പ്രണയാര്‍ദ്ര മാകട്ടെ ഓണസ്മൃതികള്‍

                  നന്ദകുമാര്‍ ചൂരക്കാട്