എയർ ഇന്ത്യ സർവീസുകളിൽ ഓണസദ്യയും

കൊച്ചി: ഓണത്തിന് ആകാശത്ത് നിന്ന് ഒരു ഓണസദ്യ കഴിച്ചാലോ. കേൾക്കുമ്പോ അൽപ്പം കൗതുകം തോന്നുന്നുണ്ടല്ലേ. പക്ഷേ, ആകാശത്ത് നിന്ന് ഓണസദ്യ കഴിക്കാനുള്ള വഴിയൊരുക്കിയിരിക്കുകയാണ് എയർ ഇന്ത്യ എക്സ്പ്രസ്.
ഓണാഘോഷത്തിനോടനുബന്ധിച്ചാണ് എയർ ഇന്ത്യ വിമാനങ്ങളിൽ ഓണസദ്യ ഒരുക്കുന്നത്. കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് യുഎഇയിലേക്ക് പുറപ്പെടുന്ന സർവീസുകളിലാണ് എയർ ഇന്ത്യ എക്സ്പ്രസിൻ്റെ ഓണസദ്യ കഴിക്കാൻ കഴിയുക. വിമാനത്തിലെ സദ്യ കഴിക്കേണ്ടവർ മുൻകൂട്ടി ഓർഡർ ചെയ്യേണ്ടതുണ്ട്.
സെപ്റ്റംബർ എട്ട് വരെ തിരുവനന്തപുരം, കൊച്ചി, കണ്ണൂർ, കോഴിക്കോട്, മംഗളൂരു എന്നീ വിമാനത്താവളങ്ങളിൽ നിന്ന് പുറപ്പെടുന്നവയിലും, ഇവിടേക്ക് എത്തുന്നവയിലുമാണ് ഓണസദ്യയുടെ സൗകര്യം ലഭ്യമായിരിക്കുക. വിമാനം പുറപ്പെടുന്നതിന് 18 മണിക്കൂർ മുന്നേ ഓണസദ്യയ്ക്ക് ഓഡർ ചെയ്യേണ്ടതുണ്ട്.
500 രൂപയ്ക്ക് ലഭിക്കുന്ന സദ്യയിൽ മട്ട അരി ചോറിനൊപ്പം പരിപ്പ്, സാമ്പാർ, അവിയൽ, മാങ്ങാ അച്ചാർ, പുളിയിഞ്ചി, കൂട്ടുകറി, എരിശ്ശേരി, തോരൻ, കായ വറുത്തത്, ശർക്കര വരട്ടി, പാലട പ്രഥമൻ തുടങ്ങിയ വിഭവങ്ങൾ എയർ ഇന്ത്യ എക്സ്പ്രസ് ഒരുക്കുന്ന ഓണ സദ്യയിൽ ഉൾപ്പെടും.