സഹ്യന്റെ പുത്രൻ:  കവിത , എം.തങ്കച്ചൻ ജോസഫ്

സഹ്യന്റെ പുത്രൻ:  കവിത , എം.തങ്കച്ചൻ ജോസഫ്



സഹ്യന്റെപുത്രൻ ഞാൻ സഹനത്തിനഗ്നിയിൽ
അലയുന്നു ഞാനെന്റെമണ്ണ്തേടി
കാടിന്റെവന്യതയെ കാവലായി നിന്നുഞാൻ
കാട്മുടിച്ചവർ കഥമെനഞ്ഞു.

അറിയില്ല,ഞാനൊരു നരനെ വധിച്ചതും
കരയാകെ കാട്ടുതീവാർത്തയായി..
ഉരയുവാനാവതില്ലന്നെനിക്കിന്നുമേ
കരയുവാൻ മാത്രമോയെന്റെ ജന്മം.

നാടിന്റെ നന്മകൾ മൊത്തിക്കുടിച്ചവർ
കാടിന്റെ വന്യതയിൽ കണ്ണെറിഞ്ഞു.
അരിയെനിക്കന്നമാം കഥയവർ ചൊന്നപോൽ
വ്യഥകളെൻ ജീവനെ തേടിവന്നു

എത്തിയവരെന്റെ ജന്മമാം മണ്ണിന്റെ
വേരറുത്തെന്നെയും മാറ്റിടുവാൻ.
മുറിവേറ്റയെന്നുടെ മാനസ്സം നീറുന്നു
കാതങ്ങളകലെ ഞാനേകനായി.

ക്രൂരമാംകണ്ണുകളുറ്റു നോക്കുന്നുവോ
ചുറ്റും മുഴങ്ങുന്നീയാരവങ്ങൾ
പ്രാണൻകൊതിച്ചുഞാൻ പലനാട് തിരയുന്നു
പാതകളേറെയും താണ്ടിടുന്നു.

നിഴലെന്റെകൂട്ടുമായി അഴലിന്റെ തീരത്ത്
പ്രിയരെന്റെ കൂട്ടരെ തേടിടുന്നു.
അരിയദാഹങ്ങളാലാത്മാവ് തളരുമ്പോൾ
ഇനിയൊന്നുറങ്ങട്ടെ ഹരിതരാവിൽ...

മനുജന്റെ ക്രൂരമാം സ്വാർത്ഥമോഹങ്ങ
ളാൽ
ജെനിമൃതി വേണ്ടിനി കാനനത്തിൽ.
പിറവിയെടുത്തൊരു ജന്മകാനംതന്നെ
ജന്മാവകാശമെന്നാരറിവൂ..

കദനങ്ങളുറയുന്ന കരിജീവനങ്ങളാം
കഥനങ്ങളെത്രയോ പാടിനിങ്ങൾ...
അരിയകാവ്യങ്ങളിൽ അറിയുന്നു ഞാനി-
ന്നരിക്കൊമ്പനെന്നൊരു കരിജന്മമായ്...