പറുദീസയിലെ മഞ്ഞുവീഴ്ച ; കവിത, റോയ്‌ പഞ്ഞിക്കാരൻ

പറുദീസയിലെ മഞ്ഞുവീഴ്ച ;  കവിത,  റോയ്‌ പഞ്ഞിക്കാരൻ

 

കാലപ്രവാഹത്തിൽ പറുദീസയിലെ

മരച്ചില്ലകളിൽ നിന്നും 

ഇലകൾ മെല്ലെ പൊഴിഞ്ഞു 

സ്വപ്‌നങ്ങൾ കുടിയുറങ്ങുന്ന 

ഭൂമിയുടെ ഹൃദയത്തിലേക്ക് . 

ഓരോ ഇലയിലും  പ്രതീക്ഷയുടെ 

നിലാവെളിച്ചമുണ്ടായിരുന്നു.

മോഹപ്പൂക്കൾ തേടിയിറങ്ങിയ 

എന്റെ കാല്പാദങ്ങളിലടിയിൽ 

ഇലകൾ ഞെരിഞ്ഞമർന്നത് എത്ര

ദൂരത്തിലെന്നെനിക്കറിയില്ല . 

ഒരു കുഞ്ഞിളം കാറ്റിൽ ഇലകൾ 

പാറി  നടന്നിട്ടും കാണാത്ത ഭാവം 

നടിച്ചു ഞാൻ . 

ദിനങ്ങൾ കൊഴിയവെ 

സ്വതന്ത്ര ചിന്തകരെ പോലെ 

മരങ്ങൾ അസ്ഥിപഞ്ജരമായി. 

ശൈത്യത്തിന്റെ സ്വപ്നങ്ങൾക്ക് 

ജീവനേകി മഞ്ഞുത്തുള്ളികൾ 

മരച്ചില്ലകളെ പൊതിഞ്ഞു . 

പറുദീസ കുളിരണിഞ്ഞു .

 

 

റോയ്‌ പഞ്ഞിക്കാരൻ