നീറ്റ് പരീക്ഷാ ക്രമക്കേട്: പാര്‍ലിമെന്റില്‍ ശക്തമായി പ്രതികരിക്കുമെന്ന് രാഹുല്‍ ഗാന്ധി

നീറ്റ് പരീക്ഷാ ക്രമക്കേട്: പാര്‍ലിമെന്റില്‍ ശക്തമായി പ്രതികരിക്കുമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്‌ രാഹുല്‍ ഗാന്ധി. 24 ലക്ഷത്തിലധികം വിദ്യാര്‍ഥികളെയും അവരുടെ കുടുംബങ്ങളെയും തകര്‍ക്കുന്നതാണ് ക്രമക്കേടെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.

ഇതിനെതിരെ പാര്‍ലിമെന്റില്‍ വിദ്യാര്‍ഥികളുടെ ശബ്ദമായി പ്രതികരിക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

ഒരു പരീക്ഷാ കേന്ദ്രത്തില്‍ നിന്ന് ആറ് വിദ്യാര്‍ഥികള്‍ മുഴുവന്‍ മാര്‍ക്കോടെ ഒന്നാമതെത്തി. സാങ്കേതികമായി കിട്ടാന്‍ സാധ്യതയില്ലാത്ത മാര്‍ക്ക് പലര്‍ക്കും ലഭിച്ചു. എന്നിട്ടും പേപ്പര്‍ ചോര്‍ച്ചയുടെ സാധ്യത സര്‍ക്കാര്‍ തുടര്‍ച്ചയായി നിഷേധിക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു. നരേന്ദ്ര മോദി പ്രധാന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും മുമ്ബു തന്നെ ഇതാണ് അവസ്ഥ. മാഫിയയുടെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും ഒത്താശയോടെ നടക്കുന്ന ഈ 'ചോദ്യപേപ്പര്‍ ചോര്‍ച്ച വ്യവസായ' ത്തിനെതിരെ പ്രതിരോധമുയര്‍ത്താന്‍ കോണ്‍ഗ്രസ്സ് ശക്തമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. നിയമ നിര്‍മാണത്തിലൂടെ ക്രമക്കേടുകളെ മറികടക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

നീറ്റ് ക്രമക്കേടില്‍ പ്രതിഷേധമുയര്‍ത്താന്‍ എ ബി വി പിയും തീരുമാനിച്ചിട്ടുണ്ട്. എന്‍ ടി എ ആസ്ഥാനത്തേക്ക് മാര്‍ച്ച്‌ നടത്താനാണ് എ ബി വി പി നീക്കം.