'ഇന്ത്യൻ പതാകയെ അപമാനിച്ചിട്ടില്ല': ക്ഷമ ചോദിച്ച്‌ മാലദ്വീപ് മുൻ മന്ത്രി മറിയം ഷിവുന

'ഇന്ത്യൻ പതാകയെ അപമാനിച്ചിട്ടില്ല': ക്ഷമ ചോദിച്ച്‌ മാലദ്വീപ് മുൻ മന്ത്രി മറിയം ഷിവുന

മാലെ: ഇന്ത്യൻ പതാകയെ അപമാനിച്ചെന്ന വിവാദത്തില്‍ വിശദീകരണവുമായി മാലദ്വീപ് മുൻ മന്ത്രി മറിയം ഷിവുന. ഇന്ത്യൻ പതാകയെ അപമാനിച്ചിട്ടില്ലെന്നും പോസ്റ്റുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം ഉണ്ടായിട്ടുണ്ടെങ്കില്‍ ആത്മാർഥമായി ക്ഷമ ചോദിക്കുന്നുവെന്നും മറിയം ഷിവുന എക്സില്‍ കുറിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനെതിരായ വിവാദ പോസ്റ്റിനെ തുടർന്നാണ് മന്ത്രി മറിയം ഷിവുനയെ സസ്പെൻഡ് ചെയ്തത്.

മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസുവിൻ്റെ പീപ്പിള്‍സ് നാഷണല്‍ കോണ്‍ഗ്രസ് (പിഎൻസി) അംഗമാണ് മറിയം ഷിവുന. മാലദ്വീപിലെ പ്രതിപക്ഷ പാർട്ടിയായ മാലദ്വീപിയൻ ഡെമോക്രാറ്റിക് പാർട്ടി (എംഡിപി) ക്കെതിരായ പോസ്റ്റില്‍ ഉപയോഗിച്ച ചിഹ്നം അശോകചക്രത്തിന് സമാനമായതാണ് വിവാദമായത്. ഇതേ തുടർന്ന് മറിയം ഷിവുന്നയ്ക്കെതിരെ വിമർശനം ഉയർന്നിരുന്നു. വിമർശനത്തിന് ഇടയാക്കിയ സോഷ്യല്‍ മീഡിയ പോസ്റ്റിനെ അഭിസംബോധന ചെയ്യാൻ താൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയാണ് മറിയം ഷിവുന വിശദീകരണം പങ്കുവെച്ചത്.

തൻ്റെ സമീപകാല പോസ്റ്റിൻ്റെ ഉള്ളടക്കം മൂലമുണ്ടായ ആശയക്കുഴപ്പത്തിന് ആത്മാർഥമായി ക്ഷമാപണം നടത്തുന്നുവെന്ന് മറിയം ഷിവുന്ന പറഞ്ഞു. എംഡിപിയോടുള്ള തൻ്റെ പ്രതികരണത്തില്‍ ഉപയോഗിച്ച ചിത്രം ഇന്ത്യൻ പതാകയോട് സാമ്യമുള്ളതായി ശ്രദ്ധയില്‍പെട്ടു. ഇത് മനഃപൂർവമല്ല, തെറ്റിദ്ധാരണയുണ്ടായെങ്കില്‍ ആത്മാർഥമായി ഖേദിക്കുന്നു. മാലദ്വീപ് ഇന്ത്യയുമായുള്ള ബന്ധത്തെയും പരസ്പര ബഹുമാനത്തെയും ആഴത്തില്‍ വിലമതിക്കുന്നു. ഭാവിയില്‍ ഇത്തരം വിവാദങ്ങള്‍ ഒഴിവാക്കുന്നതിനായി താൻ പങ്കിടുന്ന ഉള്ളടക്കം സംബന്ധിച്ചു കൂടുതല്‍ ജാഗ്രത പുലർത്തുമെന്നും മറിയം ഷിവുന്ന പറഞ്ഞു.