നാഞ്ചിയമ്മയുടെ ഹൃദയത്തിൽ നിന്നുവന്ന പാട്ട് : കാതിൽ   മെല്ലെ ചൊല്ലുമോ , സപ്ന അനു ബി ജോർജ്

നാഞ്ചിയമ്മയുടെ ഹൃദയത്തിൽ നിന്നുവന്ന പാട്ട് :  കാതിൽ   മെല്ലെ ചൊല്ലുമോ , സപ്ന അനു ബി ജോർജ്

 

അയ്യപ്പനും കോശിയുമെന്ന ചിത്രത്തിലൂടെ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം നാഞ്ചിയമ്മയ്ക്ക് കൊടുത്തതിനോട് യോജിപ്പില്ലാത്തവരുണ്ട്. ആ പാട്ട് അവരുടെ ഹൃദയത്തിൽ നിന്നും വന്നതാണെന്നുള്ളത്തിന്  സംശയം ഇല്ല. ആ ഒരു സന്ദർഭത്തിനനുസരിച്ചുള്ള ഒരു ഈണവും ശബദത്തിന്റെ ചേർച്ചയും ആര്‍ക്കും കൊണ്ടുവരാനാവില്ല എന്നും തോന്നാത്തവരില്ല എന്നുതന്നെ പറയാം. സംഗീത ലോകത്തുള്ളവരെല്ലാം തന്നെ ഈ പാട്ടിനെയും നാഞ്ചിയമ്മയെയും അനുമോദിക്കുകയും ചെയ്തു.

കഴുത്തോളം വെള്ളത്തിലിറങ്ങി നിന്ന് സാധകം ചെയ്തല്ല നഞ്ചിയമ്മ പാട്ടുപാടിപ്പടിച്ചത് എന്നുള്ളതിന് സംശയം ഇല്ല.മുളങ്കാടുകൾക്കൊപ്പം എത്തുന്ന കാറ്റിനൊപ്പം മൂളീക്കേൾക്കുന്ന പാട്ടുകൾ ആസ്വദിക്കുന്ന സാധാരണക്കാരിലേക്കാണ് ഈ പാട്ട് അലിഞ്ഞുചേർന്നത്! സിനിമാലോകത്തുള്ളവരും പ്രേക്ഷകരുമൊക്കെയായി ആയിരക്കണക്കിന് പേരാണ് നാഞ്ചിയമ്മയെ അഭിനന്ദിച്ചെത്തിയത്. സംഗീതത്തിന് വേണ്ടി ജീവിക്കുന്നവരെ അപമാനിക്കുന്ന തരത്തിലാണ് ഈ പുരസ്‌കാരമെന്നായിരുന്നു എന്ന് വിയോജിപ്പ് വ്യക്തമാക്കിയവരും ഇല്ലാതില്ല.

പ്രായമായ അമ്മച്ചിമാരും ഉമ്മുമ്മമാരും മുത്തശ്ശിമാരും പാട്ടുപാടി കേൾക്കാത്ത,അവരുടെ താരാട്ടുപാട്ടിൽ ഉറങ്ങാത്തവരായി ആരുംതന്നെ ഉണ്ടാവില്ല.അവരാരും പാട്ടും പഠിച്ചിട്ടില്ല,ഈണവും താളവും അളന്നു നോക്കാറും ഇല്ല!പല വീടുകളീൽ നിന്നും,മേടുകളിൽ നിന്നും കാറ്റിനൊപ്പം എത്തിച്ചേരുന്ന ആ നാടൻ പാട്ടുകളും,പള്ളിപ്പാട്ടുകളും ഇന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.ആ ഓർമ്മകളും പാട്ടുകളും നമ്മൾ ഒരോരുത്തരുടെയും ജീവിതത്തിൽ തിരഞ്ഞുപിടിക്കേണ്ട ആവശ്യവും ഉണ്ടാവില്ല,അത് മനസ്സിന്റെ കോണിൽ മായാതെ മറയാതെ എന്നുമുണ്ടാവും,തീർച്ച!ചില സിനിമകളിലെ പാട്ടുകളും,പള്ളിപ്പാട്ടുകളും നമ്മുടെ മനസ്സിൽ അത്തരം ഓർമ്മകൾ ഉണർത്താറുണ്ട്.അത് കേൾക്കുംബോൾ പണ്ട് നമ്മൾ കേട്ട ഈണങ്ങളും,ആരു പാടി, എന്തിനു പാടി എന്നും മനസ്സ്  ഓർമ്മിച്ചെടുക്കും.അത്തരം ഒരു പാട്ടായിരുന്നു നാഞ്ചിയമ്മയുടേത്.


നാഞ്ചിയമ്മയോടോ അവരുടെ പാട്ടിനോടോ ആരും വിരോധം കാണിക്കുകയല്ല മറിച്ച് ആ ഫോക്സോംഗ് വളരെ നന്നായി അവർ പാടി എന്നതിനും ആർക്കും സംശയം ഇല്ല.പലരും ഇവിടെ അതിവായനയാണ് ചെയ്യുന്നത്.ഒരു നാടൻ പാട്ട്,ശ്രുതിശുദ്ധമായിട്ട് താളബദ്ധമായിട്ട് പാവപ്പെട്ട ഒരമ്മ,ഒരു കാപട്യവുമില്ലാതെ പാടി.ഇടയ്ക്ക് ചില പരിപാടികളിൽ നഞ്ചിയമ്മയെ കണ്ടിട്ടുണ്ട്.പിച്ച് ഇട്ട് കൊടുത്താൽ പാടുന്ന സംഗീതം നാഞ്ചിയമ്മക്കറിയില്ല, സത്യം!അതൊരു സിനിമാ‍പ്പാട്ടല്ല,താളലയമായ ഒരു നാടൻ പാട്ടുമാത്രമാണ്.അതിനെ  പ്രഗൽഭരായ സിനിമാപാട്ടുകാരുടെ കൂട്ടത്തിലെണ്ണപ്പടുത്താൻ പാടില്ല എന്നുമാത്രം.അതിനൊപ്പം നഞ്ചിയമ്മയെപ്പോലുള്ളവർ പ്രധിനിധീകരിക്കുന്ന നാടൻ സംഗീതശൈലി പാടുന്നവരെ നമ്മൾ തീർച്ചയായും അംഗീകരിക്കരിക്കണം.

നൂറ്റാണ്ടുകളുടെ മണമുള്ള ഒരു സംഗീതശൈലിയാണ് നാടൻ പാട്ടുകൾ,അതിന്റെ സിനിമാ സംഗീതവുമായി കൂട്ടിക്കലർത്തരുത് എന്നുമാത്രമാണ് ചില സംഗീതവിദക്തർ അഭിപ്രായപ്പെടുന്നത്. സിനിമാഗാ‍നങ്ങൾക്കൊപ്പം ഈ നാടൻ പാട്ടിനെ എണ്ണപ്പെടുത്തുന്നത് അവരോടുതന്നെ ചെയ്യുന്ന ഒരു ബഹുമാനമില്ലായ്മയാണെന്നു മാത്രം.നഞ്ചിയമ്മയുടെ സംഗീതത്തിന് തനതായ നിലനിൽപ്പുണ്ട്.പഴമയുടെ തനിമയിൽ നിന്നും ഉരുത്തിരിഞ്ഞുവന്ന കലാരൂപങ്ങളിൽ ഒന്നാണ് നാടൻപാട്ടുകൾ.ആ പാട്ടുകൾക്ക് അവരുടെതായ സ്വതന്ത്രനിലനിൽപ്പിനെയും അസ്തിത്വത്തെയും നമ്മൾ അംഗീകരിക്കുകയും ചെയ്യുന്നു. അവർ പിന്നെ ഇങ്ങനെയൊരാള്‍ക്കായിരുന്നോ പുരസ്‌കാരം നല്‍കേണ്ടിയിരുന്നത് എന്ന ചോദ്യം ചില മനസ്സുകളിൽ തെളിഞ്ഞുവന്നു എന്നുമാത്രം.കുട്ടിക്കാലം മുതലേ സംഗീതം അഭ്യസിച്ച് ജീവിതം അതിനായുഴിഞ്ഞുവെച്ചിരിക്കുന്നവർ ഇതിന്റെ അപ്രായോഗികവശം ഓർത്തെടുത്തു എന്നു മാത്രം.

നഞ്ചിയമ്മയുടെ പാട്ട് ഹൃദയത്തിൽ നിന്നും വന്നതാണെന്നുള്ളത് നിസ്സംശയം പറയാം.ആ പാട്ട് അവർ പാടിയത് പോലെ പാടാൻ ആര്‍ക്കും കഴിയില്ല,ആ പാട്ടിന്റെ ശക്തി അത്രയ്ക്കുണ്ടായിരുന്നു.പുരസ്കാരം കിട്ടിയതിന് അവരെ അഭിനന്ദിക്കുന്നതിന് പകരം ഇത്തരത്തിലുള്ള വിമര്‍ശനങ്ങൾ എന്തിന് എന്നുള്ള ചോദ്യം പലർക്കും തൊന്നിയിരിക്കാം.തന്റെ പുരസ്‌കാരവുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളും സംസാരങ്ങളും മറ്റും ആ അമ്മ അറിയുന്നു പോലുമുണ്ടാവില്ല.അവാര്‍ഡ് കിട്ടുന്നവരെ മനസ്സറിഞ്ഞ് അഭിനന്ദിക്കുയല്ലേ വേണ്ടത് എന്നു മാത്രമാണ് സിനിമാപ്രേമികൾ പറഞ്ഞത്.

നഞ്ചിയമ്മയുടെ നേട്ടത്തെ ഇത്രമാത്രം അവഹേളിക്കണ്ട കാര്യമല്ല.സംഗീതം ജീവിതമാക്കിയ ആളുകളുടെ ലക്ഷ്യവും ദേശീയപുരസ്‌കാരമല്ല.നഞ്ചിയമ്മയുടെ പാട്ട് ഹൃദയത്തിൽ നിന്നും വന്നതാണ് എന്നുള്ളതിന് സംശയമില്ല.ആ സംഗീതം മലയാളികളായ ഒരോ സംഗീതപ്രേമികളും മനസ്സുകളിലേക്കാണ് ചേക്കേറിയിയത്.