കിസാനും ജവാനും: കവിത; ടോബി തലയല്‍

കിസാനും ജവാനും:  കവിത; ടോബി തലയല്‍

രമ്മ പെറ്റ മക്കളായിരുന്നു
കിസാനും ജവാനും
കിസാന്‍ നെറ്റിയിലെ വിയര്‍പ്പുകൊണ്ട്‌
പാടങ്ങള്‍ നനച്ചു,
ഒരിക്കലും വെച്ചുകെട്ടി ഉണക്കിയിട്ടില്ലാത്ത
മുറിവുകളോടെ നിലമുഴുതു,
വേദനയോടെയാണ്‌ വിതച്ച തെങ്കിലും
ആര്‍പ്പോടെ കൊയ്യാമെന്നു സ്വപ്‌നം കണ്ടു,
ആരും തോര്‍ത്താന്‍ മിനക്കെടാത്ത
കണ്ണീരുകൊണ്ട്‌ നെഞ്ചില്‍
സ്‌നേഹത്തിന്റെ അണകള്‍ കെട്ടി,
ദ്രോഹിച്ചവനും കരുതലിന്റെ
കൈത്തോടായ്‌ ഒഴുകിയെത്തി,
ഉദാരതയുടെ കലവറകള്‍ തുറന്നുകൊടുത്തു,
വിശപ്പാറാതെ മുരണ്ട പട്ടിണിയെ
പടിക്കുപുറത്തു നിര്‍ത്താന്‍
രാവിലും ജാഗ്രതയുടെ വിളക്കുകള്‍
കത്തിച്ചു വെച്ചു.

ജവാനാവട്ടെ,
തണുത്തുറഞ്ഞൊരു പാറയായി
മഞ്ഞുമലകളില്‍ കാവലിരുന്നു
ആശങ്കകള്‍ നിറഞ്ഞ ആകാശത്ത്‌
നക്ഷത്രങ്ങളൊന്നും വഴികാട്ടിയില്ല
അനാഥയായ കാറ്റുമാത്രം ഇടയ്‌ക്കൊക്കെ
താഴ്‌വരയില്‍ തേങ്ങിക്കൊണ്ടിരുന്നു!
അവന്റെ ഹൃദയത്തിലെ
ചൂട്‌ മാത്രം മതിയായിരുന്നു
ഹിമവാനുരുകാന്‍,
ഉറഞ്ഞുപോയ സങ്കടങ്ങള്‍
അലിഞ്ഞാല്‍ മതിയായിരുന്നു
ഗംഗ കരകവിയാന്‍!
എങ്കിലും, വിദ്വേഷത്തിന്റെ സ്‌ഫോടകങ്ങളുമായി
ആതങ്കവാദികള്‍ അതിര്‍ത്തിയില്‍
ഇരുട്ട്‌ തുളയ്‌ക്കുമ്പോള്‍
പീരങ്കിതുപ്പുന്ന തീയാവാനും
അവന്‍ ഒരുക്കമായിരുന്നു!

ഒരു നാള്‍,
ജവാനെ രാജ്യാതിര്‍ത്തിയില്‍ നിന്ന്‌
അക്രമണഭീതിയില്‍ ഇരുണ്ടുപോയ
നഗരത്തിലേക്ക്‌ കൊണ്ടുപോയി,
ടാങ്കുകളുമായി ഭീകരര്‍
പട്ടണം വളഞ്ഞിരുന്നു
ചോളവയലുകള്‍ ഉഴുതുമറിക്കുന്ന ട്രാക്ടറിന്റെ
ചടുലതയായിരുന്നു അവര്‍ക്ക്‌,
കോട്ടപിടിക്കാന്‍ മുഷ്ടിചുരുട്ടി
മിസൈല്‍ തൊടുക്കുകയും
ചൂണ്ടുവിരല്‍ തോക്കാക്കി
നിറയൊഴിക്കുകയും ചെയ്‌തു അവര്‍,
കണ്ണുകളി ലെ കിടങ്ങുകളില്‍ നിന്ന്‌
ഗ്രനേഡുകള്‍ പായുന്നുണ്ടായിരുന്നു
കലപ്പകൊണ്ടെന്നപോലെ മുഖമാകെ
ചാലുകീറി മറച്ചിരുന്നു
തന്ത്രങ്ങള്‍ രഹസ്യമായിരിക്കാന്‍
തല ടര്‍ബനില്‍ ഒളിപ്പിച്ചിരുന്നു
താടിരോമങ്ങള്‍ കനലടങ്ങാത്ത
വൈക്കോല്‍ക്കൂനകള്‍ പോലെ പുകഞ്ഞു
ചിലര്‍ സ്വയം മഞ്ഞില്‍ പൊതി ഞ്ഞ്‌
റോഡില്‍ ബാരിക്കേഡുകള്‍ തീര്‍ത്തു
മറ്റുചിലര്‍ തണുപ്പ്‌ പുതച്ച്‌ ടെന്റുകളില്‍
മൗനത്തിന്റെ മുന കൂര്‍പ്പിച്ചുകൊണ്ടിരുന്നു.

കുരുക്ഷേത്രഭൂമിയില്‍ ജവാന്‍
യുദ്ധ സന്നാഹങ്ങളോടെ
ശത്രുപാളയത്തിലേക്കിരച്ചുകയറി
ബൂട്ടിനടിയില്‍ ഞെരിഞ്ഞ ഒരു നിലവിളി
അമ്മേ... എന്ന്‌ പിടഞ്ഞു
ചതഞ്ഞരഞ്ഞ സഹോദരന്റെ മുഖം
ജവാന്‍ ഞെട്ടലോടെ തിരിച്ചറിഞ്ഞു
കിസാന്‍ ഹൃദയത്തില്‍ സൂക്ഷിച്ചിരുന്ന വിത്തുകള്‍
ചുവന്ന പൂക്കളായി മണ്ണില്‍ ചിതറിക്കിടന്നു.

 

ടോബി തലയല്‍